7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

എന്റെ കേരളം അരങ്ങുണർന്നു; കൊല്ലത്ത് ആവേശോജ്വല തുടക്കം

Janayugom Webdesk
കൊല്ലം
May 15, 2025 9:26 am

സർക്കാരിൻറെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന എൻറെ കേരളം പ്രദർശന വിപണന മേളയുടെ കൊല്ലം ജില്ലയിലെ ഉദ്ഘാടനം ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ആശ്രാമം മൈതാനത്ത് വച്ച് നിർവഹിച്ചു. പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിലൂടെ ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുന്ന സർക്കാരാണ് കേരളത്തിനുള്ളതെന്ന് മന്ത്രി പറഞ്ഞു.  ക്ഷീര വികസന മന്ത്രി ജെ ചിഞ്ചു റാണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ വേദിയിൽ വേറിട്ട കലാപ്രകടനത്തോടെ അരങ്ങുണർന്നു. ഭിന്നശേഷിവിഭാഗത്തിലുള്ളവരുടെ ‘റിഥം’ കലാസംഘമാണ് വേദിയിലെത്തിയത്. സാമൂഹ്യനീതി വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.


പാട്ട്, ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ്, മിമിക്രി എന്നിവ അരങ്ങേറി. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വരുമാനം കണ്ടെത്തി നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കേരള സാമൂഹ്യ സുരക്ഷാമിഷനും കേരള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസബിലിറ്റിയും ചേർന്നാണ് മികവുറ്റവരെ തിരഞ്ഞെടുത്തത്. സർക്കാരുകൾ കഴിഞ്ഞ ഒമ്പതുവർഷകാലയളവിൽ ജില്ലയിൽ നടപ്പിലാക്കിയ വികസന-ജനക്ഷേമ‑സേവനപ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മേളയ്ക്കാണ് ആശ്രാമം മൈതാനം വേദിയാകുക. വിജ്ഞാന‑വിനോദപ്രദമായ കാഴ്ചകളും, വേറിട്ട രുചികളുടെഫുഡ് കോർട്ടുകളുമുണ്ടാകും. വിസ്മയ‑കൗതുകകാഴ്ചകൾക്കൊപ്പം വേറിട്ട കലാപരിപാടികൾ ദിവസവും വൈകിട്ട് ആസ്വദിക്കാം. പ്രവേശനം സൗജന്യം.

കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്ന വിവര‑പൊതുജനസമ്പർക്ക വകുപ്പിന്റെ പ്രദർശനം, കാർഷിക പ്രദർശന‑വിപണനമേള, സാംസ്കാരിക‑കലാപരിപാടികൾ, ഭക്ഷ്യമേള, പുസ്തകമേള, കായിക‑വിനോദ‑വിജ്ഞാന പരിപാടികൾ, കാരവൻടൂറിസം പ്രദർശനം, സ്റ്റാർട്ടപ്പ്മിഷൻ പ്രദർശനം, ശാസ്ത്ര‑സാങ്കേതിക പ്രദർശനങ്ങൾ, സ്പോർട്സ് പ്രദർശനം, പൊലീസ് ഡോഗ് ഷോ, മിനി തിയറ്റർ ഷോ, ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കായികവിനോദ മേഖല, തൽസമയ മത്സരങ്ങൾ, ക്വിസ്, ഇതരആക്ടിവിറ്റി കോർണറുകൾ, സെൽഫി പോയിന്റുകൾ എന്നിവയാണ് പ്രധാന ആകർഷണം.

കൂടാതെ, വിവിധ സർക്കാർ സേവനങ്ങൾ സൗജന്യമായി ലഭിക്കും. ആധാർ എൻ റോൾമെന്റ്, അപ്ഡേഷൻ, ആധാർ കാർഡ് പ്രിന്റിംഗ്, കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ (5 വയസ്സിൽ താഴെയുള്ളവർ), സംശയവിനാരണം, പ്രമേഹം, രക്താദിമർദം, ഹീമോഗ്ലോബിൻ പരിശോധന, ന്യൂട്രീഷ്യൻ കൗൺസിലിംഗ്, മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, ഇ‑ഹെൽത്ത് സേവനങ്ങൾ, മണ്ണ്പരിശോധന, കുടിവെള്ളം ഗുണനിലവാരപരിശോധന, വിവിധ ലൈസൻസുകൾ എടുക്കുന്നതിന് സംരംഭകർക്ക് ഉദ്യം, കെ-സ്വിഫ്റ്റ് രജിസ്ട്രേഷൻ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റുകൾ ചേർക്കൽ തുടങ്ങിയ ഒട്ടേറെ സേവനങ്ങളാണ് ഒരിടത്തുതന്നെ ലഭിക്കുക.

ചരിത്രത്തെ എഐയിലൂടെ പുനര്‍ നിര്‍മ്മിച്ച് ജയില്‍ വകുപ്പ്; കസബ സെല്ലിനുള്ളില്‍ ബേപ്പൂര്‍ സുല്‍ത്താന്‍

കഥകളുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ എഐയുടെ സഹായത്തോടെ പുനസൃഷ്ടിച്ച് ജയില്‍ വകുപ്പ്. സ്വാതന്ത്ര്യ സമരകാലത്ത് അഞ്ചൽപെട്ടിയില്‍ ആസിഡ് ഒഴിച്ച കുറ്റത്തിന് വൈക്കം മുഹമ്മദ് ബഷീർ കൊല്ലം കസബ ജയിലില്‍ തടവിൽക്കഴിഞ്ഞത് നൂറ്റാണ്ടിന് മുമ്പാണ്. പിന്നീട് കസബ ജയില്‍ ചരിത്രത്തിന്റെ ഭാഗമായി. കസബയും ബഷീറും സഹതടവുകാരായിരുന്ന സി കേശവനും പരവൂർ ടി കെ നാരായണപിള്ളയും എൻ ശ്രീകണ്ഠൻ നായരും ടി എം വർഗീസുമൊക്കെ എഐയുടെ സഹായത്തോടെ പുനർ നിർമ്മിക്കുമ്പോൾ കാഴ്ചക്കാരില്‍ അത് പുത്തന്‍ അനുഭവമായി.
സംസ്ഥാന സർക്കാരിന്റ നാലാം വാർഷികത്തോട് അനുബന്ധിച്ചു ആശ്രാമം മൈതാനത്തു നടക്കുന്ന പ്രദർശനമേളയിലെ വ്യത്യസ്ത അനുഭവമാണ് കൊല്ലം കസബ ജയില്‍.

ജില്ലാ പൊലീസിന്റെ സ്റ്റാളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് കഥകളിലും നോവലുകളിലും സിനിമകളിലും മാത്രം കണ്ടും കേട്ടും പരിചയമുള്ള രക്തം കട്ടപിടിച്ച ചുവരുകളോട് കൂടിയ സെല്ലാണ്. ബഷീറും കൂട്ടരും ഒന്നിച്ചിരുന്ന് കഥപറഞ്ഞ, പൊലീസുകാരന്റെ മകനെന്ന ചെറുകഥ പിറവിക്കൊണ്ട ആ സെൽ ദൃശ്യശ്രവ്യ അനുഭവത്തോടെ പുനർ നിർമ്മിച്ചിരിക്കുന്നു. ജില്ലാ ജയിലാണ് മറ്റൊരു കൗതുക കേന്ദ്രം. ജയിൽ വകുപ്പിന്റെ കസ്റ്റഡി, കറക്ഷൻ, റീഫോർമേഷൻ, റിഹാബിലിറ്റേഷൻ എന്നിവയാണ് തീം സ്റ്റാളിനുള്ളിലുള്ളത്. ജയിലിന്റെ പ്രവർത്തന മാതൃക വളരെ ലളിതമായാണ് ഒരുക്കിയിരിക്കുന്നത്. തടവുകാരുടെ സെല്ലും അവർ ഉപയോഗിക്കുന്ന പാത്രവും ഗ്ലാസും പായയും തുടങ്ങി മാനസികോല്ലാസത്തിനായുള്ള ക്യാരം ബോഡും ചെസും ഒക്കെ പ്രദർശനത്തിൽ ഇടം നേടി.

തൂക്കുമരത്തിന്റെ പ്രവർത്തന മാതൃകയും യഥാർഥ തൂക്കുകയർ അനുഭവിച്ചറിയാനുള്ള സൗകര്യവും ഇവിടെയുണ്ട്. കേസിൽപ്പെട്ടു ജയിലിനുള്ളിൽ പ്രവേശിക്കപ്പെട്ടിട്ടുള്ള അന്തേവാസികൾക്കും ബന്ധുക്കൾക്കും തമ്മിൽ കൂടിക്കാഴ്ച നടത്തുന്ന മുറി, ജയിലിൽ നിന്നും വിഡിയോ കോൺഫറൻസിങ് വഴി കോടതികളിൽ പ്രതികളെ ഹാജരാക്കുന്നതിനായുള്ള വിഡിയോ കോൺഫെറെൻസിങ് സ്റ്റുഡിയോ, കഴിഞ്ഞ നാലു വർഷമായി സംസ്ഥാന സർക്കാർ ജയിൽ വകുപ്പിലും ജില്ലാ ജയിലിലും കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലും നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിവരങ്ങൾ, ജില്ലാ ജയിലിന്റെ പ്രവർത്തന മാതൃക, കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിന്റെ ചെറു മാതൃക എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ലഹരിയുടെ ഉപയോഗവും അതിന്റെ പ്രത്യാഘാതങ്ങളും സന്ദർശകര ബോധ്യമാകുന്ന ബോധവൽക്കരണ ഗൈമും പ്രദർശനത്തിൽ വ്യത്യസ്തത പുലർത്തുന്നു.
തീം സ്റ്റാൾ, പ്രദർശന വിപണന സ്റ്റാൾ, ഫ്രീഡം ഫുഡ് കോർട്ട് എന്നിവയാണ് പൊലീസ് വകുപ്പും ജയിൽ വകുപ്പും തയ്യാറാക്കിയിരിക്കുന്നത്. വിപണന സ്റ്റാളിൽ അന്തേവാസികൾ നിർമ്മിച്ച കരകൗശല ഉല്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചറുകൾ, വസ്ത്രങ്ങൾ, സോപ്പുകൾ, സ്നോയിൽ, തേന്‍ എന്നിവയും പ്രദർശനത്തിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.