
കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പട്ട എയര്‍ ഇന്ത്യ വിമാനം എൻജിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കി. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം നിലത്തുരഞ്ഞു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്. രാവിലെ 9.45നാണ് വിമാനം കോഴിക്കോട് നിന്ന് പറന്നുയര്‍ന്നത്. ടേക്ക് ഓഫിന് തൊട്ട് പിന്നാലെ എൻജിന്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം എമര്‍ജന്‍സി ലാന്‍ഡിംഗിന് നിര്‍ദ്ദേശം നല്‍കിയത്. 182 യാത്രക്കാരാണ് വിമാനത്തിലുള്ളത്. എയര്‍ ഇന്ത്യയുടെ IX 385 വിമാനമാണ് 12.20ഓടെ അടിയന്തിരമായി ഇറക്കിയത്.
യാത്രക്കാരെ പകരം വിമാനത്തില്‍ തിരുവനന്തപുരത്തുനിന്നുതന്നെ ദമാമിലേക്ക് അയയ്ക്കാനുള്ള സജീകരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ യാത്രക്കാരുടെ കൂടി അഭിപ്രായം തേടിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. വീണ്ടും കോഴിക്കോട് പോകണമെന്ന് പറയുന്നവരെ കെഎസ്ആര്‍ടിസി ബസ് ഏര്‍പ്പെടുത്തി യാത്രയാക്കുന്നതിനും തയ്യാറാണെന്ന് അധികൃതര്‍ പറയുന്നു.
തകരാര്‍ അനുഭവപ്പെട്ട സാഹചര്യത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുന്നതിനാണ് ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. ലാന്‍ഡിങ്ങിനുള്ള സജീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തുംവരെ വിമാനം ഏറെ നേരം വിഴിഞ്ഞം മേഖലയില്‍ ആകാശത്ത് വട്ടമിട്ട് പറത്തിയിരുന്നു. സുരക്ഷിതമായി വിമാനം നിലത്തിറക്കിയതോടെ യാത്രക്കാരും കേരളമാകെയും ആശ്വാസത്തിലാവുകയായിരുന്നു.
അന്വേഷണം നടത്തണമെന്ന് ബിനോയ് വിശ്വം എംപി
കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം എംപി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. എയർ ഇന്ത്യയും മറ്റ് വിമാനക്കമ്പനികളും വന്‍ ലാഭമുണ്ടാക്കുന്നതിനെ കുറിച്ച് മാത്രമാണ് ആശങ്കപ്പെടുന്നതെന്ന് ബിനോയ് വിശ്വം ട്വിറ്ററില്‍ കുറിച്ചു. യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് അവർക്കു തീരെ ആശങ്കയില്ല. കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയപ്പോൾ അതിലുണ്ടായിരുന്ന 176 പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.
English Sammury: An Air India flight from Kozhikode to Dammam landed at Thiruvananthapuram due to engine failure
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.