23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 20, 2024
June 4, 2024
June 2, 2024
June 1, 2024
June 1, 2024
June 1, 2024
May 29, 2024
May 17, 2024
May 8, 2024
May 7, 2024

തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവച്ചു ; ഒഴിഞ്ഞത് വിവാദ നിയമനം നേടിയ അരുണ്‍ ഗോയല്‍ 

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ
ശേഷിക്കുന്നത് മുഖ്യ കമ്മിഷണര്‍ രാജീവ് കുമാര്‍ മാത്രം
Janayugom Webdesk
ന്യൂഡല്‍ഹി
March 9, 2024 10:41 pm
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായിരിക്കെ തെരഞ്ഞടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു അരുണ്‍ ഗോയലിന്റെ രാജി സ്വീകരിച്ചു. രാജിയുടെ കാരണം വ്യക്തമല്ല.  മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പു കമ്മിഷനിൽ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായ രാജീവ് കുമാർ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. മറ്റൊരു കമ്മിഷണറായിരുന്ന അനുപ് ചന്ദ്ര പാണ്ഡെ കഴി‍ഞ്ഞമാസം 29ന് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്ക് ആരെയും നിയമിച്ചിരുന്നില്ല.
പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അരുണ്‍ ഗോയലിന്റെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തേക്കുള്ള വരവും പോക്കും ദുരൂഹമായി. 2027 വരെയായിരുന്നു 61 കാരനായ ഗോയലിന്റെ കാലാവധി. കേന്ദ്ര ഘനവ്യവസായ സെക്രട്ടറി പദവിയിലിരിക്കേ 2022 നവംബര്‍ 28ന് സ്വയം വിരമിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മിഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത് വിവാദം സൃഷ്ടിച്ചു.
ഗോയലിന്റെ നിയമനത്തിനെതിരെ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സുപ്രീം കോടതിയെ സമീപിച്ചു.
നിയമനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ധൃതി ചോദ്യം ചെയ്ത കോടതി, വിഷയം ഭരണഘടനാ ബെഞ്ചിന് കൈമാറി. എന്നാ ഗോയലിന്റെ നിയമനം റദ്ദാക്കിയില്ല. ചീഫ് ജസ്റ്റിസ് കൂടി ഉള്‍പ്പെട്ട സമിതിയായിരിക്കണം തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കേണ്ടതെന്ന നിര്‍ണായക വിധി കോടതിയില്‍ നിന്നുണ്ടാവുകയും ചെയ്തു. എന്നാല്‍ അടുത്തിടെ നിയമനിര്‍മ്മാണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഈ സുപ്രീം കോടതി വിധി മറികടന്നു.
തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം കേന്ദ്രസര്‍ക്കാരിന്റെ കീഴിലാക്കിക്കൊണ്ട് നിയമം പാസാക്കിയ സാഹചര്യത്തില്‍ ഒഴിവുള്ള രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം കേന്ദ്രത്തിന്റെ കൈകളിലായി. നേരത്തെ തന്നെ കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുസരണം പ്രവര്‍ത്തിക്കുന്ന സംവിധാനമായി മാറിയ തെരഞ്ഞെടുപ്പ് കമ്മിഷനെ ഇത് കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് സാധ്യത. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് നീതിപൂര്‍വകമാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരമാവധി ആറ് വർഷമോ അല്ലെങ്കിൽവിരമിക്കുന്നതുവരെയോ പദവിയിൽ തുടരാമെന്ന് നിയമം പറയുന്നു. 2025 ഫെബ്രുവരിയിൽ രാജീവ് കുമാറിന്റെ പിൻഗാമിയായി ചീഫ് ഇലക്ഷൻ കമ്മിഷണറായി  ചുമതലയേൽക്കേണ്ടത് അരുൺ ഗോയലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പുറമെ ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
Eng­lish Sum­ma­ry: Elec­tion Com­mis­sion­er Arun Goel Resigns
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.