വിദേശങ്ങളിൽ തൊഴിൽ വാഗ്ദാനങ്ങളിൽ കുടുങ്ങി പണം നഷ്ടപ്പെടുന്നവർ ആത്മഹത്യയിലേക്കു നീങ്ങുന്നു. കഴിഞ്ഞ ദിവസം ആലുവയിലെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ട, മലേഷ്യയിൽ നിന്നു മടങ്ങിയെത്തിയ യുവാവ് നിരാശയാൽ ജീവനൊടുക്കിയതാണെന്ന സംശയം പ്രബലമാണ്. കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട പ്രവാസികളാണ് അധികവും തൊഴിൽ റാക്കറ്റിന്റെ കെണിയിൽപ്പെടുന്നതെന്നാണ് വിവരം. അവർ വിദേശത്ത് മറ്റെവിടെയെങ്കിലും തൊഴിലിന് സാധ്യത തേടുന്നതായി അറിയുന്ന റാക്കറ്റ് ദല്ലാളന്മാർ അനധികൃത റിക്രൂട്ടിങ് സ്ഥാപനങ്ങളിലെത്തിച്ച് കുടുക്കുന്നതാണ് രീതി.
കുടുംബാംഗങ്ങളുടെ സ്വർണം വിറ്റും കിടപ്പാടം പണയപ്പെടുത്തിയും വൻ പലിശയ്ക്കു കടം വാങ്ങിയുമൊക്കെയാണ് പലരും വിദേശത്തു പോകാനും തൊഴിലിനും പണം നൽകുന്നത്. തൊഴിൽ തേടിപ്പോയി, കിട്ടാതെ വഞ്ചിതരായി മടങ്ങുന്നവർ കടബാധ്യത എന്ന വലിയ യാഥാർത്ഥ്യത്തെയാണ് നേരിടുന്നത്. പരിഹാരമില്ലാതാകുമ്പോൾ ജീവിതം അവസാനിപ്പിക്കാന്‍ അവര്‍ നിർബന്ധിതരാകുന്നു. കേരളത്തിൽ അനധികൃത റിക്രൂട്ടിങ്ങുകൾ ഏറെയും മലേഷ്യയിലേക്കാണ് എന്നാണ് വിവരം. മറ്റൊരു വാഗ്ദത്ത ഭൂമി കാനഡയാണ്.
മ്യാന്മർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിനു തൊഴിലന്വേഷകരെയാണ് തായ്‌ലൻഡിൽ എത്തിച്ചത്. കുറെപ്പേരെ എംബസി ഇടപെട്ട് തിരിച്ചയച്ചതായും വാർത്തകളുണ്ട്. കമ്പനി വിവരങ്ങൾ, സ്ഥലം, ഏതു തരം ജോലി എന്നീ കാര്യങ്ങൾ അന്വേഷിച്ചും റിക്രൂട്ടിങ് സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പു വരുത്തിയും മാത്രമേ തൊഴിലിനായുള്ള വിദേശ യാത്രയ്ക്ക് തീരുമാനമെടുക്കാവൂ എന്ന് വിദേശമന്ത്രാലയം ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, യുവാക്കൾ റാക്കറ്റിന്റെ കെണിയിൽപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.
തായ്‌ലൻഡിൽ എത്തിയവരിലേറെയും തമിഴ്നാട്ടുകാരാണ്. കമ്പോഡിയയിൽ നിന്നും 50 പേരെ എംബസി ഇടപെട്ട് തിരിച്ചയച്ചു.
തൊടുപുഴയിലെ സ്വകാര്യ തൊഴില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം 50, 000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വാങ്ങി നിരവധി പേരെയാണ് കബളിപ്പിച്ചത്. ഗൾഫ്, യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. നിലവിൽ സ്ഥാപനം പൂട്ടിയ നിലയിലാണ്. എത്ര പേർ തട്ടിപ്പിന് ഇരയായെന്ന് വ്യക്തമല്ല. പൊലീസിൽ പരാതിയുമായി എത്തിയത് 60 പേർ.
പ്രശസ്ത കമ്പനികളുടെ പേരിൽ എച്ച്ആർ, ഓഫീസ് അഡ്മിനിസ്ട്രേഷൻ തസ്തികകളിലേക്ക് വ്യാജ ഓഫർ നൽകി, 1000 രൂപ വീതം ഏജൻസി ഫീസ് വാങ്ങി കൊച്ചിയിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് നിരവധി പരാതികളാണ് പൊലീസിലെത്തിയത്. ആദ്യം തുക വാങ്ങിയവരെ ഉപയോഗിച്ച് കൂടുതൽ പേരെ ചേർത്തു. ഈടാക്കുന്നത് ചെറിയ തുകയായതിനാൽ പരാതികളുണ്ടാവില്ലെന്നായിരുന്നു തട്ടിപ്പുകാരുടെ കണക്കുകൂട്ടൽ. എറണാകുളം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ തൊഴിൽ അന്വേഷകർക്കാണ് തുക നഷ്ടപ്പെട്ടത്. വിദേശത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തൊഴിൽ തട്ടിപ്പുകൾ അരങ്ങേറുന്ന വാർത്തകൾ പ്രചരിക്കുമ്പോഴും, തട്ടിപ്പ് സംഘങ്ങളുടെ കുടുക്കിൽപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതെന്നതാണ് വിചിത്രം.
വ്യാജ യാത്രാരേഖകൾ തയാറാക്കി ജോലിക്കായി ആളുകളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ. ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ഗോപവാരം തല റാം ബാബു (46), ഈസ്റ്റ് ഗോദാവരി കൊല്ലാപാളയം വെഡ്ഡി മോഹൻ റാവു (50) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തത്.
ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ മസ്കറ്റിൽ വീട്ട് ജോലിക്കെന്നു പറഞ്ഞാണ് വിസിറ്റിങ് വിസയിൽ നെടുമ്പാശേരി വഴി കൊണ്ടുപോകാൻ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനയിൽ വിസ, റിട്ടേൺ ടിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ യാത്രാ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എജന്റുമാരെ ആന്ധ്രയിൽ നിന്നും പിടികൂടിയത്. പെരുമ്പാവൂർ എഎസ്‌പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടി കെ സുധീർ, എഎസ്ഐമാരായ അബ്ദുൾ സത്താർ, ബൈജു കുര്യൻ, പ്രമോദ്, ഷിജു, സിപിഒമാരായ നവാബ്, ആന്റണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
English Summary:Employment fraud again; Suicide shelter for victims
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.