1 January 2026, Thursday

Related news

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025

തൊഴിലുറപ്പ് പദ്ധതി വേതന വിതരണം: കേന്ദ്ര വാദം പൊള്ളയെന്ന് പഠനം

വാണിജ്യ‑വ്യാവസായിക മേഖലയ്ക്ക് പദ്ധതി കരുത്തായില്ല 
Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2025 9:04 pm

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആധാര്‍ അധിഷ്ഠിത വേതന വിതരണം വേഗതയും സുതാര്യതയും ഉറപ്പുവരുത്തിയെന്ന കേന്ദ്രം വാദം പൊള്ളയെന്ന് പഠനം. ബജറ്റ് വിഹിതത്തിലെ ഇടിവും ഫണ്ട് ലഭിക്കാതെ വേതനം അനിശ്ചിതമായി വൈകുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദി ഇന്ത്യന്‍ ജേണല്‍ ഓഫ് ലേബര്‍ ഇക്കണോമിക്സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മോഡി സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് സമര്‍ത്ഥിക്കുന്നത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഡിജിറ്റല്‍ പരീക്ഷണങ്ങളുടെ ലബോറട്ടറിയാക്കി മാറ്റിയെന്ന് പഠനത്തില്‍ പറയുന്നു. ബാങ്ക് അക്കൗണ്ട് വഴി വേതനം വിതരണം ചെയ്തുവന്നിരുന്ന രീതിക്ക് പകരം ആധാര്‍ അധിഷ്ഠിത വിതരണം നിലവില്‍ വന്നതോടെ ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ജാതി അടിസ്ഥാനമാക്കിയുള്ള വേതന വിതരണം, ആധാര്‍ അധിഷ്ഠിത വേതനം വിതരണം എന്നിവ സംബന്ധിച്ച വിവരാവകാശ മറുപടി ആസ്പദമാക്കിയാണ് ദി ഇന്ത്യന്‍ ജേണല്‍ ഓഫ് ലേബര്‍ ഇക്കണോമിക്സ് പഠനം നടത്തിയത്. 

2021–22 ല്‍ 3.13 കോടി വേതന ഇടപാടുകളാണ് നടന്നത്. ഇതുവഴി 4,602 കോടി രൂപ വേതനമായി നല്‍കി. നേരത്തെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് വേതനം നിക്ഷേപിച്ചിരുന്ന പദ്ധതി 2024 ജനുവരി ഒന്നുമുതല്‍ എബിപിഎസ് സംവിധാനത്തിലേക്ക് പറിച്ചുനട്ടതോടെ സാങ്കേതിക തകരാറും ഭരണപരമായ വീഴ്ചയും കാരണം ലക്ഷക്കണക്കിന് പേര്‍ പദ്ധതിയില്‍ നിന്ന് പുറത്തായി. വേതന വിതരണം വേഗത്തിലായെന്ന വാദം അടിസ്ഥാനരഹിതമാണ്. ബാങ്ക് വഴിയുള്ള വിതരണത്തേക്കള്‍ സമയദൈര്‍ഘ്യം എബിപിഎസ് വന്നതോടെ സംഭവിച്ചു. സാങ്കേതിക തകരാറും സ്ഥിതി വിവര കണക്കിലെ അന്തരവും വേതനം വൈകുന്നതിന് പ്രധാന കാരണമായി.

ഇന്റര്‍നെറ്റ് ലഭ്യത, സ്മാര്‍ട്ട് ഫോണ്‍ കൈകാര്യം ചെയ്യാനുള്ള തൊഴിലാളികളുടെ അ‍ജ്ഞത എന്നിവയും ഘടകങ്ങളായി മാറി. സംസ്ഥാനങ്ങള്‍ പണി പൂര്‍ത്തിയാക്കി ഏഴ് ദിവസത്തിനുള്ളില്‍ ഇതിന്റെ പൂര്‍ണ വിവരം കേന്ദ്ര മന്ത്രാലയത്തിന് ഇന്റര്‍നെറ്റ് വഴി സമര്‍പ്പിക്കണം. തുടര്‍ന്നുള്ള ഏഴ് ദിവസത്തിനുള്ളില്‍ വേതനത്തുക തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് മാറ്റുന്ന രീതിയാണ് ഇപ്പോഴുള്ളത്. പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള രണ്ട് ഘട്ടവും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാകുന്നില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ബജറ്റ് വിഹിതം വെട്ടിക്കുറച്ചതും വേതനം വൈകാന്‍ പ്രധാന ഘടകമായി.
വേതനം വിതരണം സൂതാര്യമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പദ്ധതികള്‍ ഏറ്റെടുക്കല്‍, നിരീക്ഷണം, നിര്‍മ്മാണ വസ്തുക്കളുടെ ഉപയോഗം, വിലനിര്‍ണയം തുടങ്ങിയ വിഷയങ്ങള്‍ സാതാര്യമായല്ല നടക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.