14 January 2026, Wednesday

Related news

January 14, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026
January 7, 2026
January 6, 2026
January 6, 2026

ഇലക്ട്രോണിക് യുദ്ധം: മേല്‍ക്കൈ ഇന്ത്യക്ക്

കശ്മീര്‍ അതിര്‍ത്തിയില്‍ ജിപിഎസ് ജാമിങ് ശക്തമെന്ന് റിപ്പോര്‍ട്ട്
Janayugom Webdesk
ശ്രീനഗര്‍
April 27, 2025 10:49 pm

ഇന്ത്യ‑പാക് അതിർത്തിയില്‍ നിലവില്‍ ഇലക്ട്രോണിക് യുദ്ധമെന്ന് സൂചനകള്‍ പുറത്ത്. ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ ജിപിഎസ് ജാമിങ് നടക്കുന്നതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇന്ത്യയും പാകിസ്ഥാനും ഇലക്ട്രോണിക് വാർഫെയർ (ഇഡബ്ല്യു) യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു. ഇത് ഇരു വിഭാഗങ്ങളും ഒരു ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ ലക്ഷണമാണെന്നും വിലയിരുത്തപ്പെടുന്നു. 

ജിപിഎസ്, ഗ്ലോനാസ്, ഇന്ത്യയുടെ നാവിക് എന്നിവയിൽ നിന്നുള്ളവ പോലുള്ള ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) സിഗ്നലുകളെ മറികടക്കുന്നതിനോ തടസപ്പെടുത്തുന്നതിനോ റേഡിയോ ഫ്രീക്വൻസി സിഗ്നലുകൾ മനഃപൂർവം കൈമാറുന്നതാണ് ജിപിഎസ് ജാമിങ്. ഇത് എതിരാളികളുടെ സൈനിക പ്രവർത്തനങ്ങൾ, സിവിലിയൻ വ്യോമയാനം, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയ്ക്ക് നിർണായകമായ ഉപഗ്രഹ നാവിഗേഷൻ സിഗ്നലുകള്‍ കൈമാറുന്നതിന് തടസമാകും. ഇതോടൊപ്പം സ്വന്തം ആയുധശേഷിയും പോരാട്ട അതിജീവനശേഷിയും പ്രതിരോധ നടപടികളുടെ ഫലപ്രാപ്തിയും ഗണ്യമായി വർധിപ്പിക്കുന്നുമുണ്ട്. ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവയുടെ പ്രവർത്തന ഫലപ്രാപ്തി കുറയ്ക്കുാന്‍ ഇവ സഹായിക്കും. ഇന്റലിജന്‍സ് ആവശ്യങ്ങള്‍ക്കായി തത്സമയ ഡാറ്റ ശേഖരിക്കാനുള്ള നിരീക്ഷണ വിമാനങ്ങളുടെ കഴിവിനെയും ജിപിഎസ് ജാമിങ് തടസപ്പെടുത്തുന്നു.

അതേസമയം പാകിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യക്കാണ് ഇലക്ട്രോണിക് യുദ്ധത്തിലെ മേല്‍ക്കൈ. കൂടുതൽ സങ്കീർണമായ നിരവധി ഇഡബ്ല്യു യൂണിറ്റുകള്‍ കൈവശമുണ്ടെന്നാണ് കണക്ക്. സെന്റർ ഫോർ ലാൻഡ് വാർഫെയർ സ്റ്റഡീസിന്റെ 2024ലെ കണക്കുകൾ പ്രകാരം ഇന്ത്യ മൂന്ന് സേനാവിഭാഗങ്ങളിലുമായി 50ലധികം ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. 

ഡിആർഡിഒ വികസിപ്പിച്ചെടുത്ത സംയുക്ത എന്ന് പേരിട്ടിരിക്കുന്ന ഇഡബ്ല്യു സംവിധാനമാണ് ഇതില്‍ പ്രധാനം. 1.5 മെഗാഹെർട്സ് മുതൽ 40 ജിഗാഹെർട്സ് വരെയുള്ള സിഗ്നലുകള്‍ തടസപ്പെടുത്താന്‍ സംയുക്ത ഇഡബ്ല്യു സംവിധാനത്തിന് സാധിക്കും. 150–200 കിലോമീറ്റർ പരിധിയിലുള്ള ആശയവിനിമയങ്ങൾ, റഡാർ, ജിഎൻഎസ്എസ് സിഗ്നലുകൾ എന്നിവ പിടിച്ചെടുക്കാന്‍ സംയുക്ത പര്യാപ്തമാണെന്ന് സേനാവൃത്തങ്ങള്‍ പറയുന്നു. ലഡാക്ക്, ജമ്മു കശ്മീർ പോലുള്ള ഉയർന്ന പ്രദേശങ്ങൾക്കായി രൂപകല്പന ചെയ്‌ത ഹിമശക്തി ഇഡബ്ല്യു സംവിധാനവും അതിര്‍ത്തിയില്‍ ഇന്ത്യയുടെ ആധിപത്യം വര്‍ധിപ്പിക്കുന്നു.
സ്പെക്ട്ര ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് ഘടിപ്പിച്ച റാഫാൽ ജെറ്റുകൾക്കും ശത്രു റഡാറുകളെയും ജിഎൻഎസ്എസ് സിഗ്നലുകളെയും ജാം ചെയ്യാൻ കഴിയും. അക്രമൺ എന്ന് പേരില്‍ കഴിഞ്ഞദിവസം വ്യോമസേന നടത്തിയ യുദ്ധാഭ്യാസത്തില്‍ ഈ കഴിവ് ഉപയോഗിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. കൂടാതെ ഐഎൻഎസ് സൂറത്ത് പോലുള്ള നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ശക്തി സിസ്റ്റം പോലുള്ള നൂതനമായ ഇലക്ട്രോണിക് യുദ്ധവിമാന സ്യൂട്ടുകളും സജ്ജീകരിച്ചിരിക്കുന്നു, ഇവയ്ക്ക് സമുദ്ര മേഖലകളിലെ മിസൈൽ മാർഗനിർദേശ സംവിധാനങ്ങളെയും ജിഎൻഎസ്എസ് സിഗ്നലുകളെയും ജാം ചെയ്യാൻ കഴിയും.
ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളുടെ കാര്യത്തില്‍ പാകിസ്ഥാന്‍ സാങ്കേതികവിദ്യയിലും അളവിലും ഇന്ത്യയേക്കാൾ പിന്നിലാണ്. റഡാർ, ജിപിഎസ് സിഗ്നലുകൾ എന്നിവ കണ്ടെത്താനും ജാം ചെയ്യാനും കഴിയുന്ന ചൈനീസ് നിര്‍മ്മിത ഡിബ്ല്യുഎല്‍-002 പാസീവ് ഡിറ്റക്ഷൻ സിസ്റ്റം പോലുള്ളവ നിയന്ത്രണരേഖയിലും റാവൽപിണ്ടി പോലുള്ള പ്രധാന വ്യോമതാവളങ്ങൾക്ക് സമീപവും വിന്യസിച്ചിരിക്കുന്നു. കൂടാതെ സർബ് കോസ്റ്റൽ സിസ്റ്റം, ജെഎഫ്-17 തണ്ടർ ജെറ്റുകളിലെ എയർബോൺ ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് എന്നിവയും പ്രധാനമാണ്. 

നിയന്ത്രണ രേഖയിലെ ഇന്ത്യൻ ഡ്രോൺ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ പാകിസ്ഥാൻ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാണിജ്യ‑ഗ്രേഡ് ജിഎൻഎസ്എസ് ജാമറുകളും ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഈ സംവിധാനങ്ങൾ അത്ര സങ്കീർണമല്ലെങ്കിലും പ്രാദേശികവൽക്കരിച്ച ജാമിങ്ങിന് ഫലപ്രദമാണെന്നും പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.