തിയേറ്ററുകളിൽ ജനശ്രദ്ധ നേടി മുന്നേറുന്ന സിനിമകളുടെ പോസ്റ്ററുകൾ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ആവേശം വിതറുന്നു. ജിത്തു മാധവൻ ഒരുക്കിയ ‘ആവേശം’ എന്ന ചിത്രമുൾപ്പെടെ അടുത്തിറങ്ങിയ സിനിമകളുടെ പോസ്റ്ററുകളിൽ ചില മാറ്റങ്ങൾ വരുത്തിയാണ് വിവിധ മുന്നണികൾ സാമൂഹിക മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ‘ആവേശം.. വടകരയാകെ’ എന്ന തലക്കെട്ടിലാണ് എൽഡിഎഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജയുടെ പോസ്റ്റർ പുറത്തിറക്കിയത്. മാസ് മസാല എന്റർടെയ്നറായ സിനിമയുടെ ആവേശം പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നതുപോലെ കെ കെ ശൈലജ വടകരയിൽ ഉയർത്തുന്ന ആവേശം പോസ്റ്ററിലും അറിയാൻ കഴിയും.
ബെന്യാമിന്റെ രചനയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടു ജീവിതം’- ദി ഗോട്ട് ലൈഫിന്റെ പോസ്റ്ററാണ് കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. പ്രവാസ ജീവിതത്തിൽ ഒരു മനുഷ്യൻ അനുഭവിക്കുന്ന ദുരിതങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ദി വോട്ട് ലൈഫ് എന്ന തലക്കെട്ടിലുള്ള പോസ്റ്ററും സിനിമയുടെ പ്രമേയത്തോട് ചേർന്നു നിൽക്കുന്നതാണ്. പ്രവാസികളുടെ പ്രതിസന്ധികൾ നേരിടാൻ എന്നും മുന്നിലുണ്ടാവുമെന്നും തീരുമാനം നിങ്ങളുടേതാണെന്നും പോസ്റ്ററിൽ എളമരം കരീം വ്യക്തമാക്കുന്നു. കേരളത്തിൽ അടുത്തിടെ തരംഗം തീർത്ത മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, കണ്ണൂർ സ്ക്വാഡ്, പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ ‘ടർബോ’ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളും ഇത്തരത്തിൽ വേറിട്ട കാഴ്ചയായി പ്രചാരണ രംഗത്ത് ഉപയോഗപ്പെടുത്തുന്നുണ്ട്.
വെറുതെ ചിത്രത്തിന്റെ ടൈറ്റിൽ കടം കൊള്ളുകയല്ല മറിച്ച ആ സിനിമയുടെ പ്രമേയത്തോട് തന്നെ ചേർത്തു വെക്കാവുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് പോസ്റ്റർ ഡിസൈൻ ചെയ്യുന്നതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. വ്യത്യസ്തമായ രീതിയിൽ പോസ്റ്ററുകൾ ഡിസൈൻ ചെയ്യണമെന്ന ആവശ്യമാണ് സമീപകാല ജനപ്രിയ ചിത്രങ്ങളിലേക്കെത്തിക്കുന്നതെന്നും ഇവർ വ്യക്തമാക്കുന്നു. വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾക്കൊപ്പമുള്ള സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് മഞ്ഞുമ്മൽ ബോയ്സ് രീതിയിലുള്ള പോസ്റ്ററുകൾക്ക് ഉപയോഗിക്കുന്നത്. കുറച്ചുകാലം മുമ്പിറങ്ങിയ ഒരു വടക്കൻ സെൽഫി, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ പേരും പോസ്റ്ററും മാതൃകയാക്കിയും ഇത്തവണ തെരഞ്ഞെടുപ്പ് പോസ്റ്ററുകളുണ്ടാവുന്നുണ്ട്.
പുതിയ കാലത്ത് ചർച്ചയായ നോവലുകളുടെ കവർ പേജും ഇത്തവണ പോസ്റ്ററുകൾ ഒരുക്കാൻ ഉപയോഗിച്ചിട്ടുണ്ട്. അഖിൽ പി ധർമജൻ എഴുതിയ റാം C/o ആനന്ദി എന്ന നോവലിന്റെ കവറിനോട് സാമ്യം തോന്നുന്ന തരത്തിൽ നിരവധി സ്ഥാനാർത്ഥികൾക്കായി പോസ്റ്ററുകൾ ഒരുക്കിയിട്ടുണ്ട്. നിമ്ന വിജയ് എഴുതിയ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന നോവലിന്റെ കവർ പേജ് ഉപയോഗിച്ച് ‘ഏറ്റവും പ്രിയപ്പെട്ട ടീച്ചർ’ എന്നെഴുതിയ കെ കെ ശൈലജയുടെ പോസ്റ്റർ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.