
ടി20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ 304 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 300 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്. മത്സരത്തില്‍ 146 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 16.1 ഓവറില്‍ 158 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി.
60 പന്തിൽ 141 റൺസെടുത്ത ഫിൽ സാൾട്ടും 30 പന്തിൽ 83 റൺസെടുത്ത ജോസ് ബട്ലറും 21 പന്തിൽ 41 റൺസെടുത്ത ക്യാപ്റ്റൻ ഹാരി ബ്രൂക്കും 14 പന്തിൽ 26 റൺസെടുത്ത ജേക്കബ് ബെതലുമാണ് ഇംഗ്ലണ്ടിന് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഇംഗ്ലണ്ട് ആറ് ഓവറിൽ 100 റൺസ് കടന്നു. ജോസ് ബട്ലറും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് 126 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഏഴ് പടുകൂറ്റൻ സിക്സറുകളും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്‌ലറുടെ ഇന്നിങ്സ്. ബട്ലര്‍ ദൗത്യം സാൾട്ട് ഏറ്റെടുത്തു. എട്ട് സിക്സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു സാൾട്ടിന്റെ ഇന്നിങ്സ്. സാള്‍ട്ടും ബട്ലറും ചേര്‍ന്ന ഓപ്പണിങ് സഖ്യം 1000 റൺസിന്റെ കൂട്ടുകെട്ട് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് ജോഡിയായി ഇരുവരും മാറി. ടി20യിൽ സെഞ്ചുറി എണ്ണത്തിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവിനൊപ്പമെത്തി സാൾട്ട്. അഞ്ച് വീതം സെഞ്ചുറികളുള്ള രോഹിത് ശർമ്മയും ഓസീസ് ബാറ്റർ ഗ്ലെൻ മാക്സ്‌വെല്ലുമാണ് മുന്നിലുള്ളത്. 39 പന്തിൽ സെഞ്ചുറി തികച്ച സാൾട്ട്, ഒരു ഇംഗ്ലണ്ട് ബാറ്ററുടെ വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡും സ്വന്തമാക്കി.
ബട്ലര്‍ മടങ്ങിയ ശേഷം ജേക്കബ് ബേഥലിനെ കൂട്ടുപിടിച്ച സാള്‍ട്ട് സ്കോര്‍ വേഗത്തില്‍ തന്നെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 26 റണ്‍സ് മാത്രമാണ് ബേഥലിന്റെ സംഭാവനയെങ്കില്‍ മറ്റു റണ്‍സ് സാള്‍ട്ടിന്റെ ബാറ്റില്‍ നിന്നാണ് പിറന്നത്. ബേഥല്‍ മടങ്ങിയ ശേഷമെത്തിയ ഹാരി ബ്രൂക്കും തകര്‍ത്തടിച്ചു. മത്സരത്തില്‍ 12.1 ഓവറിലാണ് ഇംഗ്ലണ്ട് 200 റണ്‍സിലെത്തിയത്. 41 പന്തിൽ നിന്നും അഞ്ച് ഫോറും ഒരു സിക്‌സുമടങ്ങുന്നതാണ് ബ്രൂക്കിന്റെ ഇന്നിങ്സ്. ദക്ഷിണാഫ്രിക്കയുടെ പ്രധാന പേസറായ കാഗിസോ റബാഡയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. നാല് ഓവറിൽ 70 റൺസ് വഴങ്ങി. മാർക്കോ യാൻസൻ 60 വാങ്ങിയപ്പോൾ ലിസാഡ് വില്യംസൺ 62 റൺസ് വഴങ്ങി. രണ്ട് വിക്കറ്റും വീഴ്ത്തിയ ബിയോൺ ഫോർച്ചുയിനും 52 റൺസ് വീതം വഴങ്ങി.
മറുപടി ബാറ്റിങ്ങില്‍ 20 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമാണ് ടോപ് സ്കോറര്‍. ബ്യോൺ ഫോർട്ടുയിൻ 16 പന്തില്‍ 32 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടി. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ 1–1ന് ഒപ്പത്തിനൊപ്പമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.