23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

വികസനം മുടക്കുന്നവരും കൈകെട്ടിയിരുന്നവരും കോഴിക്കോടിന്റെ വികസനത്തിന് വോട്ട് ചോദിച്ച് രംഗത്ത്

Janayugom Webdesk
കോഴിക്കോട്
April 1, 2024 3:34 pm

വികസനം മുടക്കുന്നവരും വികസനത്തിനായി ഒന്നും ചെയ്യാതെ കൈകെട്ടിയിരുന്നവരുമെല്ലാം ജില്ലയുടെ വികസനത്തിനായി വോട്ട് ചോദിക്കുന്ന കാഴ്ച കാണമെങ്കിൽ ഇതാ ഇങ്ങ് കോഴിക്കോട്ടങ്ങാടിയിലൂടെയും പരിസരങ്ങളിലൂടെയും ഒന്ന് ചുറ്റിക്കറങ്ങിയാൽ മതി. കടുത്ത ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും തലയിൽ പതിച്ചപ്പോഴാണ് നമ്മുടെ എം കെ രാഘവൻ എംപിയ്ക്ക് കോഴിക്കോടിന്റെ വികസനത്തെപ്പറ്റി ഓർമ്മയുണ്ടായത്. ഇത്രയും കാലം കോഴിക്കോടിനായി ഒന്നും മിണ്ടാതെ, ഒരു ഓളത്തിലങ്ങ് പോവുകയായിരുന്നു ഇദ്ദേഹം. പക്ഷെ ഇത്തവണ മണ്ഡലം കയ്യിൽ നിന്ന് പോകുമെന്ന് ഉറപ്പായതോടെ ആള് പരിഭ്രാന്തനായി. ഇതോടെ താൻ ചോദിക്കുന്നത് വികസന തുടർച്ചയ്ക്കുള്ള വോട്ടാണെന്ന് പറഞ്ഞ് സ്ഥാനാർത്ഥിയായി രാഘവേട്ടൻ രംഗത്തുണ്ട്. എന്തൊക്കെയാണ് ആ വികസനങ്ങളെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമൊന്നും പ്രതീക്ഷിക്കരുത്. ചാലിയത്തെ നിർദ്ദേശ്, സ്റ്റീൽ കോംപ്ലക്സ്.… തുടങ്ങി ഇങ്ങ് കിനാലൂരിലെ എയിംസ് വരെ തകർന്ന സ്വപ്നങ്ങളായി മുന്നിലുള്ള കോഴിക്കോട്ടുകാർക്ക് മുമ്പിൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ് എയിംസ്. . എയിംസ് എന്ന് പാടുകയാണ് ഇദ്ദേഹമിപ്പോൾ. പര്യടനവുമായി ബാലുശ്ശേരി മണ്ഡലത്തിലും സമീപത്തും എത്തുമ്പോഴാണ് എയിംസ് വായ്ത്താരി കൂടുതലും മുഴങ്ങുന്നതെന്നതാണ് കൗതുകകരം. 

എയിംസ് കോഴിക്കോട്ട് കൊണ്ടുവരിക എന്നതാണ് ഇനി മുന്നിലെ പ്രധാന ലക്ഷ്യമെന്നാണ് എം കെ രാഘവൻ പറയുന്നത്. 33 തവണ പാർലമെന്റിൽ വിഷയം ഉന്നയിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയാക്കിയെങ്കിലും എയിംസിനായി എംപിയുടെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കിനാലൂരിൽ എയിംസിന് വേണ്ട സ്ഥലവും മറ്റ് സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയെങ്കിലും കേന്ദ്ര സർക്കാർ അവഗണന തുടരുകയായിരുന്നു. ഇക്കാര്യത്തിൽ ഇടപെടൽ നടത്താൻ സാധിക്കാത്ത എം കെ രാഘവൻ എയിംസിനായി കിനാലൂരിൽ ഭൂമി കണ്ടെത്തുകയും അതിന്റെ പ്രാരംഭ നടപടികൾ ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നുമാണ് വോട്ടർമാരോട് പറയുന്നത്. സംസ്ഥാന സർക്കാർ ചെയ്തുവെച്ച കാര്യങ്ങളല്ലാതെ മറ്റൊന്നും പറയാനില്ലാത്ത ഇദ്ദേഹം പതിവുപോലെ അതും തന്റെ നേട്ടമായി ഉയർത്തിക്കാട്ടി സ്വയം പരിഹാസ്യനാവുകയാണ്. 

ഒരു ട്രെയിൻ സർവീസിന്റെ കാര്യത്തിൽ പോലും ഇടപെടൽ നടത്താൻ കഴിയാത്ത എം കെ രാഘവൻ വലിയ വികസന സ്വപ്നങ്ങൾ പങ്കുവെച്ച് ബുദ്ധിമുട്ടരുതെന്നാണ് വോട്ടർമാർ പറയുന്നത്. ബംഗളൂരു-കണ്ണൂർ എക്സ് പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള ആവശ്യത്തിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയിട്ട് രണ്ടു മാസത്തോളമായി. അധികം താമസിയാതെ തന്നെ സർവീസ് ആരംഭിക്കുമെന്നും തന്റെ ഇടപെടലിന്റെ ഭാഗമായാണ് തീരുമാനം ഉണ്ടായതെന്നും പറഞ്ഞ് എം കെ രാഘവൻ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ കർണാടകയിലെ ബിജെപി-കോൺഗ്രസ് നേതൃത്വം ഒരുമിച്ച് ഈ സർവീസ് മുടക്കുകയായിരുന്നു. ഇക്കാര്യത്തിൽ കർണാടകയിലെ കോൺഗ്രസ്- ബിജെപി നേതാക്കളുമായി സംസാരിക്കാൻ യാതൊരു ഇടപെടലും എം കെ രാഘവന്റേയോ കേരളത്തിലെ ബിജെപിയുടേയോ ഭാഗത്ത് നിന്നും ഉണ്ടായില്ല. ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ സമീപിച്ച ഒരാൾ കർണാടക മന്ത്രി ദിനേശ് ഗുണ്ടു റാവുവും മറ്റൊരാൾ ബിജെപി സംസ്ഥാന സഹപ്രഭാരിയും എം പിയുമായ നളിൻകുമാർ കട്ടീലുമായിരുന്നു. നളിൻ കുമാറും ഇപ്പോൾ കോഴിക്കോടിന്റെ വികസനത്തിന് ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് സജീവ പ്രചരണത്തിലാണ്. 

ബംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നത് തടസപ്പെടുത്തിയതിൽ പ്രമുഖനാണ് ഇദ്ദേഹം. മംഗളൂരുവിലെ യാത്രക്കാരുടെ റിസർവേഷൻ ക്വാട്ട നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റെയിൽവേ മന്ത്രിയ്ക്ക് ഇദ്ദേഹം പരാതി നൽകിയത്. അതോടെ സർവീസിന്റെ കാര്യവും കട്ടപ്പൊക. ഇതേ സമയം കാസർക്കോട് വരെ സർവീസ് നടത്തിയിരുന്ന വന്ദേഭാരത് എക്സ് പ്രസ് മംഗളൂരു വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം കൃത്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ ആവശ്യപ്രകാരം ട്രെയിൻ ദീർഘിപ്പിക്കുകയും ചെയ്തു. കോഴിക്കോടിന്റെ ട്രെയിൻ യാത്രാ സൗകര്യം മുടക്കിയ ഇദ്ദേഹം മംഗളൂരുവിലേക്ക് ദീർഘിപ്പിച്ച വന്ദേഭാരതിൽ കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തുകയും നാടിന്റെ വികസനത്തിന് വോട്ടഭ്യർത്ഥിച്ച് കോഴിക്കോട്ടങ്ങാടിയിലൂടെ ചുറ്റുകയും ചെയ്തു. വികസനം മുടക്കിയവരും ഒന്നും ചെയ്യാതെ കയ്യും കെട്ടിയിരുന്നവരുമെല്ലാം ഇത്തരത്തിൽ കോഴിക്കോടിന്റെ വികസന സ്വപ്നങ്ങൾക്കായി കഷ്ടപ്പെടുമ്പോൾ ചിരിക്കണോ.. കരയണോ എന്നറിയാത്ത അവസ്ഥയിലാണ് വോട്ടർമാർ.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.