31 December 2025, Wednesday

അനധികൃത കുടിയേറ്റക്കാർക്ക് ജോലി നൽകി; യുവമോർച്ച നേതാവിനെതിരെ കേസ്

Janayugom Webdesk
മംഗളൂരു
December 21, 2025 10:56 am

തിരിച്ചറിയൽ രേഖകളില്ലാത്ത ഒമ്പത് വിദേശ കുടിയേറ്റക്കാരെ താമസിപ്പിക്കുകയും ജോലി നൽകുകയും ചെയ്ത റിസോർട്ട് ഉടമക്കെതിരെ ഉഡുപ്പി ബ്രഹ്മാവർ പൊലീസ് കേസെടുത്തു. യുവമോർച്ച ഉഡുപ്പി ജില്ലാ പ്രസിഡന്റ് പൃഥ്വിരാജ് ഷെട്ടി ബില്ലാടിയുടെ ഉടമസ്ഥതയിലുള്ള ‘കുറടി ശങ്കമ്മ തായ്’ റിസോർട്ടിനെതിരെയാണ് നടപടി. ഗർഭിണിയായ വിദേശ വനിത ബർക്കൂറിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ആശുപത്രി അധികൃതർ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഇവരുടെ കൈവശം രേഖകളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് ബ്രഹ്മാവർ പൊലീസ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് കുട്ടികളടക്കം ഒമ്പത് പേരെ കണ്ടെത്തി. ഇന്ത്യയിൽ താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ ആവശ്യമായ പാസ്‌പോർട്ട്, വിസ തുടങ്ങിയ ഒരു രേഖയും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. ഇവർ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കടന്നതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

രേഖകളില്ലാത്ത വിദേശികളെ ജോലിക്ക് നിർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ മുന്നറിയിപ്പ് നൽകി. വിദേശ പൗരന്മാരെ താമസിപ്പിക്കുമ്പോൾ റിസോർട്ടുകളും ലോഡ്ജുകളും കൃത്യമായ വിവരങ്ങൾ ജില്ലാ പൊലീസ് ഓഫീസിൽ സമർപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പൗരത്വം തെളിയിക്കുന്ന രേഖകളില്ലാത്ത ഒമ്പത് പേർക്കെതിരെയും റിസോർട്ട് ഉടമക്കെതിരെയും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.