പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ആരംഭിച്ച പ്രചാരണ പ്രവർത്തനങ്ങൾ ഇന്ന് സമാപിക്കും. ചിട്ടയായ പ്രവർത്തനങ്ങൾ വഴി തുടക്കം മുതൽ എൽഡിഎഫ് നേടിയ മുൻകൈ അവസാന ഘട്ടം വരെ നിലനിർത്തുവാൻ കഴിഞ്ഞു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗത്തെ അതിജീവിച്ച ആലപ്പുഴ മണ്ഡലത്തിൽ എ എം ആരിഫിന്റെ ഭൂരിപക്ഷം ഇക്കുറി വർദ്ധിക്കും. പിന്നിട്ട 15 വർഷങ്ങളായി വികസനം മുരടിച്ച മാവേലിക്കര ഇക്കുറി ഇടത്തോട്ട് ചരിയും. ഒറ്റ മനസ്സോടെയാണ് ജില്ലയിൽ എൽഡിഎഫ് സംവിധാനം മുന്നോട്ട് കുതിക്കുന്നത്. 4 തവണയിലധികം ഭവന സന്ദർശനം നടന്നിട്ടുണ്ട്. എല്ലാ ബൂത്തുകളേയും ബന്ധപ്പെടുത്തി സ്ഥാനാർത്ഥികളുടെ മൂന്ന് ഘട്ടങ്ങളായുള്ള പര്യടന പരിപാടി വൻ വിജയമായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പായതു കൊണ്ട് തന്നെ ദേശീയ രാഷ്ട്രീയം തന്നെയായിരുന്നു മുഖ്യ ചർച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനവും, പൊതുസമ്മേളനങ്ങളും പ്രാദേശിക തലം വരെയുള്ള പ്രവർത്തകർക്ക് ഉണർവേകി.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുമെത്തി പ്രചാരണത്തിന് നേതൃത്വം നൽകി.
ജില്ലയിലെ മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും തെരഞ്ഞെടുപ്പ് സംഘടനയെ ചലിപ്പിച്ചു. ഇവർ പങ്കെടുത്ത കുടുംബ യോഗങ്ങൾ ഏറെ ഫലപ്രദമായിരുന്നു. നിയോജക മണ്ഡലാടിസ്ഥാനത്തിൽ എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും തെരഞ്ഞെടുപ്പ് കാമ്പെയിന് നേതൃത്വം നൽകുന്നു. സംസ്ഥാന സർക്കാർ ജില്ലയിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ഉൾകൊള്ളുന്ന വികസന രേഖ ഇതിനകം വീടുകളിൽ എത്തിച്ചു കഴിഞ്ഞു. തൊഴിലാളി സംഘടനകൾ സംഘടിപ്പിച്ച കുടുംബ സദസ്സുകളും ശ്രദ്ധേയമായിരുന്നു. കോർപ്പറേറ്റുകളുടെ ദൃശ്യ മാദ്ധ്യമങ്ങളും, ഇടതുപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്ന പത്രങ്ങളും നടത്തുന്ന കള്ള പ്രചരണങ്ങളെ ചെറുക്കുവാനും യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കുവാനും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള ഇടപെടൽ ഫലപ്രദമാണ്.
യാതൊരു പ്രതിഫലവും വാങ്ങാതെ പ്രാദേശിക തലം വരെ ഇതിനായി പ്രവർത്തിക്കുന്ന വലിയൊരു നിരയുമുണ്ട്. ലോക്‌സഭാ എംപിയും രാജ്യസഭാ എം പിയും തമ്മിലുള്ള മത്സരമാണ് ആലപ്പുഴയിൽ. ഇവിടെ കൈപ്പത്തിയിൽ കുത്തിയാൽ രാജസ്ഥാനിൽ താമര വിരിയും. കാരണം അതുവഴി രാജ്യസഭയിൽ ബിജെപി ക്ക് അംഗസംഖ്യ കൂടും. കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഇടതുപക്ഷത്തെ കടന്നാക്രമിച്ചതിന്റെ പിന്നിലുള്ള രാഷ്ട്രീയം നാട് ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യാ മുന്നണി രൂപീകരണ വേളയിൽ തന്നെ തങ്ങളുടെ മുഖ്യശത്രു ബിജെപിയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായ പ്രതികരണം രാഹുൽ നടത്തിയതിന്റെ പിന്നിലുളള ലക്ഷ്യം രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളം തിരിച്ചറിയും. സൂററ്റിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നിലുള്ള കോൺഗ്രസ്സിന്റെ ചതിയും ജനങ്ങൾ തിരിച്ചറിയുന്നു. താനിരിക്കുന്ന കസേരയുടെ മഹത്വം മറന്നു പോകുന്നയാളാണ് പ്രധാനമന്ത്രി. ജനങ്ങളെ ഒന്നായി കാണേണ്ടതിന് പകരം വോട്ടിന് വേണ്ടി അവരിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. മതേതരത്വവും ഭരണഘടനയും ജനാധിപത്യ സംവിധാനവും നേരിടുന്നത് വലിയ ഭീഷണിയാണ്. അതിൽ നിന്നും നാടിനെ രക്ഷിക്കുവാൻ വിപ്ലവ ഭൂമി അതിന്റെ കടമ നിർവ്വഹിക്കും.
(സമാപിച്ചു)
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.