24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 21, 2025
March 17, 2025
March 13, 2025
March 11, 2025

തെരഞ്ഞെടുപ്പ് ബോണ്ട്: കോടതിവിധി നീതിയുക്തം

Janayugom Webdesk
February 25, 2024 5:00 am

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കാന്‍ പരിധിയില്ലാത്ത കോർപറേറ്റ് ഫണ്ടിങ് തടസമാണെന്ന് സുപ്രീം കോടതി. രഹസ്യ സ്വഭാവമുള്ള തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ രാഷ്ട്രീയ പ്രക്രിയയിൽ കുത്തകകള്‍ക്ക് വലിയ സ്വാധീനം നല്‍കിയെന്ന് കണ്ടെത്തിയ കോടതി അത് തടഞ്ഞു. തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി ചേര്‍ന്ന നടപടികളെല്ലാം ‘സ്വേച്ഛാധിപത്യം’ മാത്രമല്ല, ‘ഭരണഘടനാവിരുദ്ധവും’ ആയിരുന്നു. ബോണ്ടുകളിലൂടെ സംഭാവന സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളും നൽകുന്നവരും തമ്മിൽ ധാരണയുണ്ടോ എന്നറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. മുങ്ങിക്കൊണ്ടിരിക്കുന്ന കമ്പനികൾ വഴിവിട്ടുള്ള ഭരണകൂട സഹായത്തിനും താല്പര്യം സംരക്ഷിക്കുന്നതിനും വലിയ സംഭാവനങ്ങള്‍ പാര്‍ട്ടികള്‍ക്ക് കൈമാറുന്നു. പരിധിയില്ലാത്തതും രഹസ്യവുമായ സംഭാവനകള്‍ ഐടി നിയമം, കമ്പനി നിയമം തുടങ്ങി എല്ലാ നടപടി ക്രമങ്ങളില്‍ നിന്നും ഒഴിവാകുന്നു. ചെയ്തികളെല്ലാം മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഈ ഘടകങ്ങളെല്ലാം ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകൾ രാഷ്ട്രീയ ഫണ്ടിങ്ങായി രൂപാന്തരപ്പെടുന്നു. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ രൂപാന്തരീകരണം. എന്നിട്ടും അത്തരം ഫണ്ടിങ് തുടർന്നു. 2022–23 വരെയുള്ള കണക്കുകളില്‍ ബിജെപിയുടെ പണശേഖരം 6,566 കോടി രൂപയായി. ‘തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കള്ളപ്പണ പരിഗണനകളില്‍ മാത്രം ഒതുങ്ങുന്നതല്ല, കമ്പനികളിൽ നിന്നുള്ള സംഭാവനകൾ കച്ചവട ഇടപാടുകളാണ്,’ കോടതി വ്യക്തമാക്കി.

വ്യക്തിഗത സംഭാവനകൾ സാധാരണയായി ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ സാമ്പത്തിക ശക്തി വർധിപ്പിക്കുന്നതിനാണ്. എന്നാല്‍ നയരൂപീകരണത്തെ തന്നെ സ്വാധീനിക്കാനുതകുന്ന രഹസ്യവും കണക്കില്ലാത്തതുമായ സംഭാവനകള്‍ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നു. പരിധിയില്ലാത്ത കോർപറേറ്റ് സംഭാവനകൾ അനുവദിക്കുന്നത് രാഷ്ട്രീയ പ്രക്രിയയിൽ പരിധിയില്ലാത്ത സ്വാധീനം ഉറപ്പാക്കലാണ്. അതുകൊണ്ടാണ് അവിശുദ്ധവും ‘ഭരണഘടനാ വിരുദ്ധവുമായ’ തെരഞ്ഞെടുപ്പ് ഫണ്ടിങ് എന്ന രഹസ്യ സംവിധാനത്തെ സുപ്രീം കോടതി റദ്ദാക്കിയത്. 2017ൽ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴിയുള്ള സംഭാവനാ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുമാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പൊതുജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കുകയും ഉറവിടത്തെക്കുറിച്ച് അറിയാനുള്ള അവരുടെ അവകാശം ലംഘിക്കുകയും ചെയ്തു. വോട്ട് ചെയ്യുന്ന സാധാരണക്കാരന്‍ ജനാധിപത്യ ഘടനയ്ക്ക് വെളിയിലായി. ഈ സംവിധാനത്തിന് കീഴിൽ, ഒരു വ്യക്തിക്കോ കമ്പനിക്കോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ബോണ്ടുകൾ വാങ്ങുകയും രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന നൽകുകയും ചെയ്യാം. വ്യക്തികൾക്ക് എത്ര പണം വേണമെങ്കിലും സംഭാവന ചെയ്യാം.


ഇതുകൂടി വായിക്കൂ: ഭരണഘടനയും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കുന്ന വിധി


നേരത്തെ കമ്പനികൾക്ക് അവരുടെ വരുമാനവും ലാഭവും അടിസ്ഥാനമാക്കി ഫണ്ടിങ് പരിമിതപ്പെടുത്തിയിരുന്നു, ബോണ്ട് സംവിധാനം ആ പരിധികൾ നീക്കം ചെയ്തു. കമ്പനികളെയും വ്യക്തികളെയും ഒരുപോലെ പരിഗണിക്കുന്നത് ‘ഏകപക്ഷീയമെന്ന്’ അടിവരയിട്ട് സുപ്രീം കോടതി കോർപറേറ്റ് സംഭാവനാ പരിധി പുനഃസ്ഥാപിച്ചു. ‘ഒരു വ്യക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ, രാഷ്ട്രീയ സംഭാവനകളിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനുള്ള ഒരു കമ്പനിയുടെ കഴിവുകള്‍ നിര്‍ണായകമാണ്. കമ്പനികൾ നൽകുന്ന സംഭാവനകൾ, പകരം നേട്ടങ്ങളും വളര്‍ച്ചയും ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബിസിനസ് ഇടപാടുകൾ മാത്രമാണ്’. ഇനി ബോണ്ടുകൾ നൽകരുതെന്നും അവ വാങ്ങിയവരെയും ഓരോ രാഷ്ട്രീയ പാർട്ടിയും പണമാക്കിയ ബോണ്ടുകളെക്കുറിച്ചുമുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്നും കോടതി എസ്ബിഐയോട് നിർദേശിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കുമ്പോഴും മോഡി സർക്കാർ ന്യായീകരിച്ചുകൊണ്ടേയിരുന്നു.

അജ്ഞാത വ്യക്തികളും കമ്പനികളും 2023 നവംബർ വരെ 165.18 ദശലക്ഷം രൂപ (1.99 ദശലക്ഷം ഡോളർ)യുടെ ബോണ്ടുകൾ വാങ്ങിയതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പറഞ്ഞു: ‘സംഭാവനകൾ നല്‍കുന്നവര്‍ക്ക് നിര്‍ണായക സ്ഥാനം ലഭിക്കുന്നു. ഇത്തരം കടന്നുകയറ്റം നയരൂപീകരണത്തിലുള്‍പ്പെടെ സ്വാധീനം ചെലുത്തും. പണവും രാഷ്ട്രീയവും തമ്മിലുള്ള അടുപ്പം പരസ്പര സഹായസഹകരണത്തിന് വഴിയൊരുക്കും’. ഒടുവിൽ അഞ്ച് ജഡ്ജിമാരുടെ ബെഞ്ച് ഏകകണ്ഠമായി പദ്ധതി അസാധുവാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു; ‘അഭിപ്രായ സ്വാതന്ത്ര്യത്തിനും വിവരാവകാശത്തിനുമുള്ള ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണ് ബോണ്ട് സംവിധാനം’ എന്ന കണ്ടെത്തലോടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.