ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ പ്രാരംഭ നിർമാണം ആരംഭിച്ച ഭൂമിയിൽ അനിശ്ചിതകാല സമരം ആരംഭിച്ച് എസ്റ്റേറ്റ് തൊഴിലാളികൾ. എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളാണ് സമരം ചെയ്യുന്നത്. സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലാണ് സമരം. ടൗൺഷിപ്പ് നിർമാണത്തിന് എതിരല്ലെന്നും എന്നാൽ തങ്ങളുടെ കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാതെ നിർമാണം അനുവദിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പു നൽകി.
അതേസമയം പുനരധിവാസ നടപടികൾ തടസപ്പെടുത്തുന്ന സമരത്തിലേക്ക് പോകാൻ സംയുക്ത ട്രേഡ് യൂനിയൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഇന്നലെ വിഷയത്തിൽ സർക്കാർ പ്രതിനിധിതല ചർച്ച നടന്നിരുന്നു. എന്നാൽ വിഷുവിന് ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട ആലോചനകളിലേക്ക് കടക്കുക എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇതേ തുടർന്നാണ് പ്രതിഷേധത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. തൊഴിലാളികളുടെ ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ സമ്മർദം ചെലുത്താൻ സർക്കാർ തയാറാകണം, മാനേജ്മെന്റ് 13 വർഷമായി ഇത്തരത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടില്ല. ഇതിന്റെ പശ്ചാത്തിലാണ് സമരം. ടൗൺഷിപ്പിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ശനിയാഴ്ച മുതലാണ് ആരംഭിച്ചത്. പ്രാരംഭ നിലം ഒരുക്കലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കമ്പനി നടത്തുന്നത്.
തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്തതിന് ശേഷം മാത്രമാകണമെന്ന ആവശ്യത്തെ തുടർന്ന് നടന്ന ചർച്ചയിൽ സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളോടും തൊഴിലാളികളോടും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂട പ്രതിനിധികളും നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് ട്രേഡ് യൂനിയനുകൾ ആവശ്യപ്പെടുന്നത്. വിശേഷ ദിവസങ്ങളായ പെരുന്നാളും വിഷുവും തൊഴിലാളികൾക്ക് ആഘോഷിക്കാനാവാതെ പട്ടിണി കിടക്കേണ്ടി വരുന്ന സാഹചര്യമാണെന്ന് തൊഴിലാളികൾ പറയുന്നു.
നാലുമാസത്തെ ശമ്പള കുടിശ്ശിക, 2016 മുതലുള്ള പി എഫ് കുടിശ്ശിക, ഗ്രാറ്റുവിറ്റി, ഏഴ് വർഷമായുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, രണ്ടുവർഷത്തെ ലീവ് വിത്ത് വേജസ്, നാലു വർഷങ്ങളിലെ ബോണസ്, വെതർ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുടെ തുക, കൂലി പുതുക്കിയതിന് ശേഷമുള്ള രണ്ടുവർഷത്തെ കുടിശ്ശിക തുടങ്ങി മുഴുവൻ കുടിശ്ശികയും തൊഴിലാളികൾക്ക് ലഭ്യമാക്കേണ്ടതുണ്ട്.
എസ്റ്റേറ്റ് ലയങ്ങൾ ഉടൻ ഒഴിയണമെന്ന് കാണിച്ച് മാനേജ്മെന്റ് ഫെബ്രുവരി 20ന് നോട്ടീസ് നൽകിയിരുന്നു. സംയുക്ത ട്രേഡ് യൂനിയനുകളും ഭൂമി ഒഴിയില്ല എന്ന നിലപാട് എടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.