22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024

മഴയ്ക്ക് നേരിയ ശമനം; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍

Janayugom Webdesk
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്
July 6, 2023 11:55 pm

സംസ്ഥാനത്ത് രണ്ടു ദിവസം കലിതുള്ളി പെയ്ത മഴയ്ക്ക് നേരിയ ശമനം. ശക്തമായ മഴ 24 മണിക്കൂർ കൂടി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ വൈകുന്നേരത്തോടെ ദുർബലമാകുന്ന മഴ 12-ാം തീയതിയോടെ ശക്തമാകും. മഴക്കെടുതികൾ നേരിടുന്നതിനായി ഏഴ് ജില്ലകളിൽ എൻഡിആർഎഫ് സംഘങ്ങൾ ഇതിനകം എത്തിയിട്ടുണ്ട്.
കോഴിക്കോട് ചാലിയത്ത് നിന്നും മത്സ്യബന്ധനത്തിനുപോയ അഞ്ച് മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ മത്സ്യബന്ധനത്തിനായി പോയത്. തിരിച്ചെത്താത്തതിനെ തുടർന്നാണ് ചാലിയത്തുള്ള മറ്റ് മത്സ്യത്തൊഴിലാളികൾ കോസ്റ്റൽ പൊലീസിൽ വിവരം അറിയിച്ചത്. രക്ഷാപ്രവർത്തനത്തിനായി കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡ് സംഘം തിരിച്ചിട്ടുണ്ട്.
ഇടുക്കിയിൽ മറയൂർ ചട്ട മൂന്നാർ ഭാഗത്ത് റോഡിൽ മണ്ണിടിഞ്ഞ് വീണും പള്ളിവാസലിൽ മരം കടപുഴകി വീണും ഗതാഗത തടസം ഉണ്ടായി. 42 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2313.36 അടിയായി ഉയർന്നിട്ടുണ്ട്. മുല്ലപ്പെരിയാറിൽ 116.90 അടിയായും ജലനിരപ്പ് ഉയര്‍ന്നു.
ആലപ്പുഴയില്‍ കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി. 184 കുടുംബങ്ങളിൽ നിന്നായി 571 പേർ ക്യാമ്പുകളിൽ കഴിയുന്നു. തൃശൂരില്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് 422 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ പരമാവധി ജലവിതാന നിരപ്പ് 424 മീറ്റര്‍ ആണ്. മഴ കനത്തതോടെ ചാലക്കുടി പുഴ നിറഞ്ഞു. കനത്ത മഴയിൽ വെങ്കിടങ്ങ്, മുല്ലശേരി എന്നിവിടങ്ങളിലായി നാല് വീടുകൾ തകർന്നു. 

നാല് മരണം; രണ്ടുപേര്‍ക്കായി തിരച്ചില്‍ 

സംസ്ഥാനത്ത് മഴക്കെടുതിയില്‍ നാല് മരണം. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മകളുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനിടെ കോടിയേരി ആച്ചുകുളങ്ങര നീലേശ് നിവാസിൽ പി പി ദിവാകരൻ കുഴഞ്ഞുവീണു മരിച്ചു.
തിരുവനന്തപുരം പാറശാലയില്‍ വീടിന് മുകളിലേക്ക് ചാഞ്ഞ മരക്കൊമ്പ് മുറിച്ചുമാറ്റവെ ഗൃഹനാഥൻ വഴുതിവീണ് മരിച്ചു. ചെറുവാരക്കോണം പരക്കുടിവിള പുത്തൻവീട്ടിൽ ചന്ദ്ര (68) ആണ് മരിച്ചത്. വീട്ടുവളപ്പിലെ കുളത്തിൽ വീണ് തൊളിക്കോട് ചെരുപ്പാണി നിരപ്പിൽ വീട്ടിൽ അക്ഷയ് (ആരോമൽ-15) മരിച്ചു.
മഴക്കെടുതിയില്‍ കോട്ടയം അയ്മനം മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പന്‍ (73 )മരിച്ചു. കന്നുകാലിക്ക് തീറ്റ നൽകാനായി പോകുമ്പോൾ വീടിന് സമീപത്തെ അഞ്ചടിയിലധികം താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.
കോഴിക്കോട് വടകരയിലും മുക്കത്തും ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടുപേരെ ഇനിയും കണ്ടെത്താനായില്ല.
വടകര ചോറോട് കൊമ്മിണേരിത്താഴ പാലത്തിന് സമീപം വൈക്കിലശേരി മീത്തലെ പറമ്പത്ത് ജാനുവിന്റെ മകൻ വിജി എന്ന വിജീഷ്(35), ഇരുവഞ്ഞിപ്പുഴയുടെ കൊടിയത്തൂർ തെയ്യത്തുംകടവിൽ ഒഴുക്കിൽപ്പെട്ട കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി കെ ഉസൻകുട്ടി(65) എന്നിവരെയാണ് കാണാതായത്.

അഞ്ച് ജില്ലകളില്‍ അവധി 

കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലും മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Slight relief from rain; Land­slides in Kan­nur and Kasaragod districts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.