18 December 2024, Wednesday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് ചെലവും അഴിമതി സൂചികയും

പ്രൊഫ. കെ അരവിന്ദാക്ഷൻ
March 27, 2024 4:30 am

ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പുതന്നെ, അധികാരം കയ്യാളുന്ന ബിജെപി വിവിധ മാധ്യമങ്ങളില്‍ കോടികള്‍ മുടക്കിയുള്ള പരസ്യങ്ങളാണ് നടത്തിവരുന്നത്. 2004ല്‍ ഇത്തരം പരസ്യങ്ങളുടെ മുഖ്യപ്രമേയം ‘ഇന്ത്യ തിളങ്ങുന്നു’ എന്നായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഒരു പൊതുതെരഞ്ഞെടുപ്പ് വേളയിലും കാണാന്‍ കഴിയാതിരുന്ന വിധത്തില്‍ 150കോടി രൂപയോളമാണ് സര്‍ക്കാര്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ധൂര്‍ത്തടിച്ചത്. തുടര്‍ന്നിങ്ങോട്ടുള്ള രണ്ടു ദശകക്കാലയളവിലും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്ക് കോടികള്‍ ദുരുപയോഗം ചെയ്യുന്ന പ്രക്രിയ നിര്‍ബാധം തുടര്‍ന്നുവരികയാണ്.
ഏതൊരു ജനാധിപത്യ രാജ്യത്തിലെയും ഭരണകൂടത്തിന് അതിന്റെ വികസന, ജനക്ഷേമ പദ്ധതികളെപ്പറ്റി സ്വന്തം സമ്മതിദായകരെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയുണ്ടെന്നതില്‍ തര്‍ക്കമില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ആദ്യനാളുകളില്‍ ഈ ലക്ഷ്യം നേടിയെടുത്തിരുന്നത് പൊതുയോഗങ്ങളെ ആശ്രയിച്ചായിരുന്നു. എന്നാല്‍, ചെലവുകുറഞ്ഞ ഈ രീതി ഏറെക്കാലം തുടര്‍ന്നില്ല. ജനങ്ങളെ നേരില്‍ കണ്ടോ, പ്രഭാഷണങ്ങളിലൂടെയോ, ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മാതൃക ശ്രമകരമായി തോന്നിയതിനെ തുടര്‍ന്നായിരിക്കണം അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലേക്കുള്ള ‘കൂറു‘മാറ്റം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയത്. ഈ കൂറുമാറ്റം വെറും ധാരാളിത്തത്തിലേക്കുള്ള പരിവര്‍ത്തനം മാത്രമായിരുന്നില്ല, നേതാക്കളുടെ പ്രതിച്ഛായാ നിര്‍മ്മിതിക്കു കൂടി വ്യാപിപ്പിക്കുന്നവിധത്തില്‍ തെറ്റായ പ്രവണതയിലേക്കാണ് ഇത് വഴിയൊരുക്കിയത്. ഒരുതരം പേഴ്സണാലിറ്റികള്‍ട്ട് — വ്യക്തിപ്രഭാവ സിദ്ധാന്ത നിര്‍മ്മിതിതന്നെ. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2018–19 മുതല്‍ 2022–23വരെ മോഡി സര്‍ക്കാര്‍ മാധ്യമ പരസ്യത്തിലേക്കായി 3,020 കോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്. 2018–19തെരഞ്ഞെടുപ്പ് വര്‍ഷം മാത്രം ഇത് 1,179 കോടിയായിരുന്നു. ഇത്തവണ ഹാട്രിക് വിജയം തേടിയിറങ്ങുന്ന മോഡി സര്‍ക്കാരിന്റെ പരസ്യപ്രചരണം ഒരുലക്ഷം കോടി കവിയുമെന്ന് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് സുപ്രീം കോടതി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയ സാഹചര്യം നിലവിലിരിക്കെയാണ് ഇത്. ചെറുകിട രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരുതരത്തിലും ഒപ്പമെത്താന്‍ കഴിയാത്തവിധത്തിലാണ് പ്രധാനപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ചെലവുകള്‍ നടത്തുന്നത്. ഷേക്‌സ്പിയറിന്റെ വിശ്വവിഖ്യാതമായ ‘ഹാംലറ്റി‘ലെ ആചരിക്കുന്നതിനെക്കാളേറെ ലംഘിക്കുന്നതിനാണ് പ്രാധാന്യം നല്‍കപ്പെടുന്നത് എന്ന പരാമര്‍ശം ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കുന്ന മിക്കവാറും വിജ്ഞാപനങ്ങള്‍ക്കും നിയമങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഈ പരാമര്‍ശം ബാധകമാണ് എന്നാണ് അനുഭവം. രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും കൈമോശം വന്ന ധാര്‍മ്മിക മാനുഷിക മൂല്യങ്ങള്‍ തിരികെ പിടിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ബിജെപി സംഘ്പരിവാര്‍ ഭരണത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ തുടര്‍ച്ചയായി ഏതറ്റം വരെയും ലംഘിക്കുകയെന്ന പ്രക്രിയ ഒരു തുടര്‍ക്കഥയായിരിക്കുകയാണിപ്പോള്‍.

 


ഇതുകൂടി വായിക്കൂ: അപഹസിക്കപ്പെട്ട ജനാധിപത്യം


‘അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്’ (എഡിആര്‍) എന്ന സന്നദ്ധ സംഘടന ഇലക്ടറല്‍ ബോണ്ടുകളെന്ന അനധികൃത ധനസമ്പാദനത്തെ നിയമസഹായത്തോടെ പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയ നാം കണ്ടുകൊണ്ടിരിക്കുകയാണ്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കും ഇത് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്നത്തെ നിലയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിജപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ഒരു വലിയ ലോക്‌സഭാ മണ്ഡലത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്കുള്ള പരമാവധി ചെലവ് 95 ലക്ഷമാണ്. ചെറിയ മണ്ഡലമാണെങ്കില്‍ ഇത് 75 ലക്ഷം രൂപയിലൊതുങ്ങും. ലോക‌്സഭാ മണ്ഡലങ്ങളുടെ വലിപ്പ ചെറുപ്പം നിര്‍ണയിക്കപ്പെടുക, അതില്‍ ഓരോന്നിന്റെയും ഭാഗമായ നിയമസഭാ മണ്ഡലങ്ങളുടെയും വോട്ടര്‍മാരുടെ എണ്ണത്തെയും ഭൂമിശാസ്ത്രപരമായ അതിരുകളെയും ആശ്രയിച്ചായിരിക്കും. എന്നാല്‍ ഇത്തരം പരിമിതികള്‍ ഒന്നും പല പാര്‍ട്ടികളും പാലിക്കാറില്ല. വോട്ടര്‍മാരെ പണവും സമ്മാനങ്ങളും കൊടുത്ത് സ്വാധീനിക്കുന്ന സംവിധാനവും നിസാരമായി കാണരുത്. ഭരണരംഗത്ത് വ്യാപകമായ അഴിമതി നടമാടുന്ന സംസ്ഥാനങ്ങളില്‍ ഇതേപ്പറ്റിയെല്ലാം ചിന്തിക്കുന്നതുപോലും പാഴ്‌വേലയായിരിക്കും.
തെരഞ്ഞെടുപ്പ് കമ്മിഷനു മുമ്പാകെ പാര്‍ട്ടികള്‍ സ്വന്തം ചെലവുകള്‍ രേഖാമൂലം അറിയിക്കണമെന്നതാണ് വ്യവസ്ഥ. 2019ലും ഈ വ്യവസ്ഥ പ്രധാന പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസുമുള്‍പ്പെടെ പാലിച്ചിട്ടുമുണ്ട്. ബിജെപി സമര്‍പ്പിച്ച കണക്കനുസരിച്ചുള്ള ചെലവ് 1,264 കോടി രൂപയായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെത് 820 കോടിയായിരുന്നു. അതേഅവസരത്തില്‍ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ വിശദമായ പഠനമനുസരിച്ച് ആ തെരഞ്ഞെടുപ്പില്‍ ചെലവിട്ടത് 50,000 കോടിയാണ്. ഇതില്‍ 50 ശതമാനവും ബിജെപിയുടെ വകയും 20 ശതമാനം കോണ്‍ഗ്രസിന്റെയുമായിരുന്നു. ശേഷിക്കുന്ന തുക മാത്രമാണ് മറ്റ് പാര്‍ട്ടികള്‍ ചേര്‍ന്ന് ചെലവാക്കിയത്. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് ചെലവാക്കിയ തുകയില്‍ 35 ശതമാനം പ്രചരണത്തിനുവേണ്ടിയും 25 ശതമാനം നിയമവിരുദ്ധമായ നിലയില്‍ വോട്ടര്‍മാര്‍ക്ക് പണമായി കൈമാറുന്നതിനുവേണ്ടിയുമായിരുന്നു എന്നാണ് സിഎംഎസ് കണക്കുകൂട്ടിയിരിക്കുന്നത്. ഇത്രയും വലിയൊരു തുക ലഭിച്ചത് വന്‍കിട കോര്‍പറേറ്റുകളില്‍ നിന്നും ബിസിനസുകാരില്‍ നിന്നും തന്നെയാണ്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള കൈമാറ്റം വെളിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യവും ഇതുതന്നെയാണ്. ഡോണര്‍മാരും ‘ജന’പ്രതിനിധികളും തമ്മിലുള്ള അവിഹിത സഖ്യം തന്നെ. പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും ഫലമായി രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായിരിക്കുന്ന ക്രമാനുഗതമായ മാറ്റത്തിനനുസൃതമായി കൈപ്പറ്റുന്ന തുകയിലും സ്വാഭാവികമായ വര്‍ധനവുണ്ടായിരിക്കും.
ഇലക്ടറല്‍ ബോണ്ട് അഴിമതി പ്രശ്നം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) എന്ന സംഘടന സുപ്രീം കോടതിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് നമ്മുടെ പരമോന്നത നീതിപീഠം ഇത് ഗൗരവമായെടുക്കുകയും അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക തീരുമാനം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണല്ലോ, ഭരണകക്ഷിയായ ബിജെപി അടക്കമുള്ള മുഖ്യധാരാ പാര്‍ട്ടികള്‍ അങ്കലാപ്പിലായിരിക്കുന്നത്. എന്നാല്‍, ഇതുകൊണ്ടൊന്നും തെരഞ്ഞെടുപ്പ് പ്രക്രിയ അഴിമതിമുക്തമോ, സുതാര്യമോ ആകുമെന്ന പ്രതീക്ഷയില്ല. സുപ്രീം കോടതി ഏതറ്റംവരെ പോയാലും, വലിയ മുറിവില്‍ ഒരു ബാന്‍ഡ് എയ്ഡിന്റെ ഫലം മാത്രമായിരിക്കും അത്. കണക്കില്‍പ്പെടാത്ത കള്ളപ്പണം വേറെവഴിക്ക് നിര്‍ബാധം ഒഴുകിയെത്തുകതന്നെ ചെയ്യും. ‘ഷെല്‍‍’ കമ്പനികള്‍ എന്ന സൂത്രവിദ്യയുടെ പ്രയോഗം ആധുനിക കാലഘട്ടത്തിലെ തട്ടിപ്പിനുള്ള നേട്ടമാണ്. ‘എഐ’ പോലും ഇതിനടുത്തെങ്ങും എത്തിയേക്കില്ല.
ഇന്ത്യയില്‍ അധികാരത്തിലിരുന്ന ജനാധിപത്യ ഭരണകൂടങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടി കളിക്കാനുള്ള കളിസ്ഥലമൊരുക്കാന്‍ പരിശ്രമിക്കാതിരുന്നിട്ടില്ല. 1998ലെ ഇന്ദ്രജിത്ത് ഗുപ്ത കമ്മിറ്റിയും 1999ലെ നിയമ കമ്മിഷനും തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ സ്വാധീനം കുറയ്ക്കാനെങ്കിലും സ്റ്റേറ്റ് ഫണ്ടിങ് ഒരു പോംവഴിയായി ശുപാര്‍ശ ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥികളുടെ ചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലഭ്യമാക്കുക എന്നതായിരുന്നു പരിപാടി. എന്നാല്‍, ഈ പരിഷ്കാരം പല കാരണങ്ങളാലും നടക്കാതെപോയി. പ്രായോഗിക പ്രയാസങ്ങളായിരുന്നു ഉന്നയിക്കപ്പെട്ട പരസ്യകാരണമെങ്കില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വന്തമായ രഹസ്യഅജണ്ടയും ഈ വിഷയത്തെ ശീതസംഭരണിയിലാക്കുന്നതിനിടയാക്കി. നിലവിലെ സാഹചര്യത്തില്‍ ഈ പരിഷ്കാരം തീര്‍ത്തും അപ്രസക്തവുമാണ് കാരണം അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോ മുന്നണിയോ നീതിയുക്തമായ തീരുമാനം ഫണ്ട് ലഭ്യമാക്കുന്നതില്‍ സ്വീകരിക്കുമെന്ന് കരുതുക മൗഢ്യമായിരിക്കും. പണത്തിന്റെ കാര്യമായതിനാല്‍ സമവായത്തിനുള്ള സാധ്യതയും വിരളമായിരിക്കും.
ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവില്‍ നേരിടുന്നത് കുതിച്ചുയര്‍ന്നുവരുന്ന തെരഞ്ഞെടുപ്പ് ചെലവുകള്‍ തന്നെയാണ്. സിഎംഎസ് എന്ന ഏജന്‍സി കണക്കാക്കിയിരിക്കുന്നത് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ മൊത്തം ചെലവ് ഒരു ലക്ഷം കോടിയോളമായിരിക്കുമെന്നാണ്. ഇത്രയും വലിയൊരു തുക സമാഹരിക്കുക എളുപ്പമല്ല. ഈ പൊതുപ്രശ്നത്തിനുള്ള ഏക പരിഹാരം ധനസമാഹരണത്തില്‍ സമവായത്തിലെത്തുകയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ ശാക്തിക ബലമനുസരിച്ച് ധനസമാഹരണം നടത്താന്‍ തുല്യമായ അവസരങ്ങള്‍ ഒരുക്കുകയുമാണ്. ഇതിലേക്കായി 2016ല്‍ ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച നിര്‍ദിഷ്ട തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ എന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുകയാണ് ഉചിതമായിരിക്കുക. ഒന്ന്- തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആറു മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ വക മാധ്യമ പരസ്യങ്ങള്‍ ഒഴിവാക്കുക, രണ്ട്- രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിക്ക് അനുവദിക്കുന്ന പണം സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിരിക്കുന്ന ചെലവുകള്‍ക്കുള്ള തുകതന്നെയാക്കി നിജപ്പെടുത്തുക, മൂന്ന്- രാഷ്ട്രീയ പാര്‍ട്ടികളുടെ ചെലവുകള്‍ക്കുമേല്‍ കര്‍ശന ഉപരിപരിധി നടപ്പാക്കുക. നാല്- നിയമലംഘനം കണ്ടെത്തി നടപടികളെടുക്കാന്‍ പ്രത്യേക ജഡ്ജിമാരെ നിയോഗിക്കുക. അങ്ങനെ വന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമന ലംഘനങ്ങളില്‍ ഗണ്യമായ കുറവുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.