
ഭൂമിയുടെ കാലാവസ്ഥയെ തകിടം മറിക്കുന്ന എല്‍ നിനോ പ്രതിഭാസത്തിന് ഈ വര്‍ഷം തുടക്കമാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. 1997–98 കാലഘട്ടത്തിലായിരുന്നു എല്‍ നിനോ ലോകത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. അതിനേക്കാള്‍ വിനാശകരമായിരിക്കും വരാനിരിക്കുന്ന നാളുകളെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. എല്‍ നിനോ മൂലം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മണ്‍സൂണ്‍ പകുതിയാവുകയും ഏറ്റവുമധികം മഴ ലഭിക്കുന്ന കാലയളവില്‍ പോലും വരള്‍ച്ച രൂക്ഷമാകുകയും ചെയ്യും. രാജ്യത്തെ 700ല്‍പ്പരം ഗ്രാമങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഓരോ ആഴ്ചയിലും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു. ഊര്‍ജ ഉല്പാദനത്തിനും ജലസേചനത്തിനും കുടിവെള്ളത്തിനും ഇന്ത്യ ആശ്രയിക്കുന്നത് 91 വന്‍കിട ജലാശയങ്ങളെയാണ് എന്നതുകൊണ്ട് മുന്നൊരുക്കങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക മേഖലയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഇതിന്റെ ആഘാതത്തില്‍ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങളാണ് കേന്ദ്ര കൃഷിവകുപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംയുക്തമായി രൂപം നല്കിയത്.
എല്‍ നിനോക്ക് തുടക്കമാകുമെങ്കിലും ഇന്ത്യയില്‍ ഇക്കുറി സാധാരണഗതിയില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. ഈ വര്‍ഷം മഴയുടെ അളവ് 96 ശതമാനമായിരിക്കും. 50 വര്‍ഷത്തെ മഴയുടെ ശരാശരിയാണിത്. എന്നാല്‍ 96നും 104 ശതമാനത്തിനുമിടയില്‍ മഴ ലഭിച്ചാലേ സാമാന്യം നല്ല മഴയെന്ന് വിവക്ഷിക്കാനാകൂ. ഇതില്‍ ഒരു ശതമാനം കുറവ് വന്നാല്‍ തന്നെ പതിവിലും കുറവ് മണ്‍സൂണ്‍ എന്ന തലത്തിലേക്ക് താഴുമെന്ന് കണക്കുകൂട്ടുന്നു.
ഏപ്രിലില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ എല്‍ നിനോ സാധ്യത 50 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രതിഭാസത്തിന് തുടക്കമാകുമെന്നും ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തോടെ സാധ്യത 80 ശതമാനമാകുമെന്നുമാണ് മുന്നറിയിപ്പ്.
2000ത്തിനും 2020നും മധ്യേ ഇന്ത്യ ഏഴ് എല്‍ നിനോ കാലാവസ്ഥാ മാറ്റത്തെ നേരിട്ടിരുന്നു. ഇതിന്റെ ഫലമായി 2003, 2005, 2009-10, 2015–16 എന്നീ വര്‍ഷങ്ങളില്‍ രാജ്യം കടുത്ത വരള്‍ച്ചയുടെ പിടിയിലായി. ഖാരിഫ് വിളവെടുപ്പ് ഈ വര്‍ഷങ്ങളില്‍ ഗണ്യമായി കുറഞ്ഞു. രാജ്യത്തിന്റെ വാര്‍ഷിക ഭക്ഷ്യ ഉല്പാദനത്തിന്റെ പകുതിയും ഖാരിഫ് സീസണിലാണ്. ഭൂമിയുടെ താപനിലയിലുണ്ടാകുന്ന വര്‍ധനവാണ് എല്‍ നിനോയ്ക്ക് കാരണമാകുന്നത്. 1997ലേതായിരുന്നു ഏറ്റവും ശക്തം. അതിന്റെ ഫലമായി അമേരിക്കന്‍ ഭൂഖണ്ഡത്തെയാകെ വെള്ളപ്പൊക്കം വിഴുങ്ങി. ആസ്ട്രിയ വരണ്ടുണങ്ങി. തെക്കുകിഴക്കന്‍ ഏഷ്യയും ബ്രസീലും കാട്ടുതീയുടെ വന്യത അനുഭവിച്ചു. മെക്സിക്കന്‍ നഗരങ്ങള്‍ നൂറ് വര്‍ഷത്തിനിടയില്‍ ആദ്യമായി മഞ്ഞുമൂടിക്കിടന്നു. എന്നാല്‍ ഇന്ത്യയില്‍ കാലവര്‍ഷം പൊതുവേ സാധാരണഗതിയിലായിരുന്നു. ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ എന്ന പ്രതിഭാസമാണ് അന്ന് ഇന്ത്യക്ക് രക്ഷയായത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ രണ്ട് ധ്രുവങ്ങള്‍ക്കിടയിലെ സമുദ്രാന്തര്‍ഭാഗത്തെ താപനില വ്യത്യസ്തമാകുന്നതാണിത്. ഇക്കുറിയും ‘ഡൈപോള്‍’ പ്രതിഭാസം ഇന്ത്യക്ക് അനുകൂലമായേക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ വിലയിരുത്തുന്നു.
English Summary;El Nino will arrive soon
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.