22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

മോഹവലയത്തിൽപ്പെട്ട്‌ മോഡി; താരത്തെക്കൊണ്ട് ഗതികെട്ട് ബിജെപി

Janayugom Webdesk
തൃശൂര്‍
April 17, 2024 2:34 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡി 2024ല്‍ നാലുമാസം പൂര്‍ത്തിയാകമ്പോഴേക്കും തൃശൂര്‍ ജില്ലയിലെത്തിയത് മൂന്നാം തവണ. കഴിഞ്ഞദിവസം കുന്നംകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോഡി ജനുവരി രണ്ടിനും 17നും നടന്ന പരിപാടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് പറഞ്ഞിരുന്നില്ല. ജനുവരി ആദ്യം ബിജെപിയുടെ വനിതാ സംഗമത്തിനായി തൃശൂര്‍ തേക്കിന്‍ക്കാട്ടിലെ വേദിയിലെത്തിയ പ്രധാനമന്ത്രി സുരേഷ്ഗോപിയുടെ കൂടെ റൗണ്ടില്‍ റോഡ്ഷോയും സംഘടിപ്പിച്ചു. മറ്റാരുടെയോ എന്ന മട്ടില്‍ ‘മോദി കാ ഗ്യാരന്റി’ എന്നാവര്‍ത്തിച്ച് വനിതകള്‍ക്കായി കുറെ ഉറപ്പുകള്‍ നല്‍കിയത് തെരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് സംഘ്പരിവാറുകാര്‍ക്ക് മനസിലാകില്ല എന്നാണ് മോഡി ധരിച്ചിരിക്കുന്നത്. അത് കഴിഞ്ഞ് 15 ദിവസം തികയുമ്പോഴാണ് ഗുരുവായൂരില്‍ എത്തി ക്ഷേത്ര ദര്‍ശനത്തിലും നടന്‍ സുരേഷ്ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും പങ്കെടുത്തത്. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ബിജെപി നേതാവിനു പോലും ലഭിക്കാത്ത അവസരമായിരുന്നു സുരേഷ്ഗോപിക്കും കുടുംബത്തിനും പ്രധാനമന്ത്രിയുടെ സാന്നിധ്യത്താല്‍ ലഭിച്ചത്. ചടങ്ങുകള്‍ക്ക് നടുനായകത്വം വഹിക്കുകയും ചെയ്തു. അതും രാഷ്ട്രീയ പ്രചാരണമായിരുന്നില്ല. കാരണം സുരേഷ് ഗോപി തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് മനസിലായിട്ടുണ്ടാകില്ലല്ലോ. 

തിങ്കളാഴ്ച കുന്നംകുളത്തെത്തിയ നരേന്ദ്ര മോഡി കരുവന്നൂര്‍ ബാങ്ക് കേസില്‍ ഇഡി കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കുമെന്ന ‘ദേശീയ പ്രഖ്യാപനം’ നടത്തി മടങ്ങി. കരുവന്നൂരില്‍ നിക്ഷേപകരുടെ പണം മടക്കിക്കിട്ടാത്തതിന് കാരണം ഇഡി കേസാണ് എന്ന് ബിജെപി വോട്ടര്‍മാര്‍ക്ക് മാത്രം മനസിലായിട്ടുണ്ടാകില്ല എന്നാണ് പാവം ‘വിശ്വഗുരു‘വിന്റെ സമാധാനം. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മുന്‍കാല വോട്ടിങ് നിലയോ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരിമിതിയോ ഒന്നും കൃത്യമായി ധരിപ്പിക്കാത്ത ഉപദേശക വൃന്ദമാണ് മോഡിയെ ഈ മോഹവലയത്തില്‍ പെടുത്തുന്നത് എന്നതാണ് സത്യം. 2019ലെ മൂന്നാംസ്ഥാനത്തു നിന്നും എത്ര’പൊ ക്കി‘യാലും എടുക്കാനാകാത്ത ഭാരമാണിതെന്ന് സ്ഥാനാര്‍ത്ഥിക്കും ഒപ്പം നടക്കുന്നവര്‍ക്കും നല്ല ബോധ്യമുണ്ടാകാം. എങ്കിലും മത്സരത്തില്‍ വന്‍ പ്രതീക്ഷയുണ്ടെന്ന തരത്തിലാണ് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ദേശീയ നേതൃത്വത്തെ ഇവര്‍ കാര്യങ്ങള്‍ ധരിപ്പിക്കുന്നത്. അതുകൊണ്ടാണ് ‘തള്ളിനൊപ്പം ഒരു ഉന്തു കൂടി’ എന്ന മട്ടില്‍ മോഡി ഗ്യാരന്റിയും താങ്ങി തൃശൂരിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി പലതവണ വന്നിട്ടും തോറ്റല്ലോ എന്ന അപമാനത്തില്‍ നിന്നും രക്ഷപ്പെടാനാണ് വനിതാസംഗമവും വിവാഹവുമെല്ലാം മുന്നിലേക്ക് തള്ളിയിടുന്നത്.

ബിജെപി സംസ്ഥാന‑ജില്ലാ നേതൃത്വങ്ങളുടെ അതൃപ്തിയെ മറികടന്ന് ദേശീയ നേതൃത്വത്തിന്റെയും മോഡിയുടെയും പ്രത്യേക താല്പര്യത്തില്‍ നിലയുറപ്പിച്ചയാളാണ് സുരേഷ്ഗോപി. 2019ലെ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തോടെ ദയനീയമായ പരാജയം ഏറ്റുവാങ്ങിയ സുരേഷ്ഗോപിയുടെ സാധ്യത വെറും ‘തള്ളല്‍’ മാത്രമാണ്. 2021ല്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഇടതുപക്ഷമാണ് വിജയം നേടിയത്. സുരേഷ്ഗോപിയോട് പൂര്‍ണമായും ഐക്യപ്പെടാനാകില്ലെങ്കിലും കൂടെ നിന്ന് പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് ബിജെപി ജില്ലാ നേതൃത്വം. പ്രധാനമന്ത്രിയുടെ ആശ്രിതവത്സലനായ സുരേഷ്ഗോപിയെന്ന സെലിബ്രിറ്റിയുടെ കൂടെ പ്രചാരണത്തിനിറങ്ങുമ്പോള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അവഗണനയും മറ്റു പ്രശ്നങ്ങളും വേറെ. ജില്ലാ നേതൃത്വത്തിന് പ്രചാരണ പരിപാടികള്‍ തീരുമാനിക്കുന്നതിലും ബുദ്ധിമുട്ടുണ്ട്. തീരുമാനിക്കുന്നവ പലതും നടക്കുന്നില്ല. സ്ഥാനാര്‍ത്ഥിയുടെ നേതാക്കളോടുള്ള അവഗണനയും പൊതുസമൂഹത്തിലുള്ള ഇടപ്പെടലും പ്രതികൂലമായി ഭവിക്കുമെന്ന് കാണിച്ച് ബിജെപി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.