23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

സരിത കൃഷ്ണൻ
കോട്ടയം
August 14, 2023 9:51 pm

ബിജെപി സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള മത്സരാർത്ഥികളുടെ പൂർണ ചിത്രം തെളിഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കായി ജി ലിജിൻ ലാലാണ് മത്സരിക്കുക. നിലവിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ്. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയിൽ നിന്ന് കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപി മുൻ ജില്ലാ ജനറൽ സെക്രട്ടറിയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ നിന്ന് മത്സരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന നിയമസഭാ സീറ്റിലേക്ക് സെപ്റ്റംബർ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. യുഡിഎഫിനായി ചാണ്ടി ഉമ്മനും എൽഡിഫിനായി ജെയ്ക് സി തോമസുമാണ് മത്സരരംഗത്തുള്ളത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് വിജയിച്ചത് 9044 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഉമ്മൻ ചാണ്ടി 63,372 വോട്ട് നേടിയപ്പോൾ എതിരാളി എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നേടിയത് 54,328 വോട്ടുകളാണ്.
ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗം ഉയർത്തിയാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഉമ്മൻചാണ്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെ തന്നെ ചാണ്ടി ഉമ്മനുവേണ്ടി സഹതാപ തരംഗം ഉയർത്തിയുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. എല്ലാൽ മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണ രംഗത്തുള്ളത്. അഞ്ച് പതിറ്റാണ്ടായി ഒരാൾ തന്നെ തെരഞ്ഞെടുക്കപ്പെട്ടിട്ടും പുതുപ്പള്ളിയിൽ വികസനം തിരിഞ്ഞ് നോക്കിയിട്ടില്ല എന്നതാണ് എൽഡിഎഫിന്റെ പ്രചരണായുധം. ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ മണ്ഡലത്തിൽ ഏറെ ചർച്ചകൾക്ക് വഴിതെളിക്കുന്നതും ഈ വികസന മുരടിപ്പ് തന്നെയാണ്.
എൽഡിഎഫ് സ്ഥാനാർത്ഥി ജയ്ക് സി തോമസ് ഈ മാസം 16നും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ 17നും നാമനിർദേശ പത്രിക സമർപ്പിക്കും. 16ന് പത്രിക സമർപ്പണത്തിന് ശേഷം അന്ന് വൈകുന്നേരം നാലിന് മണർകാട് കവലയിൽ ചേരുന്ന പൊതുസമ്മേളനത്തോടെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ സമ്മേളന പരിപാടികൾക്കും തുടക്കമാവും. മേഖലാ യോഗങ്ങൾ, വനിതാ അസംബ്ലി, വികസന സന്ദേശ സമ്മേളനങ്ങൾ എന്നിവയും നടക്കും. 24 മുതൽ സെപ്റ്റംബർ രണ്ട് വരെ വിവിധ ദിവസങ്ങളിലായി മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ പൊതുപര്യടനം നടക്കും.
പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ പുതുപ്പള്ളി ഉൾപ്പെടെ ആറ് പഞ്ചായത്തുകളിൽ എൽഡിഎഫാണ് ഭരണം നടത്തുന്നത്. അയർകുന്നം മീനടം പഞ്ചായത്തുകളിൽ മാത്രം യുഡിഎഫ് ഭരിക്കുമ്പോൾ അകലകുന്നം, കൂരോപ്പട, മണക്കാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകൾ എൽഡിഎഫിന് ഒപ്പമാണ്. 2016ൽ ഉമ്മൻചാണ്ടിക്ക് മൂവായിരത്തിലധികം വോട്ടിന്റെ ലീഡ് നൽകിയ പാമ്പാടിയിൽ 2021ൽ ജെയ്ക് സി തോമസ് ആയിരത്തിനടുത്ത് വോട്ടിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.
മണർകാട് പഞ്ചായത്തിൽ ജയ്കിന് ആയിരത്തിന് മേൽ വോട്ടിന്റെ ഭൂരിപക്ഷവും ഉണ്ടായിരുന്നു. ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തിനൊപ്പം ചേർന്നതും സഭാതർക്കവുമെല്ലാം അന്ന് കോൺഗ്രസിന്റെ വോട്ടുകളിലാണ് വിള്ളലുണ്ടാക്കിയത്. ഇത് കഴിഞ്ഞ പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചിരുന്നു. പാമ്പാടി, മണർകാട് പഞ്ചായത്തുകളിൽ ഉമ്മൻ ചാണ്ടിക്ക് ലീഡ് കുറയാൻ കാരണവും ഇത് തന്നെ ആയിരുന്നു എന്നാണ് വിലയിരുത്തൽ.
അതേസമയം ഇതുവരെ കാര്യമായ ഇംപാക്ട് ഈ മണ്ഡലത്തിൽ ഉണ്ടാക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. 2016ൽ 15993 വോട്ട് നേടിയ ബിജെപിയുടെ വോട്ട് 2021ൽ 11694 ആയി കുറഞ്ഞിരുന്നു.

Eng­lish sum­ma­ry; Elec­tion pic­ture is clear in Puthupally

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.