20 January 2026, Tuesday

കാവുമ്പായി സമരഭടന്‍ ഇ കെ നാരായണന്‍ നമ്പ്യാരുടേത് പോരാട്ടജീവിതം

web desk
ശ്രീകണ്ഠപുരം
March 8, 2023 11:01 am

1950ഫെബ്രുവരി 11 ന് സേലം ജയിലിൽ നടന്ന കമ്മ്യൂണിസ്റ്റ് വേട്ടയിൽ ഒരച്ഛൻ മരിച്ചുവീണത് വെടിയേറ്റ് വീണ മകന്റെ ശരീരത്തിലേക്കായിരുന്നു. സേ­ലം രക്തസാക്ഷികളിലൊരാളായ അച്ഛൻ തളിയൻ രാമൻ നമ്പ്യാർ. മാരകമായി പരിക്കേറ്റ മകന്റെ പേര് ഇ കെ നാരായണൻ നമ്പ്യാർ. അടുപ്പക്കാരും പാർട്ടി പ്രവർത്തകരും അദ്ദേഹത്തെ ഇ കെ എന്നു വിളിച്ചു. ഇന്നലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഇ കെ, സേലം ജയിലിലെ പൊലീസ് തേർവാഴ്ചയുടെയും കാവുമ്പായി ഉൾപ്പെടെ കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെട്ട പ്ര­ക്ഷോഭങ്ങളുടെയും പങ്കാളിയും സാക്ഷിയുമായ അവസാന കണ്ണികളിൽ ഒരാളായിരുന്നു.

സേലം ജയിലിലെ കമ്മ്യൂണിസ്റ്റുകാരായ തടവുകാരെ പാർപ്പിക്കുന്ന സെല്ലുകൾക്ക് പുറത്ത് അപകടകാരികളായ കമ്മ്യൂണിസ്റ്റുകാർക്കുള്ള സെൽ (സെൽ ഫോർ ഡെയിഞ്ചറസ് കമ്മ്യൂണിസ്റ്റ്) എന്ന ബോർഡ് തൂക്കിയിരുന്നു. അതിലൊന്നിലാണ് ഇ കെയെയും പാർപ്പിച്ചത്. 22 കമ്മ്യൂണിസ്റ്റുകാരാണ് സേലം ജയിലിലെ വെടിവയ്പിൽ രക്തസാക്ഷികളായത്. അതിലൊരാളായി മരിച്ച അച്ഛന്റെ മൃതദേഹം അവസാനമായി കാണുവാൻ പോലും ഇ കെയ്ക്ക് സാധിച്ചില്ല. മാരക പരിക്കേറ്റ് അദ്ദേഹം ജയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജന്മി നാടുവാഴിത്തത്തിന്റെ തിട്ടൂരങ്ങൾക്കും അതിക്രമങ്ങൾക്കും അക്രമ പിരിവുകൾക്കും പട്ടിണി നടമാടുമ്പോഴും നടത്തിയ പൂ­ഴ്‍ത്തിവയ്പിനുമെതിരെ വടക്കൻ കേരളത്തിലെ ഗ്രാമങ്ങൾ കർഷക സംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പതാകകളുമായി തുനിഞ്ഞിറങ്ങിയ കാലത്താണ് കാവുമ്പായിലെ ഇടവൻ കോറോത്ത് കുടുംബത്തിൽ നിന്ന് നാരായണൻ എന്ന ബാലൻ കൗമാരത്തിലേക്ക് കടക്കുന്നത്. അച്ഛൻ രാമൻ നമ്പ്യാർ ആ സമരഭരിത നാളുകൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു അപ്പോൾ. അത് മനസിനെ സ്വാധീനിച്ച നാരായണൻ കൗമാരത്തിലെത്തുമ്പോഴേക്കും കർഷക സംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രവർത്തനങ്ങളിലേയ്ക്കിറങ്ങി. അങ്ങനെ കേരളത്തിലെ കർഷക പ്രസ്ഥാനത്തിന് മുതൽക്കൂട്ടായൊരു പ്രവർത്തകൻ പിറവിയെടുത്തു. പിന്നീടുള്ളതെല്ലാം ചരിത്രത്തിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ, കാവുമ്പായി കർഷക പ്രക്ഷോഭം, ഇരിക്കൂർ ഫർക്കയിലെങ്ങും പടർന്നു പന്തലിച്ച കർഷക സംഘത്തിന്റെ പ്രവർത്തനങ്ങൾ, കമ്മ്യൂണിസ്റ്റ് വേരോട്ടം, സേലം ജയിൽ വെടിവയ്പ് അങ്ങനെ എല്ലാത്തിലും നാരായണൻ നമ്പ്യാരുടെയും പേരുണ്ടായിരുന്നു.

കടുത്ത മർദനങ്ങളും ജയിലിലെ പീഡനങ്ങളും വെടിവയ്പിനിടെ കാലിൽ തറച്ച വെടിയുണ്ടകളും തളർത്താത്ത സമരവീര്യവുമായി തീർത്തും അനാരോഗ്യവാനാകുന്നതുവരെ ഇ കെ സിപിഐ രാഷ്ട്രീയത്തിന്റെ കൂടെ നടന്നു. സിപിഐ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി, ഇരിക്കൂർ മണ്ഡലം കമ്മിറ്റി അംഗം, കിസാൻസഭ ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.

ഇന്ന് കാവുമ്പായിലെ വീട്ടുവളപ്പില്‍ അദ്ദേഹത്തോടൊപ്പം, നീണ്ട 73 വർഷം സേലം ജയിൽ വെടിവയ്പിൽ തുളച്ച് കയറി ശരീരത്തിൽ നിലനിന്ന 22 വെടിയുണ്ട ചീളുകളും അഗ്നി നാളങ്ങൾ ഏറ്റുവാങ്ങും. സേലം ജയിലില്‍ വെടിയേറ്റ് ഗുരുതര പരിക്കേറ്റ നാരായണൻ നമ്പ്യാര്‍ 22 വെടിയുണ്ട ചീളുകൾ ശരീരത്തില്‍ പേറിയാണ് പിന്നീടുള്ള ജീവിതം മുന്നോട്ടുനയിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 25-ാം വാർഷികത്തില്‍, 1972ൽ താമ്രപത്രം നൽകി ഇ കെയെ ആദരിച്ചിട്ടുണ്ട്.

കാവുമ്പായി സമരപോരാളി ഇ കെ നാരായണൻ നമ്പ്യാരെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ വസതിയിൽ 2018 ജൂണ്‍ 24ന് സംഘടിപ്പിച്ച ചടങ്ങ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 

Eng­lish Sam­mury: Kaum­bayi protest leader EK Narayanan Nam­biar mem­o­ry sto­ry by Janayu­gom Sreekan­da­pu­ram reporter

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.