22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 11, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 29, 2024
October 28, 2024
October 26, 2024
October 26, 2024

ആവേശമാണ് നാട്ടിലാകെ; പിന്തുണ ജനങ്ങളെ അറിയുന്ന സ്ഥാനാര്‍ത്ഥിക്ക്

ജയ്സണ്‍ ജോസഫ്
തിരുവമ്പാടി
October 26, 2024 8:35 am

ഇക്കുറി സത്യന്‍ മൊകേരിയെ ലോക്‌സഭയിലേക്ക് അയയ്ക്കുമെന്ന ദൃഢചിന്തയിലും പ്രവർത്തനത്തിലുമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവർത്തകരും പൊതുജനവും. ഈ മണ്ണിനെയും മനുഷ്യരെയും നേരിട്ടറിയുന്ന ഒരാള്‍ തന്നെയാകണം ഇനി തങ്ങളുടെ പാര്‍ലമെന്റ് അംഗം എന്ന് മലയോര ജനത ചിന്തിക്കുന്നു.
ആയിരങ്ങള്‍ കൊടുംദുരിതമനുഭവിച്ച നാളുകളില്‍, ഉറ്റവരും ഉടയവരും മണ്ണിനടിയില്‍ ആണ്ടുപോയ കെട്ടകാലത്ത് ഈ നാടിനായി സംസാരിക്കാന്‍ ആരുമില്ലാതിരുന്ന അവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്ക് തിരിച്ചടി നല്‍കാന്‍ കിട്ടിയ അവസരം അവര്‍ ആത്മാര്‍ത്ഥമായി വിനിയോഗിക്കുക തന്നെ ചെയ്യും. ഇന്നലെ തിരുവമ്പാടി മണ്ഡലത്തിൽ നാലു പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പരമാവധി ആളുകളെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനിറങ്ങിയ സ്ഥാനാർത്ഥിക്ക് ലഭിച്ച വരവേല്പും സ്വീകരണവും അത്രമേല്‍ ഊഷ്മളമായിരുന്നു.

സത്യൻ മൊകേരിയെ ആര്‍ക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവെന്ന നിലയില്‍ മാത്രമല്ല കേരളത്തിലെ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ നേതാവിനെ പുതിയതലമുറയ്ക്ക് പോലും അറിയാം. തിരുവമ്പാടി മണ്ഡലത്തിലെ പര്യടനത്തിനായി ചുരമിറങ്ങവേ രണ്ടാംവളവിൽ വണ്ടി നിർത്തിയപ്പോൾ ചായ നൽകിയ കടക്കാരൻ സുബൈർ ചെറുകിട കച്ചവടക്കാരുടെ പ്രയാസങ്ങളെക്കുറിച്ചാണ് സ്ഥാനാര്‍ത്ഥിയോട് സംസാരിച്ചത്. കാടമുട്ടയും ഇരട്ടഉണ്ണിയുള്ള ഗിരിരാജന്‍ കോഴിമുട്ടയും ഉപ്പിലിട്ടതും തുടങ്ങി 10രൂപയുടെ കച്ചവടമാണ് കൂടുതല്‍. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം കച്ചവടം വളരെ കുറ‍ഞ്ഞെന്നും ഇത്തവണ വിജയം ഉറപ്പാക്കണമെന്നും നാട്ടിലെ സാധാരണക്കാര്‍ക്കായി പറയാൻ ആളില്ലാത്ത അവസ്ഥ മാറണമെന്നും സുബൈര്‍ പറഞ്ഞു.

അടിവാരത്ത് ലിന്റോ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിൽ തിരുവമ്പാടി മണ്ഡലത്തിലെ പര്യടനത്തിനുള്ള ഒരുക്കങ്ങള്‍ സജ്ജമായിരുന്നു. സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ചു സ്വീകരിച്ചത് തെരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയർമാന്‍ കെ സി വേലായുധനാണ്. തുടര്‍ന്ന് പുതുപ്പാടി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്കാണ് സ്ഥാനാർത്ഥിയെ ആനയിച്ചത്. ഒഴുക്കിൽപ്പെട്ടു മരിച്ച മകളുടെ വ്യഥയിൽ ആണ്ടുപോയ കുടുംബത്തെ ആശ്വസിപ്പിച്ചശേഷം മടങ്ങുമ്പോള്‍, വഴിയോരത്ത് സ്കൂൾകുട്ടികൾ സ്ഥാനാര്‍ത്ഥിക്ക് കൈകൊടുക്കാൻ കാത്തുനിന്നു. വീട്ടിൽ പറഞ്ഞ് വോട്ടുറപ്പിക്കുമെന്ന് വാഗ്ദാനവും അവരുടെ വകയായി ഉണ്ടായി.

കൈതപ്പൊയില്‍ ലിസാ കോളജിലെത്തിയപ്പോൾ സ്വീകരിക്കാൻ പ്രിൻസിപ്പൽ ഫാ. ബെന്നി ജോസഫും മാനേജർ ഫാ. നിജു തോമസും കാത്തുനിന്നിരുന്നു. വയനാടിന്റെയും മലയോര മേഖലയുടെയും വ്യഥകളായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കും പങ്കുവയ്ക്കാനുള്ളത്. വന്യജീവി ശല്യം പെരുകുന്നു, ഉരുൾപൊട്ടലുണ്ടാക്കിയ തീരാനൊമ്പരം, അതിര്‍ത്തിയിലെ രാത്രിസഞ്ചാരത്തിനുള്ള തടസം… ഇങ്ങനെ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾ നീണ്ടു. എല്ലാറ്റിനും കൃത്യമായ മറുപടി നൽകിയ ഇടതുസ്ഥാനാർത്ഥിക്ക് വോട്ട് ഉറപ്പിച്ചെന്ന് അവര്‍ ഉറപ്പും നല്‍കി.

പെരുമ്പള്ളി മാപ്പിള യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണം തുടങ്ങിയതിന്റെ വാർഷികത്തിലേക്കാണ് സ്ഥാനാര്‍ത്ഥിയും സംഘവുമെത്തിയത്. പായസം നൽകിയായിരുന്നു വരവേല്പ്. തുടര്‍ന്ന് സോപ്പ് ഫാക്ടറിയിലും പുതുപ്പാടി വിത്തുല്പാദന കേന്ദ്രത്തിലും തൊഴിലാളികളെക്കണ്ട് സംസാരിച്ചു. സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും കയറി, മലയോര ഹൈവേയ്ക്ക് ടെണ്ടറായ മലപ്പുറം കോടഞ്ചരി വഴിയും കടന്ന് കോടഞ്ചരി പഞ്ചായത്തിലെത്തി. സിപിഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ മോഹനൻമാസ്റ്ററുടെ നേതൃത്വത്തില്‍ എൽഡിഎഫ് നേതാക്കളായ ഷിജു ആന്റണി, ജോർജുകുട്ടി വട്ടക്കുന്നേൽ, കെ എം ജോസ്, മാത്യൂസ് ചെമ്പൊട്ടിക്കൽ, വിനോദ് കിഴക്കയിൽ, പുഷ്പ സുരേന്ദ്രൻ, ടി കെ അബ്ദുൾ നാസർ, ഹമീദ് ചേളാരി, സത്താർ, കെ ദാമോദരൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
കോടഞ്ചേരി ഗവ. കോളജിൽ രക്തഹാരം അണിയിച്ചും ഷാൾ പുതപ്പിച്ചും വിദ്യാർത്ഥികളും അധ്യാപകരും സ്ഥാനാർത്ഥിയെ വരവേറ്റു. ഇങ്ക്വിലാബ് വിളികൾ അന്തരീക്ഷത്തെ ആവേശമുഖരിതമാക്കി. അടിവാരം, വെസ്റ്റ് കൈതപ്പൊയിൽ, ഈങ്ങാപ്പുഴ, കണ്ണോത്ത്, നെല്ലിപ്പൊയിൽ, കോടഞ്ചേരി അങ്ങാടികളിൽ കച്ചവടക്കാരെയും നാട്ടുകാരെയും നേരിൽക്കണ്ടു. സെന്റ് മേരിസ് ഫൊറോനാ പള്ളി വികാരി കുര്യാക്കോസ് ഐക്കൊളമ്പിൽ നാടിന്റെ പ്രശ്നങ്ങൾ പങ്കുവച്ചു. തുടര്‍ന്ന് പുല്ലൂരാംപാറ ഹയർസെക്കന്‍ഡറി സ്കൂളിൽ അ്യാപകരും വിദ്യാർത്ഥികളുമായി സംവദിക്കാനും സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തി. അതിന് ശേഷമാണ് തിരുവമ്പാടിയില്‍ ഒരുക്കിയ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയിലേക്ക് സത്യന്‍ മൊകേരി എത്തിച്ചേര്‍ന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.