27 December 2025, Saturday

Related news

December 23, 2025
December 16, 2025
December 15, 2025
December 15, 2025
December 12, 2025
December 11, 2025
December 10, 2025
December 3, 2025
November 21, 2025
November 19, 2025

വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍

ജോമോന്‍ ജോസഫ്
കല്‍പറ്റ
June 7, 2023 11:14 pm

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് ഒഴിവുവന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരക്കിട്ട നീക്കം. രാഹുലിന്റെ അയോഗ്യത കേസ് ഗുജറാത്ത് ഹൈക്കോടതി ഈ മാസം പരിഗണിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടികള്‍ ഊര്‍ജിതമാക്കിയത്.

വയനാട് ലോക്‌സഭാ പരിധിയില്‍പ്പെട്ട തിരുവമ്പാടി മണ്ഡലത്തില്‍ മോക്‌പോളും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ വോട്ടിങ് മെഷീന്‍, വിവിപാറ്റ് പരിശോധനയും നടന്നു. തിരുവമ്പാടി മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ കോഴിക്കോട് കളക്ടറേറ്റിലേക്ക് വിളിച്ചുവരുത്തിയാണ് മോക് പോള്‍ നടത്തിയത്. 270 വോട്ടിങ് മെഷീനുകളാണ് തിരുവമ്പാടി മണ്ഡലത്തിലുള്ളത്. ഇതില്‍ അഞ്ച് ശതമാനം മെഷീനുകളിലാണ് മോക്‌പോള്‍ നടത്തിയത്. ബത്തേരി മിനി സിവില്‍ സ്‌റ്റേഷനില്‍വച്ചാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യത്തില്‍ മണ്ഡലത്തിലെ വോട്ടിങ് മെഷീന്‍ പരിശോധന നടന്നത്. കല്‍പറ്റ, മാനന്തവാടി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ പരിശോധന വരും ദിവസങ്ങളില്‍ നടക്കും.

തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വയനാട് ജില്ലാ ഭരണകൂടം പറയുന്നത്. വോട്ടിങ് മെഷീന്‍ സംബന്ധിച്ച പരിശോധന നടക്കുന്നുണ്ടെന്ന് ഇവര്‍ സ്ഥിരീകരിക്കുന്നു. മേല്‍ക്കോടതി അപ്പീലില്‍ തീരുമാനം എടുക്കാന്‍ കാത്തുനില്‍ക്കാതെ രാഹുല്‍ ഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടിങ് മെഷീനുകളുടെ പരിശോധന എന്നതും ശ്രദ്ധേയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് വയനാട്ടില്‍ ഒരു ഉപതെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ നടക്കുന്നത്.

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് വ്യക്തമാണ്. ഇതിന്റെ ഭാഗമായാണ് വോട്ടിങ് മെഷീന്‍ പരിശോധന. നേരത്തെ ലക്ഷദ്വീപ് എംപി അഡ്വ. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഫൈസിലിന്റെ അയോഗ്യത കോടതി റദ്ദ് ചെയ്തത് കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും തിരിച്ചടിയായി. രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ കേസിലും സമാന അനുഭവമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.

Eng­lish Sum­ma­ry: Elec­tion com­mis­sion for by-elec­tion in Wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.