16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 1, 2024
December 1, 2024
November 27, 2024
November 27, 2024
November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024

തെരഞ്ഞെടുപ്പ് കോഴക്കേസ്; കോടതി നിര്‍ദേശിച്ചിട്ടും കെ സുരേന്ദ്രൻ ഹാജരായില്ല

Janayugom Webdesk
കാസർകോട്
September 21, 2023 10:16 pm

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നലെയും കോടതിയിൽ ഹാജരായില്ല. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ അഞ്ചുപ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നാണ് ഇവരുടെ വാദം.
വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന്‌ സുരേന്ദ്രന്റെ അഭിഭാഷകൻ വാദിച്ചു. ഈ സാഹചര്യത്തിൽ പ്രതികൾ നേരിട്ട് ഹാജരാകണോയെന്നത്‌ ഒക്ടോബർ നാലിന് വിശദമായ വാദം കേട്ട ശേഷം കോടതി തീരുമാനിക്കും. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളുള്ളതിനാൽ ഇരയായ കെ സുന്ദരയുടെ അഭിപ്രായവും കോടതി തേടും. സുന്ദരയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികള്‍ നിർബന്ധമായും ഹാജരാകണമെന്ന് സെപ്റ്റംബര്‍ 12ന് കേസ് പരിഗണിക്കവെ കാസർകോട് ജില്ലാ സെഷൻസ് കോടതി നിർദേശം നൽകിയിരുന്നു.‌ കേസിൽ ഇതുവരെ പ്രതികള്‍ കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതി പറഞ്ഞത്. ഇന്നലെ ഹാജരായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ആരും എത്തിയില്ല. 

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴയായി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ലാ അധ്യക്ഷനും സുരേന്ദ്രന്റെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റുമായ കെ കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ മണികണ്ഠ റൈ, ലോകേഷ്‌ നോഡ എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സുന്ദരയെ കാണാതായിരുന്നു. ഇതോടെ തട്ടിക്കൊണ്ടുപോകൽ ആരോപണവുമായി കുടുംബവും ബിഎസ്‌പിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി സുന്ദര രംഗത്തെത്തിയത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ്‌ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്‌.

Eng­lish Sum­ma­ry: Elec­tion cor­rup­tion case; K Suren­dran did not appear despite the court order

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.