25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

നഗരവീഥികളിൽ സ്നേഹപ്പൂക്കൾ.….

കെ കെ ജയേഷ്
കോഴിക്കോട്
April 7, 2024 6:02 pm

കനത്ത വേനൽച്ചൂടിലും സ്നേഹപ്പൂക്കളുമായി പുതിയപാലത്തെ സ്വീകരണ കേന്ദ്രത്തിൽ അവർ കാത്തു നിന്നു. കേന്ദ്ര സർക്കാറിന്റെ വർഗീയ ഫാസിസ്റ്റ് നിലപാടുകളും യുഡിഎഫിന്റെ ജനവഞ്ചനയും തുറന്നുകാട്ടി പ്രാസംഗികൻ കത്തിക്കയറുന്നു. ലോക് സഭയിലേക്ക് ഇടത് സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതിന്റെ പ്രധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള പ്രസംഗം. ഒരു പഞ്ചായത്ത് മെമ്പർ ചെയ്യേണ്ട കാര്യം പോലും ചെയ്യാത്ത സിറ്റിംഗ് എം പിയെ തുറന്നുകാട്ടുമ്പോൾ നിറഞ്ഞ കൈയ്യടി. പുതിയപാലം കല്ലുത്താൻ കടവിലെ സ്വീകരണ കേന്ദ്രത്തിലേക്ക് സ്ഥാനാർത്ഥി എളമരം കരീം വന്നിറങ്ങുമ്പോൾ അഭിവാദ്യം വിളികൾ ഉയർന്നു. തുടർന്ന് മാലയിട്ടും രക്തഹാരം അണിയിച്ചും സ്വീകരണം. നാസിക് ഡോളിന്റെ അകമ്പടിയിൽ സ്വീകരണ കേന്ദ്രത്തിലേക്ക് നടക്കുമ്പോൾ കൈവീശി അഭിവാദ്യം ചെയ്തവരെ പ്രത്യഭിവാദ്യം ചെയ്ത് എളമരം കരീം വേദിയിലേക്ക്. 

‘വർഷങ്ങളായി ഇവിടെ ജയിച്ചുപോയ എം പി തന്റെ കടമ നിർവഹിച്ചോ’ എന്ന് എളമരം കരീമിന്റെ ചോദ്യം. ‘കേരളത്തിന് അനുവദിക്കുമെന്ന് പറഞ്ഞ എയിംസ് എവിടെ. . എയിംസ് ലഭിക്കാനായി നിലവിലെ എം പി എന്തു ചെയ്തു’ എന്നും ചോദ്യമുയർന്നു. ‘കേരളത്തിന്റെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനും നടപടിയുണ്ടായില്ലെങ്കിൽ അതിന് വേണ്ടി ശബ്ദമുയർത്താനും ഞാൻ മുന്നിലുണ്ടാവും. ഒരു സമ്മർദ്ദത്തിനും പാരിതോഷികത്തിനും വഴങ്ങി നിങ്ങൾ അർപ്പിച്ച വിശ്വാസം കളഞ്ഞു കുളിക്കില്ല’ ‑വോട്ടർമാർക്ക് എളമരം കരീമിന്റെ ഉറപ്പ്.
ബിജെപിയിലേക്ക് കാലു മാറാൻ ഞാൻ കോൺഗ്രസല്ലെന്ന് എളമരം പറഞ്ഞപ്പോൾ നിറഞ്ഞ കൈയ്യടി. കല്ലുത്താൻ കടവ് കോളനി നിവാസികൾക്കായി കോർപറേഷൻ നിർമ്മിച്ച് നൽകിയ ഫ്ലാറ്റിനടുത്തായിരുന്നു സ്വീകരണ കേന്ദ്രം. മാലിന്യ കൂമ്പാരങ്ങൾക്കിടയിലെ ദുരിത ജീവിതത്തിൽ നിന്ന് മനോഹര ഫ്ലാറ്റിലേക്ക് ജീവിതം വഴിമാറിയതിന്റെ സന്തോഷവുമായി ഫ്ലാറ്റ് നിവാസികൾ സ്വീകരണ കേന്ദ്രത്തിൽ സ്ഥാനാർത്ഥിക്ക് അഭിവാദ്യങ്ങൾ നേർന്നു.
കോഴിക്കോട് ലോക്‌സഭാ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എളമരം കരീമിന്റെ രണ്ടാംഘട്ട പര്യടനം ഇന്നലെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലായിരുന്നു. രാവിലെ തിരുവണ്ണൂരിലെ പാലാട്ട് നഗറിൽ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. കല്ലായിലെ ഡട്ട് സോമിൽ പരിസരത്ത് ഒരുക്കിയ സ്വീകരണം ജനപങ്കാളിത്തത്താൽ ഗംഭീരമായി. പന്നിയങ്കര മേലേരി പാടം വഴി നീളെ കാത്തു നിന്നത് വീട്ടമ്മമാരും കുട്ടികളും. സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിയപ്പോൾ വീടുകളിൽ നിന്ന് കൈവീശി ഓരോ കുടുംബവും പിന്തുണ അറിയിച്ചു. ജനാധിപത്യത്തോട് ബഹുമാനമില്ലാത്ത മോഡിയെ തുറന്നു കാണിച്ചും പാചക വാതക വില ഉൾപ്പെടെ വർധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം വ്യക്തമാക്കിയും ചുരുക്കം വാക്കുകളിലുള്ള പ്രസംഗം. മടങ്ങുമ്പോൾ സെൽഫിയെടുക്കാനായി നിരവധി പേർ തടിച്ചു കൂടി. പ്രദേശത്തെ കിടപ്പു രോഗികളെ ഉൾപ്പെടെ സന്ദർശിച്ച് മടക്കം. 

പയ്യാനക്കൽ മേഖലയിലെ പൊന്നങ്ങാടത്തെ സ്വീകരണ കേന്ദ്രത്തിൽ കുട്ടികളായിരുന്നു താരങ്ങൾ. കൊന്നപ്പൂക്കൾ നൽകി സ്ഥാനാർത്ഥിയെ വരവേറ്റു. കപ്പക്കലിൽ മുതിർന്ന പാർട്ടി പ്രവർത്തകൻ എ വി അബ്ദുള്ളക്കോയ ചുവപ്പ് ഷാൾ അണിയിച്ചു. പെരുന്നാളിനെ വരവേൽക്കാനുള്ള ഓട്ടത്തിലായിരുന്നു ഈ പ്രദേശങ്ങളെല്ലാം. ഇതിനിടയിലും പ്രിയ സ്ഥാനാർത്ഥിക്ക് ഊഷ്മളമായ വരവേൽപ്പ് തന്നെ അവർ നൽകി. ചക്കുംകടവ് കെ എൻ റോഡിൽ വേലായുധൻ സി, കെ ടി ഫൗസിയ എന്നിവർ ചേർന്ന് കണിക്കൊന്ന നൽകി വരവേറ്റു. കടലോരത്തിന്റെ കരുത്ത് തുറന്നുകാട്ടുന്നതായിരുന്നു കുറ്റിച്ചിറ സൗത്ത് ബീച്ചിലെയും മുഖദാർ കുത്ത് കല്ലിലെയും സ്വീകരണം. ചരിത്രമുറങ്ങുന്ന കുറ്റിച്ചിറ പ്രദേശം ഇന്ന് നഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് സർക്കാർ കുറ്റിച്ചിറ പൈതൃക പദ്ധതി പൂർത്തിയാക്കിയത്. കുറ്റിച്ചിറ കുളവും നടപ്പാതയുമെല്ലാം നവീകരിച്ച് പാർക്കും അലങ്കാരവിളക്കുകളുമെല്ലാം ഒരുക്കി നഗരത്തിന് അഴകേകുന്നു. സ്വീകരണ കേന്ദ്രത്തിലെത്തിയവർ ഹാരാർപ്പണം നടത്തി. കുത്തുകല്ലിൽ രാഷ്ട്രീയം സംസാരിക്കുന്നവർക്കിടയിലേക്കാണ് സ്ഥാനാർത്ഥി വന്നിറങ്ങിയത്. എഴുപത് വയസ് കഴിഞ്ഞ റഷീദും ഹംസയും ഉൾപ്പെടുന്ന സംഘത്തിന് രാഷ്ട്രീയം പറച്ചിൽ വെറും സമയം കൊല്ലിയായിരുന്നില്ല. രാജ്യമെത്തിപ്പെട്ട അവസ്ഥയും ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും ആഴത്തിൽ മനസിലാക്കിയായിരുന്നു അവരുടെ സംസാരം. സ്ഥാനാർത്ഥിക്ക് മുമ്പിലും അവർ വർത്തമാനകാല രാഷ്ട്രീയത്തിന്റെ ആഴങ്ങൾ തുറന്നു കാട്ടി. 

കടപ്പുറം ചുട്ടുപൊള്ളുകയായിരുന്നു. കാറ്റാടിത്തണലിൽ കുറച്ചുപേർ തിര നോക്കിയിരിക്കുന്നു. തിരക്കിട്ട് പുതിയപാലത്തെ കേന്ദ്രത്തിലേക്ക്. ഇവിടെ നിന്നും ചാലപ്പുറത്തെത്തിയപ്പോൾ ചൂട് അസഹ്യമായി. വീടുകൾക്കിടയിലുള്ള ചെറുവഴിയിലെ വേദിയിൽ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വ്യക്തമാക്കിയും പ്രവർത്തകർക്കൊപ്പം സെൽഫിയെടുത്തും കഴിഞ്ഞപ്പോൾ ഉച്ചഭക്ഷണത്തിനുള്ള സമയമായി. വൈകീട്ട് വലിയങ്ങാടി മേഖലയിലെ മുതലക്കുളത്ത് തൊഴിലാളി വർഗത്തിന്റെ പ്രിയ നേതാവിന് തൊഴിലാളികളുൾപ്പെടെയുള്ളവരുടെ ഊഷ്മള സ്വീകരണം. തുടർന്ന് പറയഞ്ചേരി മേഖലയിലെ പുതിയറയിലെയും ആഴ്ചവട്ടത്തെ ചട്ടിപ്പുരക്കണ്ടിയിലെയും സ്വീകരണം ഏറ്റുവാങ്ങി മാവൂർ റോഡിലെ കോട്ടൂളി ബസാറിലെത്തിയപ്പോൾ നഗരം ഞായറാഴ്ചയുടെ തിരക്കിൽ അമർന്നിരുന്നു. വാഹനത്തിൽ സഞ്ചരിച്ചവർ കൈവീശി സ്ഥാനാർത്ഥിക്ക് അഭിവാദ്യം നേർന്നു. പൊറ്റമ്മൽ, നെല്ലിക്കോട്, കോവൂർ, കൊമ്മേരി, വളയനാട് തുടങ്ങി നഗരഹൃദയങ്ങളിലൂടെയുള്ള പര്യടനം. രാത്രി കിണാശ്ശേരിയിൽ പര്യടനം അവസാനിക്കുമ്പോളും കേന്ദ്രത്തിൽ വിജയാശംസ നേർന്ന് ആളുകളുടെ വലിയ തിരക്കുണ്ടായിരുന്നു. 

അഹമ്മദ് ദേവർ കോവിൽ എം എൽഎ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, എൽഡിഎഫ് നേതാക്കളായ പി കെ നാസർ, കാനങ്ങോട്ട് ഹരിദാസൻ, മേലടി നാരായണൻ, പി പ്രേംകുമാർ, പി അസീസ് ബാബു, അബ്ദുൾ മനാഫ്, പി എം ഗോപിനാഥ്, പി മുഹമ്മദ് ഇഖ്ബാൽ, ടി ടി മജീദ്, പി എം ആതിര, അജയലാൽ, അഭിലാഷ് ശങ്കർ, വി വി സൗദാമിനി തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.