22 January 2026, Thursday

കർക്കിടക വാവുബലിക്ക് വിപുലമായ ക്രമീകരണങ്ങള്‍; ഭക്തരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല: മന്ത്രി വി എന്‍ വാസവന്‍

*ബലിതർപ്പണത്തിന് 70 രൂപയും തിലഹോമത്തിന് 50 രൂപയും ഫീസ് നിശ്ചയിച്ചു
*അപകടസാധ്യതയുള്ള കടവുകളില്‍ സുരക്ഷാസേനാംഗങ്ങളെ നിയോഗിക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
July 17, 2024 7:01 pm

ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണത്തിന് ദേവസ്വം ബോർഡ് കൂടുതൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം മന്ത്രി വി എൻ വാസവൻ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ള ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി അവലോകനയോഗങ്ങളും ചേര്‍ന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വർക്കല, തിരുമുല്ലവാരം, ആലുവ എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് ബലിതർപ്പണം നടക്കുന്നത്. ഈ പ്രധാന കേന്ദ്രങ്ങളുൾപ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളിലും ഭക്തർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും പുരോഹിതന്മാരെ നിയോഗിക്കുന്നതും തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇതിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് എടുത്തുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 

ശംഖുമുഖത്ത് ബലിതർപ്പണം നടത്തുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. ബലിതർപ്പണത്തിനായി 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്ന ഫീസ്. ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താല്‍ക്കാലിക പന്തൽ നിർമ്മിക്കുക, ബാരിക്കേഡുകൾ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തർപ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നും ചെയ്യുന്നത്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോർഡ് തലത്തിൽ ഒരോ സ്ഥലത്തും സ്പെഷ്യൽ ഓഫിസർമാരെ നിയമിക്കും. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എല്ലാ പ്രധാനകേന്ദ്രങ്ങളിലും സർക്കാർ വകുപ്പുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ യോഗങ്ങൾ ചേരുന്നതിനും തീരുമാനിച്ചു. 

കർക്കിടകവാവുമായി ബന്ധപ്പെട്ട് ശംഖുമുഖത്ത് കൂടുതൽ ലൈഫ് ഗാർഡിനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയർ ഫോഴ്സിന്റെയും സ്കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തും. ബലിതർപ്പണ ചടങ്ങുകൾ നടത്തുന്ന ക്ഷേത്രത്തിനകത്തും മണ്ഡപങ്ങളിലും കടവിലും ആവശ്യാനുസരണം പുരോഹിതരെയും സഹപുരോഹിതരേയും ബോർഡ് നിയമിക്കും. ബലിക്ക് ആവശ്യമായ സാധനങ്ങൾ അതത് ദേവസ്വങ്ങളിൽ ലഭ്യമാക്കുന്നതിനും വിതരണം നടത്തുന്നതിനും ക്ലീനിങ്ങിനും മറ്റുമായി ജീവനക്കാരെ നിയോഗിക്കുവാനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Elab­o­rate arrange­ments for Karki­da­ka Vau­vubali; Exploita­tion of devo­tees will not be allowed: Min­is­ter VN Vasavan
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.