സംസ്ഥാനത്തെ പാലിയേറ്റീവ് കെയർ രോഗികൾക്ക് ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് ബാധിച്ച കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി കോവിഡ് പരിചരണം ഉറപ്പാക്കണം. സർക്കാർ, സന്നദ്ധ മേഖലയിലുള്ള ധാരാളം പാലിയേറ്റീവ് കെയർ യൂണിറ്റുകൾ നിലവിൽ കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ പരിചരണം നൽകുന്നുണ്ട്.
ഗുരുതരമല്ലാത്ത പാലിയേറ്റീവ് രോഗികളെ ആശുപത്രികളിലേക്ക് മാറ്റാതെ വീടുകളിൽ പോയി ശാസ്ത്രീയമായ പരിചരണം നൽകുവാൻ എല്ലാ യൂണിറ്റുകൾക്കും കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. സന്നദ്ധ സംഘടനകളുടേയും പ്രവർത്തകരുടേയും യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. സന്നദ്ധമേഖലയിൽ പ്രവർത്തിക്കുന്ന നഴ്സുമാർക്കും വോളന്റിയർമാർക്കും കോവിഡ് രോഗികളുടെ പരിചരണത്തിൽ പരിശീലനം നൽകിവരുന്നു. മുഴുവൻ നഴ്സുമാർക്കും സന്നദ്ധ പ്രവർത്തകർക്കും പരിശീലനം ലഭിച്ചു എന്നുറപ്പാക്കണം. രോഗികളുടെ ചികിത്സക്ക് വേണ്ട നിർദ്ദേശങ്ങൾ അതാതു ജില്ലയിലെ ഡോക്ടർമാർക്ക് ഫോൺ മുഖാന്തരം നൽകുവാൻ കഴിയും.
ഇസഞ്ജീവിനി പ്ലാറ്റ്‌ഫോമും ഉപയോഗപ്പെടുത്തണം. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ, പ്രത്യേകിച്ചും പ്രായമായവർക്കും കിടപ്പ് രോഗികൾക്കും ആശുപത്രിയിലേക്ക് വരുത്താതെ വീടുകളിൽ എത്തിച്ചു വരുന്നു. സന്നദ്ധപ്രവത്തകർ സർക്കാർ ആശുപത്രികളും തദ്ദേശ സ്ഥാപനവുമായി ചേർന്ന് ഈ പദ്ധതിക്ക് വേണ്ട പിന്തുണ നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കോവിഡ് സാഹചര്യത്തിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ സഹകരണം കൂടി ഉറപ്പാക്കി രോഗീ പരിചരണം മെച്ചപ്പെടുത്തുന്നതിനാണ് യോഗം കൂടിയത്. കേരളത്തിലെ പാലിയേറ്റീവ് ഹോം കെയർ നടത്തുന്ന മുന്നൂറിലധികം സന്നദ്ധ സംഘടനകളിൽ നിന്ന് 650 ഓളം പേർ യോഗത്തിൽ പങ്കെടുത്തു.
English Summary:Ensuring scientific home care for palliative care patients: Minister Veena George
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.