12 April 2025, Saturday
KSFE Galaxy Chits Banner 2

എമ്പുരാന്‍ : വംശീയ ഉന്മൂലനത്തിന്റെ ആയിരത്തിലൊന്ന് മാത്രം: ഗോപാൽ മേനോൻ

Janayugom Webdesk
കോഴിക്കോട്
April 7, 2025 10:45 pm

പൃഥ്വിരാജ് — മോഹൻലാൽ ചിത്രം എമ്പുരാനിൽ ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്റെ ആയിരത്തിലൊന്ന് മാത്രമാണ് ഉള്ളതെന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ഗോപാൽ മേനോൻ. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ‘ഹേ റാം: ജെനോസൈഡ് ഇൻ ദ ലാൻഡ് ഓഫ് ഗാന്ധി’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ കൂടിയാണ് ഗോപാൽ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് ശേഷം ഹിന്ദുത്വ ഫാസിസത്തിന്റെ വളർച്ചയ്ക്ക് സമാന്തരമായി രാജ്യത്തുണ്ടായ വംശീയ ഉന്മൂലനമാണ് 2002ൽ ഗുജറാത്തിൽ നടന്നത്. ഗുജറാത്ത് വംശീയ ഉന്മൂലനത്തെ പുത്തൻ തലമുറയുടെ മുന്നിലേയ്ക്ക് കൊണ്ടുവച്ചു എന്നതാണ് എമ്പുരാൻ എന്ന സിനിമ നിർവഹിച്ച രാഷ്ട്രീയധർമ്മം. ആ അർത്ഥത്തിൽ സംവിധായകനായ പൃഥ്വിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയും മതേതരസമൂഹത്തിന് വലിയ സംഭാവനയാണ് നൽകിയത്. 

എന്നാൽ ഈ സിനിമ കണ്ട് ഗുജറാത്ത് കൂട്ടക്കൊലയെപ്പറ്റി മനസിലാക്കുന്നവർ അറിയേണ്ടത് ആ സിനിമയിൽ യഥാർത്ഥത്തിൽ നടന്ന ഹിംസയുടെ ആയിരത്തിലൊന്ന് പോലും ഇല്ല എന്നതാണ്. ആ സിനിമയിലെ രംഗങ്ങൾ നിങ്ങളെ ഞെട്ടിച്ചെങ്കിൽ ശരിക്കും നടന്ന കാര്യങ്ങൾ സങ്കൽപ്പിക്കാൻ പോലും സാധിക്കാത്തതാണ്. 2002ൽ ഗുജറാത്തിൽ സംഭവിച്ചത് ഇതിനേക്കാൾ എത്രയോ ഭയാനകമായ കാര്യങ്ങളാണ്. ഗർഭിണിയായ കൗസർ ബാനുവിന്റെ വയർ കീറി ഭ്രൂണം പുറത്തെടുത്ത ശവശരീരത്തിന്റെ ഫോട്ടോ തന്റെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഗുജറാത്ത് കൂട്ടക്കൊല നടന്നു കൊണ്ടിരിക്കുമ്പോൾത്തന്നെ അവിടെ ആദ്യമായി ക്യാമറയുമായി എത്തിയവരിൽ ഒരാളാണ് താൻ. കലാപം നടക്കുന്ന കാലത്ത് തന്നെ അതേക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിച്ച് പ്രദർശിപ്പിച്ചിരുന്നു. ഗുജറാത്ത് വംശീയ ഉന്മൂലനത്തെക്കുറിച്ച് ആദ്യമായി നിർമ്മിക്കപ്പെട്ട ഡോക്യുമെന്ററിയും അതായിരിക്കുമെന്നും ഗോപാൽ മേനോൻ വ്യക്തമാക്കി. 

2002 മുതൽ 2014 വരെ ഗുജറാത്തിനെ സംബന്ധിച്ച രണ്ട് ഭാഗങ്ങളുള്ള ‘അൺഹോളി വാർ 1, അൺഹോളി വാർ 2’ എന്ന പരമ്പരകളുടെ സംവിധാനവും കാമറയും നിർമ്മാണവും താൻ ചെയ്തതാണ്. ചാനൽ 4 യുകെ പ്രക്ഷേപണം ചെയ്ത ‘ഹിന്ദു നാഷണലിസം ഇൻ യുകെ ’ എന്ന ഡോക്യുമെന്ററിയുടെ ലൊക്കേഷൻ ഡയറക്ടർ, ലൊക്കേഷൻ നിർമ്മാതാവ്, കാമറാമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗുജറാത്ത് വംശീയ ഉന്മൂലനത്തെ കുറിച്ച് സമൂഹവും പുതിയ തലമുറയും കൂടുതലായി അറിയേണ്ടതുണ്ടെന്നും ഹിന്ദുത്വ വർഗീയത ഇന്ത്യയെന്ന മതേതര രാജ്യത്തെ ഏതെല്ലാം വിധത്തിലാണ് തകർക്കുന്നത് എന്ന് കൃത്യമായി അറിയുകയാണ് ഇന്ത്യയെ സംരക്ഷിക്കാനുള്ള ഏറ്റവും ആദ്യത്തെ പ്രധാന പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. 

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.