4 November 2024, Monday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് ബോണ്ട് : 45 കമ്പനികളുടെ ധനസ്രോതസ് സംശയാസ്പദം

പ്രത്യേക ലേഖകന്‍
April 5, 2024 4:30 am

ന്ത്യയുടെ പ്രമുഖ ദേശീയ ദിനപ്പത്രങ്ങളിൽ ഒന്നായ ‘ദ ഹിന്ദു’ ഒരുസംഘം സ്വതന്ത്ര ഗവേഷകരുമായിച്ചേർന്ന് നടത്തിയ തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച വസ്തുതകളുടെ വിശകലനം 1,432.4 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിക്കൂട്ടിയ 45 കമ്പനികളുടെ ധനസ്രോതസ് സംശയാസ്പദമാണെന്ന് വ്യക്തമാക്കുന്നു. 2019 ഏപ്രിൽ 19 മുതൽ 2024 ജനുവരി 24 വരെ വാങ്ങിയ ബോണ്ടുകളുടെയും അത് പണമാക്കി മാറ്റിയ പാർട്ടികളെയും സംബന്ധിച്ച വിവരങ്ങളാണ് വിശകലനവിധേയമാക്കിയത്. ഇതിൽ പണമാക്കിമാറ്റിയ 1,068.4 കോടി രൂപ, അതായത് മൊത്തം തുകയുടെ 75 ശതമാനവും ചെന്നെത്തിയത് ബിജെപിയുടെ പണപ്പെട്ടിയിലാണ്.
വിശകലനവിധേയമായ 45 കമ്പനികളിൽ 33 എണ്ണവും നഷ്ടത്തിൽ പ്രവർത്തിക്കുന്നവയോ യാതൊരു ലാഭവും ഉണ്ടാക്കാത്തവയോ ആണ്. ആറ് കമ്പനികൾ അവരുടെ പ്രഖ്യാപിത അറ്റലാഭത്തെക്കാൾ വളരെ ഉയർന്ന തുകയ്ക്കുള്ള ബോണ്ടുകളാണ് വാങ്ങിക്കൂട്ടിയത്. മൂന്നെണ്ണം ലാഭം കാണിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷ നികുതിയടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതായി കണക്കുകൾ പറയുന്നു. മറ്റ് മൂന്നുകമ്പനികൾ ലാഭമുണ്ടാക്കിയതായോ പ്രത്യക്ഷനികുതി അടച്ചതായോ വിവരങ്ങൾ യാതൊന്നും ലഭ്യമല്ല. ഈ വസ്തുതകൾ 2016–17 മുതൽ 2022–23 വരെയുള്ള സാമ്പത്തിക വർഷങ്ങൾക്ക് ബാധകമാണ്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ബോണ്ട്: വസ്തുതകള്‍ തമസ്കരിക്കുന്നു


ഇന്ത്യൻ സമ്പദ്ഘടനയുടെ കരുത്ത് സംബന്ധിച്ച സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ (സിഎംഐഇ) ഐക്യു ഡാറ്റാ ശേഖരത്തിലെ കോർപറേറ്റ്, നികുതി വസ്തുതകളുമായി വിശകലനവിധേയമായ 385 കമ്പനികളിൽ 221 എണ്ണം മാത്രമാണ് പൊരുത്തപ്പെടുന്നത്. ബാക്കിവരുന്ന 164 കമ്പനികളുടെ ലാഭം, പ്രത്യക്ഷനികുതി ഡാറ്റകളുമായി അവർ വാങ്ങിക്കൂട്ടിയ ബോണ്ടുകൾ സംബന്ധിച്ച ഡാറ്റകൾ പൊരുത്തപ്പെടുന്നില്ലെന്നത് നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്.
സംയുക്ത വിശകലനത്തിന് വിധേയമായതും തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങിയ സംശയാസ്പദ പശ്ചാത്തലവുമുള്ള 45 കമ്പനികളെ പഠനാവശ്യത്തിനായി എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചിരുന്നു. അവയിൽ 33 കമ്പനികൾ മൊത്തം 576.2 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയിരുന്നു. അതിൽ 434.2 കോടി രൂപ, ഏതാണ്ട് 75 ശതമാനം, ബിജെപിയാണ് പണമാക്കി മാറ്റിയത്. ഈ കമ്പനികൾ കഴിഞ്ഞ ഏഴുവർഷത്തിലെറെയായി നഷ്ടത്തിൽ പ്രവർത്തിക്കുന്നവയോ നികുതി ബാധ്യതകൾ കിഴിച്ചാൽ നാമമാത്ര ലാഭത്തിൽ പ്രവർത്തിക്കുന്നവയോ ആയിരുന്നു. ഇവയുടെ മൊത്തനഷ്ടം ഒരുലക്ഷം കോടി രൂപയിലേറെ വരും. അവയിൽത്തന്നെ എ വിഭാഗത്തിൽപെടുന്ന 16 കമ്പനികൾ പ്രത്യക്ഷനികുതികൾ ഒന്നുംതന്നെ അടച്ചിട്ടില്ല. നഷ്ടത്തിൽ നടക്കുന്ന ഈ കമ്പനികൾ ഇത്രയും ഭീമമായ തുക ബോണ്ടിനത്തിൽ സംഭാവനയായി നല്‍കിയെന്നുപറയുന്നത്, ഒന്നുകിൽ അവർ മറ്റാരുടെയെങ്കിലും ബിനാമിയായി പ്രവർത്തിക്കുകയായിരുന്നുവെന്നോ അല്ലെങ്കിൽ ലാഭനഷ്ടങ്ങളെപ്പറ്റിയുള്ള അവരുടെ കണക്കുകൾ വ്യാജമാണെന്നോ കരുതേണ്ടിവരും. ഇവിടെ നടന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്ന സംശയം ശക്തമാണ്.
ബി വിഭാഗത്തിൽപെടുന്ന ആറ് കമ്പനികൾ മൊത്തം 646 കോടി രൂപയാണ് ബോണ്ടായി സംഭാവന നൽകിയത്. അതിൽ 93 ശതമാനവും, അതായത് 601 കോടി രൂപ, പണമാക്കി മാറ്റിയെടുത്തത് ബിജെപിയാണ്. 2016–17 മുതൽ 2021–22 വരെ അവർ വ്യക്തമായ അറ്റാദായം രേഖപ്പെടുത്തിയിട്ടുള്ള കമ്പനികളാണ്. എന്നാൽ അവർ നൽകിയ സംഭാവനയാകട്ടെ ലാഭത്തെക്കാൾ ഗണ്യമായി ഉയർന്ന തുകയാണ്. ഇവരും മറ്റാർക്കോ വേണ്ടി പ്രവർത്തിക്കുകയോ, അതല്ലെങ്കിൽ തങ്ങളുടെ ലാഭനഷ്ടക്കണക്കിൽ കൃത്രിമം കാണിക്കുകയോ ആണ് ചെയ്തിട്ടുള്ളത്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ബോണ്ട്: കോടതിവിധി നീതിയുക്തം


മൂന്ന് കമ്പനികൾ നൽകിയ മൊത്തം 193.8 കോടി രൂപയിൽ 28.3 കോടി രൂപ (ഏതാണ്ട് 15 ശതമാനം) ബിജെപിയും, 91.6 കോടി (47 ശതമാനം) കോൺഗ്രസും, 45.9 കോടി തൃണമൂലും, 10 കോടി വീതം (അഞ്ച് ശതമാനത്തോളം) ബിആർഎസും ബിജെഡിയും ഏഴ് കോടി (3.6 ശതമാനം) എഎപിയും കൈപ്പറ്റി. സി വിഭാഗത്തിൽപ്പെടുന്ന ഈ കമ്പനികൾ ലാഭത്തിൽ പ്രവർത്തിക്കുന്നവയെങ്കിലും ഏഴുവർഷക്കാലത്തെ റിപ്പോർട്ട് കാലയളവിൽ പ്രത്യക്ഷനികുതി വെട്ടിപ്പ് നടത്തിയതായാണ് കരുതപ്പെടുന്നത്.
ഡി വിഭാഗത്തിൽപ്പെടുന്ന മറ്റ് മൂന്ന് കമ്പനികൾ 16.4 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങുകയും അതിൽ 4.9 കോടി, ഉദ്ദേശം 30 ശതമാനം ബിജെപി കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. 58 ശതമാനം കോൺഗ്രസും 6.1 ശതമാനം വീതം അകാലിദൾ, ജെഡി (യു) പാർട്ടികൾ പണമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് കാലയളവിൽ ഈ കമ്പനികളുടെ അറ്റാദായം, പ്രത്യക്ഷനികുതി തുടങ്ങിയവ സംബന്ധിച്ച ഡാറ്റകൾ ലഭ്യമല്ല. ഈ കമ്പനികൾ കള്ളപ്പണം വെളുപ്പിക്കലിൽ ഏർപ്പെട്ടിട്ടുള്ളവയായിരിക്കാമെന്ന് സംശയിക്കപ്പെടുന്നു.
തെരഞ്ഞെടുപ്പ് ബോണ്ടുകളെപ്പറ്റി റിസർവ് ബാങ്കും ധനമന്ത്രാലയവും തമ്മിൽ നടന്ന ആഭ്യന്തര എഴുത്തുകുത്തുകളിൽ കേന്ദ്രബാങ്ക് തുടക്കത്തിലേ ഉന്നയിച്ച സംശയങ്ങളെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ. ‘തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങുന്ന ആൾതന്നെ ആയിരിക്കണമെന്നില്ല പദ്ധതി വിഭാവനം ചെയ്യുന്നതുപോലെ യഥാർത്ഥത്തിൽ രാഷ്ട്രീയപാർട്ടിക്ക് സംഭാവന നൽകുന്നത്. ബോണ്ടുകൾ ‘ബേറർ’ ബോണ്ടുകൾ ആണെന്നിരിക്കെ ആരാണ് അത് വാങ്ങിയതെന്നും, ആരാണ് നല്‍കിയതെന്നുമുള്ള വസ്തുത അജ്ഞാതമായിരിക്കും. കെവൈസി (ഇടപാടുകാരനെ തിരിച്ചറിയാനുള്ള സംവിധാനം) അനുസരിച്ച് ഇടപാടിലെ ഇടനിലക്കാരനെ അഥവാ സ്ഥാപനത്തെ തിരിച്ചറിയാനാവില്ല. അക്കാരണത്താൽത്തന്നെ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തെ പദ്ധതി പ്രതികൂലമായി ബാധിക്കു‘മെന്ന് 2017 ജനുവരി 30ന് ആർബിഐ ചീഫ് ജനറൽ മാനേജർ ധനമന്ത്രാലയ ഉദ്യോഗസ്ഥർക്കയച്ച കത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ബോണ്ട്: വൈകുന്ന നീതി


അന്നത്തെ കേന്ദ്ര റവന്യു സെക്രട്ടറി ഹസ‌്മുഖ് അധിയ, ‘സംഭാവന നൽകുന്ന ആളുടെ സ്വത്വം രഹസ്യമായി സൂക്ഷിക്കുന്ന, മുൻകൂർ പണമടച്ച് വാങ്ങുന്ന സംഭാവനയുടെ പ്രവർത്തന പ്രക്രിയ ആർബിഐക്ക് മനസിലായിട്ടില്ല. നികുതിയടച്ചയാളുടെ പണത്തിൽ നിന്നുമാത്രമേ സംഭാവന നല്‍കാനാവൂ’, എന്ന മറുപടിയാണ് നല്‍കിയത്. എന്നിട്ടും മന്ത്രാലയം മുന്നോട്ടുപോകുകയും 2018 ജനുവരിയിൽ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി നടപ്പാക്കുകയുമായിരുന്നു. അത് 2024 ജനുവരിയിൽ പദ്ധതി ഭരണഘടനാവിരുദ്ധം എന്ന് പ്രഖ്യാപിക്കുംവരെ തുടർന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങി നൽകിയ 45 കമ്പനികളുടെ ഇപ്പോൾ പുറത്തുവന്ന ഡാറ്റ ആർബിഐയുടെ കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് തുടങ്ങിയ മുന്നറിയിപ്പുകളെ സാധൂകരിക്കുന്നു.
കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയാണ് രാഷ്ട്രചരിത്രത്തിലെ സകല ‘അഴിമതികളുടെയും അമ്മ’ എന്ന് വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ ഏറ്റവും വലിയ ഗുണഭോക്താവ്. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും ഇതര ബൂർഷ്വാ പാർട്ടികളും, ഏറ്റക്കുറച്ചിലോടെയെങ്കിലും, ആ അഴിമതിയുടെ പങ്കുപറ്റി കളങ്കിതരായി. കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷപാർട്ടികൾ മാത്രമാണ് അതിന് അപവാദം. തുടക്കത്തിൽത്തന്നെ ഈ അഴിമതിക്കു കൂട്ടുനിൽക്കില്ലെന്ന തത്വാധിഷ്ഠിത നിലപാടാണ് അവർ സ്വീകരിച്ചത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നിശ്ചയദാർഢ്യത്തോടെ, നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണംവഴി മാത്രമേ ജനാധിപത്യത്തിനും ജനങ്ങൾക്കും നേരെ നടന്ന ഈ കൊടിയ വഞ്ചനയുടെയും അഴിമതിയുടെയും പൂർണചിത്രം പുറത്തുവരൂ. അതുവഴി മാത്രമേ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും രാഷ്ട്രജീവിതത്തെ ശുദ്ധീകരിക്കാനും നവീകരിക്കാനുമാവു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.