22 January 2026, Thursday

വരുന്നു സ്കാഡ ഡിഎംഎസ് ; കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിൽ ഇനി വൈദ്യുതി വിതരണം ഹൈടെക്

Janayugom Webdesk
തിരുവനന്തപുരം
January 12, 2026 9:22 pm

കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിലെ വൈദ്യുതി വിതരണ ശൃംഖല ആധുനിക സ്കാഡ ഡിഎംഎസ് (സൂപ്പർവൈസറി കൺട്രോൾ ആന്റ് ഡാറ്റ അക്വിസിഷന്‍ ഡിസ്ട്രിബ്യൂഷൻ മാനേജ്മെന്റ്സിസ്റ്റം) സംവിധാനത്തിലൂടെ സമഗ്രമായി നവീകരിക്കാൻ കെഎസ്ഇബി പദ്ധതി തയ്യാറാക്കി. കേന്ദ്ര സർക്കാരിന്റെ നവീകരിച്ച വിതരണ മേഖല (ആര്‍ഡിഎസ്എസ്) പദ്ധതിയുടെ ഭാഗമായാണ് വൈദ്യുതി വിതരണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതി നടപ്പാക്കുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ മൂന്ന് നഗരങ്ങളിലെയും വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാകും.
വൈദ്യുതി വിതരണം സംബന്ധിച്ച് തത്സമയ നിരീക്ഷണവും നിയന്ത്രണവും സാധ്യമാകുമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. സബ്‌സ്റ്റേഷനുകളിലെയും വിതരണ ശൃംഖലയിലെയും വിവരങ്ങൾ തത്സമയം കൺട്രോൾ സെന്ററുകളിൽ ലഭ്യമാകും. 11 കെവി ഫീഡറുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവയുടെ പ്രവർത്തനം 24 മണിക്കൂറും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. ലൈനുകളിൽ എവിടെയെങ്കിലും തകരാറുകൾ ഉണ്ടായാൽ, നിമിഷങ്ങൾക്കകം അത് കൃത്യമായി കണ്ടെത്താനും തകരാറുള്ള ഭാഗം മാത്രം വേർതിരിച്ച് ബാക്കിയുള്ള സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനും സഹായിക്കുന്ന ഫ്ലിസർ സാങ്കേതികവിദ്യയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി റിങ് മെയിൻ യൂണിറ്റുകൾ, ഫീഡർ റിമോട്ട് ടെർമിനൽ യൂണിറ്റുകൾ, ഓട്ടോ റീക്ലോസറുകൾ എന്നിവ വിതരണ ശൃംഖലയിൽ സ്ഥാപിക്കും. പദ്ധതിയുടെ നിർവഹണത്തിനായി മൂന്ന് നഗരങ്ങളിലും ഓരോ സ്കാഡ കൺട്രോൾ സെന്ററും
എറണാകുളത്ത് ഒരു ഡിസാസ്റ്റർ റിക്കവറി സെന്ററും സ്ഥാപിക്കും. ഏതെങ്കിലും കാരണവശാൽ ഒരു കൺട്രോൾ സെന്ററിന്റെ പ്രവർത്തനം തടസപ്പെട്ടാൽ എറണാകുളത്തെ സെന്ററിൽ നിന്നും ആ നഗരത്തിലെ വിതരണ ശൃംഖല നിയന്ത്രിക്കാൻ സാധിക്കും. സൈബർ സുരക്ഷാ പാലിച്ചുകൊണ്ട്, കെഫോൺ ഒപ്റ്റിക്കൽ ഫൈബർ, 4ജി/എല്‍ടിഇ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഫീൽഡ് ഉപകരണങ്ങളും കൺട്രോൾ സെന്ററുകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നത്.
ഉപഭോക്തൃസേവനം ഏറെ മെച്ചപ്പെടുമെന്നതാണ് മറ്റൊരു വലിയ സവിശേഷത. ലൈനുകളിലെ വോൾട്ടേജ് വ്യതിയാനങ്ങൾ നിരീക്ഷിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് ആയി നടത്തുന്നതിലൂടെ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കാനും സാങ്കേതികനഷ്ടം കുറയ്ക്കാനും സാധിക്കും. വൈദ്യുതി മുടക്കം സംബന്ധിച്ച് ഉപഭോക്താക്കൾ പരാതിപ്പെടുന്നതിന് മുൻപ് തന്നെ കൺട്രോൾ റൂമിൽ അറിയാനും, ജീവനക്കാരെ വേഗത്തിൽ അയച്ച് തകരാർ പരിഹരിക്കാനും കഴിയും. 1912 കസ്റ്റമർ കെയറുമായി സ്കാഡ സംവിധാനം ബന്ധിപ്പിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപനം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകാനും സാധിക്കും.
സ്കാഡ ഡിഎംഎസ് പദ്ധതി പൂർത്തിയാകുന്നതോടെ കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് തടസരഹിതമായ വൈദ്യുതി ഗുണമേന്മയോടെ ലഭ്യമാക്കുന്നതിനൊപ്പം, വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും കെഎസ്ഇബിക്ക് സാധിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്മാർട്ട് ഗ്രിഡ് എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണിതെന്നും കെഎസ്ഇബി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.