18 January 2026, Sunday

Related news

January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025
December 28, 2025

തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ഗരേഖ രണ്ട് മണിക്കൂര്‍ ഇടവിട്ട്

വോട്ടിങ് ശതമാനം പുറത്തുവിടും 
Janayugom Webdesk
ന്യൂഡല്‍ഹി
June 4, 2025 8:38 pm

പൊതു തെരഞ്ഞടുപ്പില്‍ ഓരോ രണ്ട് മണിക്കൂറിലും പ്രിസൈഡിങ് ഓഫിസര്‍ വോട്ടിങ് ശതമാനം പുറത്തുവിടണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കഴിഞ്ഞ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ്കളില്‍ വോട്ടിങ് ശതമാനത്തിലെ ഏറ്റക്കുറച്ചില്‍ വ്യാപക വിമര്‍ശത്തിന് ഇടവരുത്തിയ സാഹചര്യത്തിലാണ് കമ്മിഷന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. പോൾ ചെയ്ത വോട്ടുകളും വോട്ടർമാരുടെ എണ്ണവും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്നതില്‍ പ്രതിപക്ഷവും പൊതുസമുഹവും ആശങ്ക രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ്കളിലായിരുന്നു ഈ അന്തരം വ്യാപകമായത്. ഇതോടെയാണ് സംശയദൂരീകരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ രാത്രി എട്ട് മണിയോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ച ഏകദേശ വോട്ടുകളും അന്തിമ വോട്ടർമാരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ഏകദേശം അഞ്ച് കോടിയാണെന്ന് മഹാരാഷ്ട്രയിലെ വോട്ട് ഫോര്‍ ഡമോക്രസി (വിഎഫ്ഡി) വെളിപ്പെടുത്തിയിരുന്നു. പുതിയ നിര്‍ദേശ പ്രകാരം, ഓരോ പോളിങ് സ്റ്റേഷനിലെയും പ്രിസൈഡിങ് ഓഫിസർ, പോളിങ് ദിവസം ഓരോ രണ്ട് മണിക്കൂറിലും പുതിയ ഇസിഐ നെറ്റ് ആപ്പില്‍ വോട്ടര്‍മാരുടെ എണ്ണം നേരിട്ട് രേഖപ്പെടുത്തും. 

പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് തന്നെ പോളിങ് ശതമാനം പ്രിസൈഡിങ് ഓഫിസര്‍ ഇസിഐ നെറ്റില്‍ രേഖപ്പെടുത്തുന്നത് കാലതാമസം കുറയ്ക്കുകയും നെറ്റ്‌വർക്ക് കണക്ടിവിറ്റിക്ക് വിധേയമായി, നിയോജകമണ്ഡലം തിരിച്ചുള്ള അപ്‌ഡേറ്റ് ചെയ്ത വോട്ടര്‍ ടേണ്‍ഔട്ട് (വിടിആര്‍) ഏകദേശം ഉറപ്പാക്കുകയും ചെയ്യുമെന്ന് പിഐബി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മൊബൈൽ നെറ്റ്‌വർക്കുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ, കണക്ടിവിറ്റി പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ എൻട്രികൾ ഓഫ്‌ലൈനാക്കാനും സമന്വയിപ്പിക്കാനും പുതിയ സംവിധാനം വഴി സാധിക്കും.

നേരത്തെ വോട്ടർമാരുടെ ഡാറ്റ പ്രിസൈഡിങ് ഓഫിസര്‍ സ്വമേധയാ ശേഖരിക്കുകയും ഫോൺ കോളുകൾ, എസ്എംഎസ് അല്ലെങ്കിൽ മെസേജിങ് ആപ്പുകൾ വഴി റിട്ടേണിങ് ഓഫിസർമാർക്ക് (ആർഒ) കൈമാറുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ ഓരോ രണ്ട് മണിക്കൂറിലും സമാഹരിച്ച് വോട്ടർമാരുടെ വോട്ടിങ് (വിടിആർ) ആപ്പിൽ അപ്‌ലോഡ് ചെയ്ത്, രാത്രി വൈകിയോ അടുത്ത ദിവസമോ എത്തുന്ന രേഖകളുടെ അടിസ്ഥാനത്തിൽ പോളിങ് ശതമാനം രേഖപ്പെടുത്തുകയായിരുന്നു പതിവ്. ഇത് വോട്ടിങ് ശതമാനം കൃത്യമായി പ്രവചിക്കുന്നതിന് തടസം സൃഷ്ടിച്ചു. ഇതു പരിഹരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ലക്ഷ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.