ഹരിയാന, ജമ്മു കശ്മീർ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നു. ബിജെപിക്ക് കശ്മീരിൽ നിലംതൊടാനാകില്ലെന്ന് എല്ലാ അഭിപ്രായ സർവേകളും പ്രവചിച്ചിരുന്നു. ഏകദേശം അതിന് തൊട്ടടുത്ത സീറ്റുകൾ നാഷണൽ കോൺഫറൻസ് (എൻസി) കോൺഗ്രസ് സഖ്യത്തിന് ലഭിച്ചിട്ടുണ്ട്. അത് കേവല ഭൂരിപക്ഷത്തിന് മുകളിലുമാണ്. എൻസിക്ക് 42, കോൺഗ്രസിന് ആറ് സീറ്റുകളുമുൾപ്പെടെ 48 അംഗങ്ങളാണ് സഖ്യത്തിനുള്ളത്. ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെ അധികാരം നേടുന്നതിനുള്ള നീക്കങ്ങൾ അന്തഃപുരങ്ങളിൽ ബിജെപി നടത്തിയിരുന്നു. അതിന്റെ ഭാഗമായിരുന്നു അഞ്ച് അംഗങ്ങളെ പതിവിൽ നിന്ന് വിരുദ്ധമായി ജയിച്ചെത്തുന്നവർക്കുള്ള എല്ലാ അവകാരങ്ങളും നൽകി നാമനിർദേശം ചെയ്യാനുള്ള തീരുമാനം. തൂക്കുസഭയാണെങ്കിൽ അവരുടെ സഹായത്തോടെ അധികാരം കയ്യടക്കാമെന്നുമായിരുന്നു ലക്ഷ്യം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ലക്ഷ്യം നേടണമെങ്കിൽ വല്ലാതെ വിയർക്കേണ്ടിവരും. 2014 ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സംസ്ഥാനത്ത് പിഡിപിയെ പിന്തുണച്ച് ബിജെപി അധികാരത്തിലെത്തിയിരുന്നു.
ഏതുവിധേനയും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. മുഫ്തി മുഹമ്മദ് സെയ്ദായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം മകൾ മെഹ്ബൂബ മുഫ്തിയെ പിന്തുണച്ച് ഭരണത്തിൽ തുടരുകയും ചെയ്തു. അധികാരത്തിനുവേണ്ടി ഒരുവേള തള്ളിപ്പറഞ്ഞ, വിഘടനവാദത്തിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ സജ്ജാദ് ലോണുമായി സന്ധി ചെയ്യുന്നതിനും ബിജെപിക്ക് മടിയുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട സജ്ജാദ് ലോണിന്റെ വിജയം ബിജെപി എളുപ്പമാക്കിയതും ചരിത്രമാണ്. എങ്കിലും ആ സഖ്യസർക്കാരിന് 2018വരെ മാത്രമേ ആയുസുണ്ടായുള്ളൂ. പിന്നീട് ലഫ്റ്റനന്റ് ഗവർണറെ വച്ച് കശ്മീരിനെ ഡൽഹിയിലിരുന്ന് ബിജെപി ഭരിച്ചത് അടുത്ത അധികാരം പിടിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനായിരുന്നു. ആറുവർഷത്തിലധികമായി ജനാധിപത്യ ഭരണസംവിധാനമില്ലാത്ത കശ്മീരിൽ ഭൂരിപക്ഷം നേടുക എന്നത് ബിജെപിയുടെ അഭിമാന പ്രശ്നമായി. 2019ൽ പ്രത്യേകാവകാശങ്ങൾ എടുത്തുകളയുകയും അവിടെയുള്ള ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്ത ബിജെപിക്ക് അതിനുള്ള അംഗീകാരമെന്ന നിലയിൽ വിജയത്തിനപ്പുറമൊന്നും പ്രതീക്ഷിക്കുവാൻ സാധിക്കുകയുമില്ലായിരുന്നു. അതുകൊണ്ടുതന്നെ കശ്മീരിലെ ബിജെപിയുടെ പരാജയം മതേതര വിശ്വാസികളെ സംബന്ധിച്ച് ആഹ്ലാദകരമാണ്. എങ്കിലും കരുതലോടെയുള്ള തുടർനടപടികൾ ബിജെപി ഇതര കക്ഷികൾ സ്വീകരിക്കുന്നില്ലെങ്കിൽ അപകടസാധ്യത ഇവിടെയുമുണ്ട്.
എല്ലാ എക്സിറ്റ് പോൾ ഫലങ്ങളെയും അസ്ഥാനത്താക്കിയാണ് ഹരിയാനയിൽ ബിജെപി മുന്നേറ്റമുണ്ടായത്. ബിജെപി 48 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ് 37, ഐഎൻഎൽഡി രണ്ട്, മറ്റുള്ളവർ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് തവണയായി അധികാരത്തിലുള്ള ബിജെപിയെ തടയുന്നതിന് പ്രതിപക്ഷത്തിന് സാധിക്കാതെ പോയി. ഭരണവിരുദ്ധ വികാരം, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ എന്നിവയെല്ലാമാണ് പ്രധാനമായും പ്രചരണ വിഷയമായത്. കർഷക സമരം, അഗ്നിവീർ പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങൾ, ഗുസ്തി താരങ്ങളുടെ പോരാട്ടം തുടങ്ങിയവ അനുകൂല ഘടകമാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നാണ് അന്തിമ ഫലങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് കൂട്ടായി നേരിടുന്നതിൽ സംസ്ഥാനത്തെ പ്രമുഖ പാർട്ടി എന്ന നിലയിൽ കോൺഗ്രസിനായില്ല എന്ന തും പ്രസക്തമാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായുള്ള എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്നതിന് അവർ സന്നദ്ധമായില്ല. മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പാർട്ടി പോലും യോജിച്ചുനിന്നില്ല. വിഭാഗീയത അവസാന നിമിഷംവരെ അതിന്റെ കൂടെപ്പിറപ്പായിരുന്നു. അതും പരാജയത്തിന്റെ കാരണമായോ എന്നും പരിശോധിക്കപ്പെടണം. എന്നാൽ ആദ്യ മണിക്കൂറുകളിൽ വൻ ഭൂരിപക്ഷത്തോടെ മുന്നേറി പ്രതീക്ഷ നൽകിയ ഫലങ്ങൾ പെട്ടെന്ന് മാറിയതും സംശയാസ്പദമാണ്. പകുതിയോളം റൗണ്ടുകൾ പിന്നിട്ടപ്പോഴാണ് പെട്ടെന്ന് ബിജെപി കുതിച്ചുകയറുന്ന നിലയിലേക്ക് മാറിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം കോൺഗ്രസിന് 39.09 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. ബിജെപിക്ക് 39.94 ശതമാനവും. 0.85 ശതമാനത്തിന്റെ വ്യത്യാസത്തിൽ ബിജെപിക്ക് അധികം ലഭിച്ച സീറ്റുകൾ 11 ആണ്. ബിജെപിക്കെതിരെ മത്സരിച്ച മറ്റ് കക്ഷികൾക്കെല്ലാം കൂടി അഞ്ച് ശതമാനത്തോളം വോട്ട് ലഭിച്ചിട്ടുണ്ട്. എല്ലാം കൂടി 44 ശതമാനത്തിലധികം. എങ്കിലും ബിജെപിക്കാണ് അധികാരം. കശ്മീരിലെ വോട്ടുകണക്കുകളിലും ഈ സാഹചര്യം തന്നെയാണ്.
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രാതിനിധ്യാടിസ്ഥാനത്തിലാവണമെന്ന സിപിഐ ഉൾപ്പെടെ പാർട്ടികളുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ് ഈ കണക്ക്. ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ഒരേസമയം ആഹ്ലാദവും ആശങ്കയും സൃഷ്ടിക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം. രാജ്യത്തിന്റെ വടക്കേ അറ്റത്ത് ജമ്മു കശ്മീർ താഴ്‌വരയിൽ ബിജെപിക്ക് അധികാരത്തിലെത്താനായില്ലെന്നത് ആശ്വാസമാകുന്നു. അതേസമയം ഹരിയാനയിലെ ബിജെപി വിജയം ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു. കശ്മീരിനെ സംബന്ധിച്ച് കണക്കുകളിൽ ആശങ്കയില്ലെങ്കിലും കുതിരക്കച്ചവടം, നാമനിർദേശം ചെയ്യപ്പെടുന്ന അഞ്ച് അംഗങ്ങളുടെ പിൻബലം എന്നിവയിലൂടെ അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ ബിജെപിയിൽ നിന്നുണ്ടാകുമെന്ന് ഭയക്കണം. അതിനെതിരായ നിതാന്ത ജാഗ്രതയുണ്ടാവുകയും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.