23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

തെരഞ്ഞെടുപ്പ് നര്‍മ്മങ്ങള്‍: ‘കലന്തൻ ഹാജി വിജയിച്ചാൽ കുറ്റ്യാടിപ്പുഴ കടലാക്കും’

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
March 27, 2024 2:01 pm

1980കളിലെ ഒരു തെരഞ്ഞെടുപ്പ് കാലം. വടകര ലോക്‌സഭയിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയാണ് കലന്തൻ ഹാജി. ദേശീയ പാതയിലൂടെ പ്രചാരണ വാഹനവുമായി എത്തിയപ്പോൾ ചോറോട് ഗേറ്റ് അടച്ചിരിക്കുന്നു. ഏറ്റവും പിറകിൽ നിൽക്കുകയായിരുന്നു കലന്തൻ ഹാജിയുടെ ജീപ്പ്. സന്തത സഹചാരിയായിരുന്ന അരൂർ പി ബാലകൃഷ്ണനുമുണ്ട് കൂടെ. റോഡിൽ വാഹനങ്ങളുടെ നീണ്ടനിര കണ്ടപ്പോൾ കലന്തൻ ഹാജിക്ക് ഒരാശയം തോന്നി. പിന്നെ ഒന്നും നോക്കിയില്ല. മറ്റു വാഹനങ്ങളെ വെട്ടിച്ച് ജീപ്പ് നേരെ ഗേറ്റിനടുത്തേക്ക് ഏറ്റവും മുമ്പിൽ കൊണ്ടുപോയി നിർത്തിയിട്ടു. ഗേറ്റ് തുറന്നയുടൻ ജീപ്പിൽ നിന്നും അനൗൺസ്‌മെന്റ് ഉയർന്നു. പ്രിയപ്പെട്ട നാട്ടുകാരെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നമ്മുടെ പ്രിയങ്കരനായ സ്ഥാനാർത്ഥി കലന്തൻ ഹാജിയിതാ കടന്നുവരികയാണ്. ഗേറ്റിൽ കുടുങ്ങിയ വാഹനങ്ങളെ അങ്ങിനെ അകമ്പടി വാഹനങ്ങളാക്കി മാറ്റുകയായിരുന്നു അദ്ദേഹം. അവിടെയും തീർന്നില്ല രസം. ജീപ്പ് മെല്ലെ നീങ്ങുന്നതിനിടെ നാട്ടുകാരായ ചിലര്‍ വണ്ടിയുടെ അടുത്തെത്തി കലന്തൻ ഹാജി എവിടെയെന്ന് ചോദിച്ചു. മുഖം ഭാഗികമായി മറച്ചുകൊണ്ട് അനൗൺസ്‌മെന്റ് നടത്തിക്കൊണ്ടിരുന്നയാൾ മെല്ലെ മുഖത്തെ തുണി മാറ്റിക്കൊണ്ടു പറഞ്ഞു. ‘ഞാൻ തന്നെയാണ് കലന്തൻ ഹാജി’. ദേശീയ പാതയില്‍ ചോറോട് ഗേറ്റിലെ ഗതാഗതക്കുരുക്ക് ഒരു കാലത്ത് കുപ്രസിദ്ധമായിരുന്നു. ഗേറ്റടച്ചാൽ ദേശീയപാതയുടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ടനിരയായിരിക്കും. ഈ വാഹനനിരയാണ് കലന്തൻ ഹാജി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമർത്ഥമായി ഉപയോഗിച്ചത്.

വടകരയിലെ തെരഞ്ഞെടുപ്പ് രംഗത്ത് എക്കാലത്തും ഓർക്കുന്നയാളാണ് കലന്തൻ ഹാജി. കുറ്റ്യാടിയിലേയും വടകരയിലേയും ഏതൊരാള്‍ക്കും സുപരിചിതന്‍. സമാന്യം നല്ല ബിസിനസുള്ള ഒരു ബേക്കറി അദ്ദേഹം സ്വന്തമായി നടത്തിയിരുന്നു. അസാമാന്യമായ നർമ്മപാടവം കലന്തൻ ഹാജിയുടെ കൂടപ്പിറപ്പായിരുന്നു. ഒരു തികഞ്ഞ ജനകീയൻ. വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഹരം. കലന്തൻ ഹാജിയുടെ രാഷ്ട്രീയ നർമ്മങ്ങൾ കേൾക്കാനും കാണാനും വടകരക്കാർ എന്നും ഇഷ്ടപ്പെട്ടു. 1950 മുതൽ 59 വരെ മുസ്ലിംലീഗിന്റെ സജീവ സാന്നിധ്യമായിരുന്നു കലന്തൻ ഹാജി. പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ വരെ വഹിച്ചിരുന്നു. 1959ൽ മുസ്ലിംലീഗിനോട് വിടപറഞ്ഞു. വിമോചന സമരത്തിന് ലീഗ് നൽകിയ പരോക്ഷ പിന്തുണയിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം പാർട്ടി വിട്ടത്. ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ അന്നത്തെ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് അമീർ ആയി വരെ അദ്ദേഹം പ്രവർത്തിച്ചിരുന്നു. കലന്തൻ ഹാജിയുടെ ഹജ്ജ് യാത്രയിൽ മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയെപ്പോലുള്ള മഹാരഥൻമാരായിരുന്നു കൂട്ട്. രാഷ്ട്രീയത്തിൽ തുടർന്നിരുന്നുവെങ്കിൽ സി എച്ചിനോളം വളരേണ്ട നേതാവായിരുന്നു കലന്തൻ ഹാജിയെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ലീഗ് വിട്ടശേഷം അദ്ദേഹം ഒരു പാർട്ടിയിലും ചേരാതെ സ്വതന്ത്രനായി മാറി.
ഏത് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും നർമ്മം വിട്ടൊരു കളിയില്ല കലന്തൻ ഹാജിക്ക്. തെരഞ്ഞെടുപ്പ് കാലമടുത്താൽ ചില സ്ഥാനാർത്ഥികൾ നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ട് കലന്തൻ ഹാജി ഇറക്കുന്ന പ്രകടന പത്രികയും രസകരമായിരുന്നു. ‘ആകാശത്തിനു പന്തലിടും, മുക്കിന് മുക്കിന് കക്കൂസ്, വയനാട്ടിൽ കടൽ, വടകരയിൽ വിമാനത്താവളം, കുറ്റ്യാടിപ്പുഴ കടലാക്കും, ആനയ്ക്ക് റേഷൻ, ആനയ്ക്ക് പെൻഷൻ, കുറ്റ്യാടിയെ അന്താരാഷ്ട്ര നിലവാരമുള്ള മെട്രോപൊളിറ്റൻ സിറ്റിയാക്കും’ ഇങ്ങനെ പോകുന്നു ഹാജിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
ഇന്നും കലന്തൻ ഹാജിയുടെ തെരഞ്ഞെടുപ്പ് നർമ്മങ്ങൾ വടകരയുടെ തെരഞ്ഞെടുപ്പ് ഓർമ്മകളിലുണ്ട്. തിരക്കുള്ള സിനിമാ ശാലകൾക്കുമുമ്പിൽ സിനിമ തീരുന്നതിന് പത്തുമിനിറ്റു മുമ്പ് കലന്തൻ ഹാജിയുടെ പ്രചാരണ വാഹനമെത്തും. സിനിമവിട്ട് ആളുകൾ തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ കലന്തൻ ഹാജിയുടെ വക അനൗൺസ്മെന്റുയരും. ‘കലന്തൻ ഹാജിയെന്ന കരുത്തനായ സ്ഥാനാർത്ഥിക്ക് അകമ്പടിയായിതാ ജനസഞ്ചയം തൊട്ടുപിന്നാലെ കടന്നു വരികയാണ്. ഇതിൽ നിങ്ങളും പങ്കാളികളാവുക…’

തെരഞ്ഞെടുപ്പടുത്താൽ പ്രമുഖ സ്ഥാനാർത്ഥികളെക്കാൽ തിരക്കായിരിക്കും തന്റെ പിതാവിനെന്ന് മകൻ ബഷീർ ഓർക്കുന്നു. അതിരാവിലെ വീട്ടിൽനിന്നുമിറങ്ങും. രാത്രി വൈകിയെ തിരിച്ചെത്തൂ. സ്വന്തം പണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. മകൻ കലന്തൻ ബഷീർ സിനിമാരംഗത്തും അറിയപ്പെടുന്ന നടനാണ്. കലന്തൻ ബഷീറിന്റെ മകൻ റോഷൻ ബഷീറും തെന്നിന്ത്യൻ ഭാഷകളിലെ അറിയപ്പെടുന്ന നടനാണ്.
സ്ഥാനാർത്ഥിയെന്നതിലുപരി തെരഞ്ഞെടുപ്പ് രംഗത്തെ ആക്ഷേപഹാസ്യ കലാകാരൻ കൂടിയായിരുന്നു കലന്തൻ ഹാജി. വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ഒരിക്കൽ ഇങ്ങനെ എഴുതി. ‘കലന്തൻ ഹാജിയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ കലന്തൻ ഹാജി ഒരിക്കലും മത്സരിച്ചിരുന്നില്ല. നാട്ടുകാർ പലവട്ടം നിർബന്ധിച്ചിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. ‘ബിരിയാണിച്ചെമ്പിലെന്തിനാ കഞ്ഞിവെയ്ക്കു‘ന്നതെന്നായിരുന്നു അവരോടുള്ള കലന്തൻ ഹാജിയുടെ നർമ്മം കലർന്ന മറുപടി. പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിൽ അദ്ദേഹത്തിന് ജയിക്കാൻ കഴിയുമായിരുന്നെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ജയിക്കാൻ തനിക്ക് മനസില്ലെന്നാണ് അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നത്. വടകരയിൽ പാർലമെന്റിലടക്കം നിരവധി തവണ അദ്ദേഹം സ്ഥാനാർത്ഥിയായിട്ടുണ്ട്. വടകര പാർലമെന്റ് മണ്ഡലം, വടകര, നാദാപുരം, മേപ്പയൂർ, പെരിങ്ങളം, കോഴിക്കോട് രണ്ട്, ഗുരുവായൂർ, കൊണ്ടോട്ടി അസംബ്ലി നിയോജക മണ്ഡലം എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സ്ഥാനാർത്ഥിയായിരുന്നു.

സ്വാതന്ത്ര്യ സമരസേനാനിയും പലവട്ടം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത ടി കെ അബ്ദുള്ള ഹാജി, ഐഎൻഎൽ നേതാവ് ടി കെ ഇബ്രാഹിം മൗലവി, ടി കെ മൊയ്തു മൗലവി, ടി കെ കുഞ്ഞഹമ്മദ്, കമ്മ്യൂണിസ്റ്റ് സഹയാത്രികയായിരുന്ന പരേതയായ കുഞ്ഞാമി എന്നിവരെല്ലാമായിരുന്നു കലന്തൻ ഹാജിയുടെ സഹോദരങ്ങൾ. വോട്ടെടുപ്പ് ദിവസം ഭാര്യയോടും മക്കളോടും കലന്തന്‍ ഹാജിക്ക് ഒരു ഉപദേശമുണ്ട്. ‘ഞാനൊഴികെ ഇഷ്ടമുള്ള സ്ഥാനാർത്ഥിക്ക് നിങ്ങൾക്ക് വോട്ട് ചെയ്യാം. എനിക്കുവേണ്ടി നാട്ടുകാരുടേയും നിങ്ങളുടേയുമെല്ലാം വോട്ടുകൾ കൂട്ടി ഭൂരിപക്ഷം ഓവറാക്കരുത്’. സ്നേഹമുള്ള ആരേയും ‘വമ്പൻ’ എന്ന് വിളിച്ചിരുന്ന കലന്തൻ ഹാജി 2009 സെപ്റ്റംബർ 18ന് തന്റെ തെരഞ്ഞെടുപ്പ് ഗോദയില്‍നിന്നും ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി വിടപറഞ്ഞു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.