22 February 2026, Sunday

ഇന്ത്യക്ക് എട്ടിന്റെ പണി; ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ തോല്‍വിയോടെ തുടക്കം

Janayugom Webdesk
അഹമ്മദാബാദ്
February 22, 2026 10:40 pm

2024 ടി20 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് കണക്ക് വീട്ടി ദക്ഷിണാഫ്രിക്ക. ടി20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇന്ത്യക്ക് 76 റണ്‍സ് തോല്‍വി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇ­ന്ത്യ­യെയും അതേ നാണയത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. 26 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ പിഴുതു. ഇഷാന്‍ കിഷന്‍ (പൂജ്യം), തിലക് വര്‍മ്മ (ഒന്ന്) എന്നിവര്‍ അതിവേഗം മടങ്ങി. പിന്നാലെ സൂര്യകുമാര്‍ യാദവ് എത്തി. എന്നാല്‍ ഓപ്പണറായ അഭിഷേക് ശര്‍മ്മ അധികം വൈകാതെ മടങ്ങി. 12 പന്തില്‍ 15 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. വാഷിങ്ടണ്‍ സുന്ദറിന് സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലെത്തിയെങ്കിലും താരത്തിനും കാര്യമായി ഒന്നും ചെയ്യാനായില്ല. 11 പന്തില്‍ 11 റണ്‍സെടുത്ത സുന്ദറിനെ കോര്‍ബിന്‍ ബോഷ് ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ചു. 

റണ്‍സുയര്‍ത്താന്‍ ക്യാപ്റ്റന്‍ സൂ­ര്യ­കുമാറിനും സാധിച്ചില്ല. 22 പ­ന്തില്‍ 18 റണ്‍സുമായി താരം മടങ്ങി. ശിവം ദുബെയും ഹാര്‍ദിക് പാ­ണ്ഡ്യയുമെത്തിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. ഹാര്‍ദിക് (18), റിങ്കു സിങ് (പൂ­ജ്യം) എന്നി­വ­ര്‍ക്ക് തിളങ്ങാ­നാ­യി­ല്ല. ഇതോടെ സെമിഫൈനലിലെത്താന്‍ ഇ­നിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യക്ക് നിര്‍ണായകമായി. ശിവം ദുബെ 37 പന്തില്‍ 42 റ­ണ്‍സെടുത്ത് ടോപ് സ്കോററായി. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സന്‍ നാല് വിക്കറ്റും കേശവ് മഹാരാജ് മൂന്ന് വിക്കറ്റും വീഴ്ത്തി. 35 പന്തിൽ 63 റൺസ് നേടിയ ഡേവിഡ് മില്ലറാണ് പ്രോട്ടീസ്‌പടയുടെ ടോപ് സ്കോറര്‍. ഡെവാൾഡ് ബ്രേവിസ് (29 പന്തിൽ 45 റൺസ്), ട്രിസ്റ്റൺ സ്റ്റബ്സ് (24 പ­ന്തിൽ 44) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ക്വിന്റൺ ഡി കോക്ക് (6), എ­യ്ഡൻ മാർക്രം (4), റ്യാൻ റിക്കിൾട്ടൺ എന്നിവരെ തുടക്കത്തിൽ തന്നെ പുറത്താക്കി ഇന്ത്യൻ പേ­സർമാർ ദക്ഷിണാഫ്രിക്കയെ സമ്മ­ർദത്തിലാക്കിയിരുന്നു. ആദ്യ നാല് ഓവറിൽ 20 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ നാലാം വിക്കറ്റിൽ ഒന്നിച്ച മില്ലർ — ബ്രേവിസ് സഖ്യമാണ് രക്ഷിച്ചത്. ഇരുവരും ചേർന്ന് 97 റൺസാണ് കൂട്ടിച്ചേർത്തത്. അവസാന ഓവറുകളിൽ സ്റ്റബ്സ് നടത്തിയ പോരാട്ടം സ്കോർ 180 കടത്തി. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംറ നാല് ഓവറിൽ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും ശിവം ദുബെ, വരുൺ ചക്രവർത്തി ഓരോ വിക്കറ്റ് വീതവും നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.