രാജ്യത്തെ 11 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികളായി. ഇവ കൈക്കലാക്കാൻ ഗൗതം അഡാനിയുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പ് നീക്കങ്ങളും ശക്തമാക്കി. റായ‌്പൂർ, ജയ‌്പൂർ, വിജയവാഡ, കൊൽക്കത്ത തുടങ്ങി 11 വിമാനത്താവളങ്ങളുടെ പട്ടികയാണ് വില്പനയ്ക്കായി തയ്യാറായത്. വർഷങ്ങളായി കേന്ദ്രം ഉന്നമിട്ടിരിക്കുന്ന കേരളത്തിലെ കരിപ്പൂർ വിമാനത്താവളവും വൈകാതെ പട്ടികയിൽ ഇടം പിടിച്ചേക്കും.
സമീപ ഭാവിയിൽ സ്വകാര്യവല്‍ക്കരിക്കുന്ന 11 വിമാനത്താവളങ്ങളുടെ ലേല നടപടികളിൽ പങ്കാളിയാകുമെന്ന് അഡാനി എയർ പോർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വെളിപ്പെടുത്തിയപ്പോഴാണ് വിഷയം ചർച്ചയായത്.
തിരുവനന്തപുരം, ലഖ്നൗ, അഹമ്മദാബാദ്, ജയ്പൂർ, മംഗളൂരു, ഗുവാഹട്ടി എന്നീ വിമാനത്താവളങ്ങൾ നിലവിൽ അഡാനിയുടെ കൈവശമാണ്. ഇതിൽ, തിരുവനന്തപുരം വിമാനത്താവളം അഡാനിക്ക് നൽകിയ നടപടിക്കെതിരെ സംസ്ഥാന സർക്കാരും തൊഴിലാളി സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജികൾ കഴിഞ്ഞ ഒക്ടോബറിൽ കോടതി തള്ളി. അഡാനി ഗ്രൂപ്പിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന രണ്ടാമത്തെ ബിസിനസാണ് വിമാനത്താവള നടത്തിപ്പ്. വിമാനത്താവളങ്ങൾ ദീർഘകാലത്തക്ക് പാട്ടത്തിനെടുത്ത് നടത്തിപ്പിൽ പരിചയ സമ്പന്നരായ വിദേശകമ്പനികൾക്ക് ഉപകരാർ നൽകുകയാണ് അവരുടെ രീതി.
രാജ്യത്ത് 148 വിമാനത്താവളങ്ങളാണുള്ളത്. 2025ഓടെ 25,000 കോടി രൂപ ചെലവിട്ട് 220 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, വിമാനത്താവളങ്ങൾ നിർമ്മിച്ച് കോർപറേറ്റുകൾക്ക് കൈമാറുന്ന കരാർ പണിയാണ് കേന്ദ്രം ചെയ്യുന്നത്. യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ ആഭ്യന്തര വിമാനക്കമ്പനികൾ കുതിക്കുകയാണ്. 74.50 ശതമാനത്തിലധികം വാർഷിക വളർച്ചയും 56.82 ശതമാനം പ്രതിമാസ വളർച്ചയും രേഖപ്പെടുത്തി.
വിമാനത്താവളങ്ങളും വിമാനങ്ങളും വാങ്ങിക്കൂട്ടാൻ മത്സരിക്കുകയാണ് കോർപറേറ്റ് സ്ഥാപനങ്ങൾ. ടാറ്റാ ഗ്രൂപ്പ് 470 പുതിയ വിമാനങ്ങൾക്കാണ് കരാർ നൽകിയിരിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 2.46 കോടി യാത്രക്കാരാണ് ആഭ്യന്തര വിമാനങ്ങൾ ഉപയോഗിച്ചത്. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായ എതിർപ്പാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നുയരുന്നത്.
ആസ്തികൾക്ക് മതിപ്പ് വില നിശ്ചയിക്കാതെയാണ് കോർപറേറ്റുകൾക്ക് കൈമാറുന്നതെന്ന് എയർപോർട്ട് അതോറിട്ടി ഇന്ത്യ (ഐഎഐ)യിലെ ജീവനക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തുന്നു.
English Summary: Eleven more airports for Adani
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.