22 January 2026, Thursday

Related news

January 19, 2026
January 9, 2026
January 2, 2026
December 30, 2025
November 28, 2025
November 16, 2025
November 5, 2025
November 5, 2025
October 23, 2025
October 18, 2025

പറന്നുയർന്നു സെക്കന്റുകൾക്കകം എൻജിനുകളുടെ പ്രവർത്തനം നിലച്ചു; അഹമ്മദാബാദ് വിമാനപകടത്തിൽ പ്രാഥമിക റിപ്പോർട്ടിൽ ദുരൂഹത

അന്വേഷണം സാങ്കേതിക പിഴവിലേക്ക് 
Janayugom Webdesk
ന്യൂഡൽഹി / മുംബൈ
July 12, 2025 8:29 am

അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ സംഭവത്തിന്റെ ദുരൂഹത വർധിച്ചു. പറന്നുയർന്ന് സെക്കന്റുകൾക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവർത്തനം നിലച്ചു. എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. എയർക്രാഫ്റ്റ് ആക്സി‍ഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. എൻജിനിലേക്ക് ഇന്ധനം പോകുന്ന സംവിധാനത്തിന്റെ പ്രവർത്തനം താളം തെറ്റിയതാണ് രണ്ട് എൻജിനുകളും നിലയ്ക്കാൻ കാരണം എന്നാണു നിഗമനം.

പൈലറ്റുമാരുടെ പിഴവിനുള്ള സാധ്യതകള്‍ തള്ളി വിദഗ്ധര്‍ 

ദുരന്തത്തിനിടയാക്കിയത് ഇന്ധന സ്വിച്ച് നിശ്ചലമായതിനെ തുടര്‍ന്ന് എന്‍ജിനിലേക്കുള്ള ഇന്ധന പ്രവാഹം നിലച്ചത് മൂലമാകാമെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബോയിങ് വിമാനത്തിന്റെ സാങ്കേതിക പിഴവ് വീണ്ടും ചര്‍ച്ചയാകുന്നു. പൈലറ്റുമാരുടെ വീഴ്ച മൂലം ഇന്ധന സ്വിച്ച് നിശ്ചലമായതാവാം എന്ന വാദത്തെ പൈലറ്റുമാരും വ്യോമയാന രംഗത്തെ വിദഗ്ധരും തള്ളിക്കളയുന്നു. വിമാനത്തിന്റെ കോക്പിറ്റില്‍ ത്രസ്റ്റ് ലിവറുകള്‍ക്ക് തൊട്ടുതാഴെയാണ് ഇന്ധന സ്വിച്ചുകളുടെ സ്ഥാനം. ഇത് പ്രവര്‍ത്തിക്കണമെങ്കില്‍ സ്വിച്ച് വലിച്ചുയര്‍ത്തി ‘റണ്‍’ അല്ലെങ്കില്‍ ‘ഓഫ്’ നിലയിലേക്ക് മാറ്റണം. ഒരിക്കല്‍ മാറ്റിയാല്‍ ഇത് ലോക്കായി തല്‍സ്ഥിതി തുടരും. സ്വിച്ച് ഓഫ് ആക്കിയാല്‍ എന്‍ജിനിലേക്ക് ഇന്ധനം എത്തിക്കുന്ന വാല്‍വ് അടയും. ഇരട്ട എന്‍ജിനുള്ള, അപകടത്തില്‍പെട്ട ബോയിങ് വിമാനത്തില്‍ ഇത്തരത്തില്‍ രണ്ട് സ്വിച്ച് ആണുള്ളത്. ഓരോ എന്‍ജിനും പ്രത്യേകം സ്വിച്ചാണ്. ഇടതു വശത്തുള്ള സ്വിച്ച് ഓഫാക്കിയാല്‍ ഇടത് എന്‍ജിന്റെ പ്രവര്‍ത്തനം നിലയ്ക്കും. വലതുവശത്തേത് ആണെങ്കില്‍ വലത് എന്‍ജിനും. ഇത് പൈലറ്റുമാരുടെ അശ്രദ്ധയോ പിഴവോകൊണ്ട് ഓഫാകാന്‍ യാതൊരു സാധ്യതയുമില്ല.

എന്നാല്‍ അപകടത്തിനിരയായ വിമാനം പറന്നുയരുന്നതിനിടെ ഇന്ധന സ്വിച്ച് ഓഫായി എന്നത് സാധൂകരിക്കുന്ന സംഭാഷണം വോയ്സ് റെക്കോഡറില്‍ നിന്നും വീണ്ടെടുത്തിട്ടുണ്ട്. ഒരു പൈലറ്റ് സഹ പൈലറ്റിനോട് നിങ്ങള്‍ ഇന്ധന സ്വിച്ച് ഓഫ് ചെയ്തോ എന്നു ചോദിക്കുന്നതും മറ്റേയാള്‍ ഇത് നിഷേധിക്കുന്ന മറുപടിയും ആണ് തെളിവായി ലഭിച്ചിട്ടുള്ളത്.

എന്നാല്‍ ഒരു പൈലറ്റും വിമാനത്തിന്റെ ടേക്ക് ഓഫിനിടെ സ്വമേധയാ ഇന്ധന സ്വിച്ച് ഒ‌ാഫ് ചെയ്യാന്‍ സാധ്യതയില്ലെന്ന് വ്യോമയാന രംഗത്തെ വിദഗ്ധര്‍ പറയുന്നു. സ്വിച്ച് ഒ‌ാഫാക്കിയാല്‍ എന്‍ജിന്‍ നിശ്ചലമാവുമെന്ന് എല്ലാ പൈലറ്റുമാര്‍ക്കുമറിയാം. വിമാനം പറന്നുയരുന്ന വേളയില്‍ ആരുമത് ചെയ്യില്ല. അബദ്ധത്തില്‍ കൈതട്ടി ഒ‌ാഫാവുന്ന തരം സ്വിച്ചുമല്ല ഇന്ധന സ്വിച്ച്. സോഫ്റ്റ്‌വേര്‍ തകരാര്‍ മൂലവും സ്വമേധയാ സ്വിച്ച് ഓഫാവില്ല. ഒന്നുകില്‍ ആരെങ്കിലും ബോധപൂര്‍വം സ്വിച്ച് ഒ‌ാഫാക്കണം. അല്ലെങ്കില്‍ സ്വിച്ചിന്റെ ലോക്കിങ് സംവിധാനം തകരാറിലായിട്ടുണ്ടാവണം. ലോക്കിങ് സംവിധാനം തകരാറായി എങ്കില്‍ ബോയിങ് വിമാനങ്ങളുടെ പിഴവിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

ജൂൺ 12ന് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ അപകടത്തിൽ 260 പേരാണു മരിച്ചത്. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും ‘താൻ ചെയ്തിട്ടില്ലെന്ന്’ മറുപടി പറയുന്നതും വോയ്‌സ് റെക്കോഡിൽ ഉണ്ട്. ഏതു പൈലറ്റാണ് ഇത്തരത്തിൽ മറുപടി പറഞ്ഞതെന്നു വ്യക്തമല്ല. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് സഹപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. വിമാനം പറന്നുയർന്ന ഉടൻ അപകടം സംഭവിക്കുകയായിരുന്നു. 600 അടി ഉയരത്തിൽ വെച്ചാണ് വിമാനം നിലംപതിച്ചത്. കെട്ടിടങ്ങളിൽ ഇടിച്ച് തീപിടിച്ചതിനെത്തുടർന്ന് വിമാനം പൂർണ്ണമായി നശിച്ചു. റൺവേ 23 ന്റെ അറ്റത്ത് നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലാണ് വിമാനം ഇടിച്ചത്.

വിമർശിച്ച് പൈലറ്റ് അസോസിയേഷൻ

അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ വിമർശിച്ച് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(ആൽപ). ദുരന്തത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ 15 പേജുള്ള പ്രാഥമികാന്വേഷണ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.

എന്നാൽ അതിലെ ധ്വനിയും ദിശയും പൈലറ്റുമാരുടെ കുറ്റമാണെന്ന മട്ടിലാണെന്നും മുൻധാരണയില്ലാതെ വേണം അന്വേഷണം പൂർത്തിയാക്കാനെന്നും അസോസിയേഷൻ വ്യക്തമാക്കി. അന്വേഷണത്തിന് യോഗ്യതയുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചില്ല. അന്വേഷണത്തിന്റെ സുതാര്യതയും വിശ്വസ്തതയും ഉറപ്പാക്കാൻ പൈലറ്റുമാരുടെ പ്രതിനിധികളെ നിരീക്ഷകരാക്കി വയ്ക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് എയർലൈൻ പൈലറ്റ്സ് അസോസിയേഷനിലെ അംഗമാണ് ആൽപയും.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.