ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള വേതന കുടിശികയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. സര്‍ക്കാരുകളും രാഷ്ട്രീയവും ഇക്കാര്യത്തില്‍ മാറ്റി നിര്‍ത്തണമെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
തൊഴിലുറപ്പു തൊഴിലാളികളുടെ വേതനം 15–16 മാസക്കാലമായി ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ ബന്ധപ്പെട്ട അക്കൗണ്ടില്‍ ബാക്കിയിരുപ്പ് ഇല്ലാതായിരിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള തുക കൈമാറുന്നില്ല. ഇതുമൂലം തൊഴിലാളികള്‍ ദുരിതത്തിലാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. 2015ല്‍ സ്വരാജ് അഭിയാന്‍ എന്ന സന്നദ്ധ സംഘടനയുടെ ഹര്‍ജിയില്‍ സമര്‍പ്പിച്ച ഇടക്കാല അപേക്ഷയാണ് ബെഞ്ച് ഇന്നലെ പരിഗണിച്ചത്. സര്‍ക്കാരുകളല്ല മറിച്ച് സന്നദ്ധ സംഘടനയാണ് ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിച്ചതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദംതള്ളി, സര്‍ക്കാരുകളെയും രാഷ്ട്രീയത്തെയും മാറ്റിനിര്‍ത്തി മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
തൊഴിലുറപ്പ് നിയമ പ്രകാരം വര്‍ഷത്തില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പു വരുത്തണമെന്നും തൊഴിലിന് അപേക്ഷ നല്‍കി 15 ദിവസം കൊണ്ട് തൊഴില്‍ ലഭ്യമാക്കണമെന്നും അതിന് പറ്റാത്ത സാഹചര്യമുണ്ടായാല്‍ തൊഴിലില്ലായ്മാ വേതനം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. തൊഴില്‍ ചെയ്തതിന്റെ വേതനം നല്‍കുന്നതില്‍ 15 ദിവസത്തിലധികം കാലതാമസം നേരിട്ടാല്‍ അതിന് നഷ്ടപരിഹാരവും നല്‍കണം. നിലവില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 13,000 കോടി രൂപയോളമാണ് ഈ ഇനത്തില്‍ കുടിശിക വരുത്തിയിരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വ്യക്തമാക്കി.
ബജറ്റ് വിഹിതം വെട്ടിച്ചുരുക്കിയും തൊഴില്‍ദിനങ്ങള്‍ വെട്ടിക്കുറച്ചും വേതനം കൃത്യമായി വിതരണം ചെയ്യാതെയും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന് മാത്രം 600 കോടിയോളം രൂപ കുടിശികയായി ലഭിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
English Summary: MGNERA: Supreme Court seeks clarification
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.