
കാവേരീ, പാടാമിനി സഖി നിന്‍
ദേവന്റെ സോപാനമായ്…
ആരോമലേ അലയാഴിതന്‍
ആനന്ദമായ് അലിയുന്നു നീ
ആശ്ലേഷമാല്യം സഖീ.. ചാര്‍ത്തൂ..
പ്രായത്തിനും കാലത്തിനും തകർക്കുവാൻ കഴിയുന്നത് അല്ലായിരുന്നു ദുർഗയുടെയും ശംഭുവിന്റെയും പ്രണയം. വീണ്ടും തനിക്കുവേണ്ടി പുനർജനിച്ച ഉമയെ ശംഭു തിരിച്ചറിഞ്ഞ നിമിഷം. രാജശില്പി എന്ന ചിത്രത്തിന് വേണ്ടി ഓ എൻ വി എഴുതി രവീന്ദ്രൻ മാസ്റ്റർ സംഗീതം ചെയ്ത ഗാനം ഇന്നും കാലഭേമില്ലാതെ കാതുകളെ കീഴടക്കുന്നു. നിലയ്ക്കാത്ത ഈണങ്ങളുടെ കൂട്ടിൽ നിന്ന് അനശ്വരതയിലേക്ക് രവീന്ദ്രൻ മാസ്റ്റർ കടന്നുപോയിട്ട് ഇന്ന് വർഷം 20 തികയുന്നു. മലയാള സിനിമഗാനങ്ങളുടെ സുവർണകാലഘട്ടത്തെ രേഖപ്പെടുത്തുന്ന പേരുകളിൽ ഒന്നാണ് രവീന്ദ്രൻ മാസ്റ്റർ എന്നത്. മലയാള സിനിമാ സംഗീതത്തില്‍ അദ്ദേഹം ഒഴിച്ചിട്ട ഇരിപ്പിടം ഇന്നും ശൂന്യമാണ്. ക്ലാസിക് ടച്ചുള്ള മലയാള സിനിമാ ഗാനങ്ങള്‍ മലയാളി ഇന്നും കേള്‍ക്കുന്നതും മൂളുന്നതും മാസ്റ്റര്‍ ചിട്ടപ്പെടുത്തിയവയാണ്. സംഗീതസംവിധായകന്റെ പേര് പറഞ്ഞു സംഗീത പ്രേമികള്‍ കാസറ്റുകള്‍ ചോദിച്ചു വാങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളികള്‍ക്ക്. എത്രയോ അനശ്വരഗാനങ്ങൾ സംഗീതപ്രേമികൾക്ക് സമ്മാനിച്ചാണ് രവീന്ദ്രസംഗീതം നിലച്ചത്.
സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണി ഗായകനാകാൻ അവസരം തേടിയാണ് കുളത്തൂപ്പുഴ രവി മലയാള സിനിമയുടെ സ്വപ്നലോകമായ ചെന്നൈയിൽ എത്തുന്നത്. ചെന്നൈയിലെ ആദ്യ കാല ജീവിതം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. ഒരാഴ്ചയോളം പൈപ്പു വെള്ളം മാത്രം കുടിച്ച് കഴിഞ്ഞ ജീവിതാനുഭവത്തെ പറ്റി അദ്ദേഹം തന്നെ സഹപ്രവർത്തകരോട് പങ്കുവെച്ചിട്ടുണ്ട്. സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. നായക നടനായിരുന്ന സത്യനാണ് രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്. “വെള്ളിയാഴ്ച” എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. പിന്നീട് മുപ്പതോളം സിനിമകളിൽ പാടി. അവയിൽ ചുരുക്കം ചിലതു മാത്രം ശ്രദ്ധിക്കപ്പെട്ടു. ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. 1970കളിൽ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നൽകിയത് രവീന്ദ്രനായിരുന്നു.
1979ൽ ശശികുമാറിന്റെ സംവിധാനത്തിൽ “ചൂള” എന്ന ചിത്രത്തിനുവേണ്ടി സംഗീതം ചെയ്യാൻ കുളത്തൂപ്പുഴ രവിയെ ശുപാർശ ചെയ്യുന്നത് കെ ജെ യേശുദാസായിരുന്നു. പാട്ടുകൾ നിങ്ങൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ സ്വന്തംചെലവിൽ വേറെപാട്ടുകൾ ചെയ്തുതരാം എന്ന ഉറപ്പാണ് യേശുദാസ് നൽകിയത്. അങ്ങനെ, സത്യൻ അന്തിക്കാടിന്റെയും പൂവച്ചൽ ഖാദറിന്റെയും വരികളെ സ്വരപ്പെടുത്തിക്കൊണ്ട് ആ പ്രതിഭ സിനിമയുടെ രജതദീപ്തിയിലേക്കു പ്രവേശിക്കുകയായിരുന്നു. താരകേ മിഴിയിതളിൽ കണ്ണീരുമായി തുടങ്ങിയ ചൂളയിലെ ഗാനങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമായി. അതുവരെ കുളത്തൂപ്പുഴ രവി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിനോട് രവീന്ദ്രൻ എന്ന പേരുമതിയെന്നു നിര്‍ദേശിച്ചതും യേശുദാസായിരുന്നു.
യേശുദാസെന്ന സംഗീത വിസ്മയത്തിന്റെ ഉച്ചാരണ ശുദ്ധിയിലുള്ള ജാഗ്രതയും, അര്‍ത്ഥ വ്യക്തതയോടു കൂടിയുള്ള സ്വര ക്രമീകരണവും, ഭാവഭദ്രത ഉറപ്പാക്കിക്കൊണ്ടുള്ള സ്വരസഞ്ചാരവും രവീന്ദ്രനെ പോലെ ഇത്രയധികം മനസിലാക്കിയ മറ്റൊരു സംഗീതജ്ഞൻ ഉണ്ടാകില്ലെന്ന് തന്നെ പറയാം. ഹരിമുരളീരവം, ഒറ്റക്കമ്പി നാദം മാത്രം, ഗംഗേ, പ്രമദവനം വീണ്ടും തുടങ്ങിയവ യേശുദാസ് എന്ന ഗായകന്റെ ഗാനവിസ്മയത്തെ രവീന്ദ്രൻ പകർന്നു നൽകി. ക്ലാസിക്‌സ് എന്ന തലക്കെട്ടില്‍ മലയാളികള്‍ പാടിനടക്കുന്ന പാട്ടുകളിലേറെയും മാസ്റ്ററുടെ സംഗീതമാണ്. സുഖമോ ദേവി, ഏഴുസ്വരങ്ങളും, രാമകഥാഗാനലയം, ദേവസഭാതലം, ഘനശ്യാമമോഹന കൃഷ്ണാ തുടങ്ങി ഒരുപിടി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അതേ മാസ്റ്ററാണ് അഴകേ നിന്‍, മൂവന്തി താഴ്‌വരയില്‍, തേനും വയമ്പും, ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന, പത്തുവെളുപ്പിന്, ഒറ്റക്കമ്പിനാദം മാത്രം, ഒളിക്കുന്നുവോ തുടങ്ങിയ മെലഡികളും ഒരുക്കിയത്. രാജീവം വിടരും നിൻ മിഴികൾ, സുഖമോ ദേവി, പുഴയോരഴകുള്ള പെണ്ണ്, കുടജാദ്രിയിൽ കുടികൊള്ളും, വികാര നൗകയുമായ്, ഗോപികേ, ഏതോ നിദ്രതൻ, ഇന്നുമെന്റെ കണ്ണുനീരിൽ, പുലർകാലസുന്ദര, ചന്ദനമണിവാതിൽ, ഗോപികാവസന്തം, അഴകേ നിൻ, വികാരനൗകയുമായി, പുലരേ പൂങ്കൊടിയിൽ, ഗോപാംഗനെ, രാമായണക്കാറ്റേ, സൗപർണ്ണികാമൃതവീചികൾ, ഇരുഹൃദയങ്ങളിൽ, ആലില മഞ്ചലിൽ, ചീരപ്പൂവുകൾക്കുമ്മ, മകളേ പാതിമലരേ, ഒളിക്കുന്നുവോ, കളിപ്പാട്ടമായ് കൺമണി, പത്തുവെളുപ്പിനു, എന്തിനു വേറൊരു സൂര്യോദയം തുടങ്ങി രവീന്ദ്രൻ മാസ്റ്റർ ബാക്കിവച്ചുപോയ എണ്ണിയാലൊടുങ്ങാത്തത്രയും മധുരതര ഗാനങ്ങളെ ഇന്നും കേട്ടുകൊണ്ടേയിരിക്കുകയാണ് സംഗീതപ്രേമികൾ.
യേശുദാസ്-രവീന്ദ്രൻ കൂട്ടുകെട്ടിൽ തരംഗണിക്ക് വേണ്ടി നിരവധി ഉത്സവ, ലളിത ഗാനങ്ങളും പുറത്തിറങ്ങി. കാലമെത്ര കഴിഞ്ഞിട്ടും ആ പാട്ടുകളെല്ലാം ഇന്നും ആസ്വാദകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു. മാമാങ്കം പലകുറി കൊണ്ടാടി, ഉത്രാട പൂ നിലാവേ വാ, മുടിപ്പൂക്കൾ വാടിയാലെന്റോമനേ, തോണിക്കാരനും അവന്റെ പാട്ടും, ചിക്കര കുട്ടികളെ നിങ്ങൾ അമ്പല പ്രാവുകൾ തുടങ്ങിയ എത്രയോ അവിസ്മരണീയ ആവിഷ്‌ക്കാരങ്ങളാണ്ഗാന ശാഖയ്ക്ക് രവീന്ദ്രൻ നൽകിയത്. മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. ‘ഭരതം’ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991‑ലെ സംസ്ഥാന പുരസ്‌കാരം നേടി. ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. ആ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് യേശുദാസും നേടി. എം ജി ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്‌കാരം നേടി കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം (ഹിസ് ഹൈനസ് അബ്ദുള്ള) എന്ന ഗാനമാണ്.2002‑ല്‍ നന്ദനത്തിലെ ഗാനങ്ങള്‍ക്ക് വീണ്ടും സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.