26 June 2024, Wednesday
KSFE Galaxy Chits

Related news

May 14, 2024
May 13, 2024
May 9, 2024
April 29, 2024
April 23, 2024
April 17, 2024
April 16, 2024
March 30, 2024
March 26, 2024
March 25, 2024

വിദ്വേഷ പ്രസ്താവന: നടപടിയെടുക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയം

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2024 9:30 pm

തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി നേതാക്കളും വര്‍ഗീയ ധ്രുവീകരണ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തിയിട്ടും നടപടിയെടുക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടെന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷകരായ ദ ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ മോണിറ്ററിങ് ഓഫ് ഇലക്ഷന്‍സ് (ഐപിഎംഇ). യഥാര്‍ത്ഥ വോട്ടര്‍മാരുടെ കണക്ക് പുറത്തുവിടുന്നതിലും കമ്മിഷന്‍ അനാസ്ഥകാട്ടിയെന്ന് ഐപിഎംഇ ചൂണ്ടിക്കാട്ടുന്നു. വോട്ടെടുപ്പ് ആരംഭിച്ച ശേഷം ഇവര്‍ പുറത്തുവിടുന്ന ഏഴാമത്തെ റിപ്പോര്‍ട്ടാണിത്.

നരേന്ദ്ര മോഡിയും ബിജെപിയും ആവർത്തിച്ച് ചട്ടലംഘനങ്ങൾ നടത്തുകയും വോട്ട് തേടാനായി മതധ്രുവീകരണ പ്രസംഗങ്ങളും പ്രസ്താവനകളും തുടർച്ചയായി നടത്തുകയും ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചിട്ടില്ല. ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വോട്ടവകാശം ഇല്ലാതാക്കുന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ അസാധാരണമായ കാര്യമാണ്. ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ 11 ദിവസത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. 

പ്രതിപക്ഷ നേതാക്കളും മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും പൊതുസമൂഹവും കണക്കുകള്‍ പുറത്തുവിടുന്നതിലെ കാലതാമസത്തെക്കുറിച്ചും ഓരോ മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതിനെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഈ ആരോപണങ്ങളോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചിട്ടില്ല. ഇത് തെരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യത സംബന്ധിച്ച് ആശങ്കകളുണ്ടാക്കുന്നു, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കൃത്യസമയത്ത് പുറത്തുവിടണം. 

ഏഴ് ആഴ്ചയായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും മറ്റും ഐപിഎംഇ വീക്ഷിക്കുകയും ഓരോ ആഴ്ചയും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്യുന്നു. ജനങ്ങളുടെ ആശങ്കകള്‍ സംബന്ധിച്ച രേഖകൂടിയാണിത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ട് തേടാൻ രാഷ്ട്രീയക്കാർ മതത്തെ കൂട്ടുപിടിച്ച് പ്രസ്താവനകള്‍ നടത്തുന്ന പ്രവണത തുടരുകയാണ്. ഇത് ആവര്‍ത്തിക്കാതിരിക്കുന്നതിനും പെരുമാറ്റച്ചട്ടം ഉയര്‍ത്തിപ്പിടിക്കുന്നതിലും തെരഞ്ഞെടുപ്പ് കമ്മിഷൻ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി പലതവണ വര്‍ഗീയധ്രുവീകരണ പ്രസംഗങ്ങള്‍ നടത്തി. പ്രത്യേകിച്ച് മുസ്ലിങ്ങളെ ലക്ഷ്യംവച്ച്. മുസ്ലിങ്ങള്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കുമുള്ള സംവരണം കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നും മോഡി രാജസ്ഥാനില്‍ പ്രസംഗിച്ചു. രാമരാജ്യം വേണോ, വോട്ട് ജിഹാദ് വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെല്ലാമെതിരെ 20,000ത്തിലധികം പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. എന്നിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. 

Eng­lish Sum­ma­ry: Elec­tion Com­mis­sion’s fail­ure to act in Hate speech

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.