തോക്ക് എന്ന് കേള്‍ക്കുമ്പോള്‍ “അയ്യോ തോക്കോ” എന്ന് അത്ഭുതത്തോടെ തിരിച്ചു ചോദിക്കുന്നവരാണ് പലരും. പൊലീസിന്റെ തോക്കാണെങ്കിലോ പവര്‍ അല്പം കൂടുതലുമാണ്. എന്നാല്‍ സംസ്ഥാന പൊലീസിന്റെ പക്കലുള്ള തോക്കുകളുടെ ശേഖരം നേരില്‍ കാണാനും ആഗ്രഹത്തിന് ഒന്ന് പിടിച്ചു നോക്കാനുമൊക്കെ ഒരു സുവര്‍ണാവസരമുണ്ട്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന മേളയില്‍ തോക്കുകളുടെ ശേഖരം പരിചയപ്പെടാന്‍ കഴിയും. റഷ്യന്‍ നിര്‍മ്മിത എകെ 47, ഇന്ത്യന്‍ നിര്‍മ്മിത തോക്ക് മുതല്‍ ഏറ്റവും ആധുനിക തോക്കും അതിലുപയോഗിക്കുന്ന തിരകളും പൊലിസിന്റെ സ്റ്റാളില്‍ കാണാന്‍ കഴിയും. ഇവ എങ്ങനെയാണ് ഉപയോഗിക്കുന്നതുള്‍പ്പെടെ തോക്കിന്റെ ചരിത്രവും ഭുമിശാസ്തവുമെല്ലാം ഉദ്യോഗസ്ഥര്‍ പറഞ്ഞു തരും. 30 തിരകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന എകെ 47, ഇസ്രയേല്‍ നിര്‍മിത എംപി 5 എ3, 20 തിരകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന എസ്എല്‍ആര്‍ സെമിഓട്ടോമാറ്റിക് ഗണ്‍ എന്നിവയും കൂട്ടത്തിലുണ്ട്. ഇത് ഇന്ത്യന്‍ നിര്‍മ്മിത തിരയാണ്. കൂട്ടത്തില്‍ ഏറ്റവും വലുത് മള്‍ട്ടി ഷെല്‍ ലോഞ്ചര്‍ ആണ്. ആറ് വലിയ തിരകള്‍ ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കും. തോക്കുകള്‍ക്കു പുറമെ പൊലീസിനെ പറ്റിയുള്ള എന്തും ഈ സ്റ്റാളില്‍ നിന്ന് അറിയാന്‍ കഴിയും. വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന പൊലീസ് സേവനങ്ങള്‍ മുതല്‍ ഫോറന്‍സിക് സയന്‍സിന്റെ രഹസ്യങ്ങള്‍ വരെ ഇവിടെ കാണാന്‍ കഴിയും. പൊലീസിന്റെ ആദ്യകാല ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം മുതല്‍ ആധുനിക വയര്‍ലെസ് സംവിധാനവും അടുത്തറിയേണ്ടതു തന്നെയാണ്. ശബ്ദതരംഗങ്ങളാല്‍ ആശയവിനിമയം നടത്തിയിരുന്ന ആദ്യകാല വയര്‍ലെസ് സെറ്റ് കൗതുകം തന്നെയാണ്. മിലിട്ടറിയിലും നേവിയിലും ഇതുതന്നെയാണ് നിലവില്‍ ഉപയോഗിക്കുന്നത്.
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വയര്‍ലെസ് സെറ്റ്, ഏറ്റവും പുതിയ ജിപിഎസ് ഘടിപ്പിച്ച വയര്‍ലെസ് സെറ്റ് എന്നിവയും പരിചയപ്പെടാന്‍ കഴിയും. കേസുകളിലും മറ്റും തുടര്‍ച്ചയായി കേള്‍ക്കുന്ന ഫിംഗര്‍ പ്രിന്റ് എന്ന സമ്പ്രദായത്തെക്കുറിച്ചും സ്റ്റാളില്‍ നിന്ന് അടുത്തറിയാനുള്ള അവസരമുണ്ട്. പൊലീസിന്റെ ഫിംഗര്‍ പ്രിന്റ് ബ്യൂറോ സ്റ്റാളിലുണ്ട്. കേരള പൊലീസിനു കീഴിലുള്ള സൈബര്‍ ഡോമിനു കീഴില്‍ പുതുതായി രൂപീകരിച്ചിട്ടുള്ള ഡ്രോണ്‍ ഫോറന്‍സിക് ലാബാണ് സ്റ്റാളിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. കുഞ്ഞന്‍ ഡ്രോണുകള്‍ മുതല്‍ വെള്ളത്തിനടിയില്‍ പരിശോധന നടത്താന്‍ കഴിയുന്ന ഹെവി ഡ്രോണ്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പരിശീലനത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളും ദുരന്തമേഖലകളില്‍ ഉപയോഗിക്കുന്ന ഡ്രോണുകളും ഉണ്ട്. നിലവില്‍ ആളുകളുടെ മുഖം കൂടി ഡ്രോണുകള്‍ വഴി കണ്ടെത്താന്‍ കഴിയുന്ന തരത്തിലേക്ക് കാമറ രൂപകല്‍പ്പന ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ നേരിടാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇവിടെ നിന്ന് ലഭിക്കും. കേരള പൊലീസിന്റെ ഓമനകളായ ശ്വാന വീരന്‍മാരുടെ അഭ്യാസ പ്രകടനങ്ങളും കാണികള്‍ക്ക് അത്ഭുത വിരുന്നൊരുക്കും. ഇങ്ങനെ വൈവിധ്യങ്ങളുടെ കലവറ നിറച്ച് പൊലീസിലെ ഓരോ യൂണിറ്റിനെയും അണിനിരത്തിയാണ് പൊലീസിന്റെ മേളയിലെ പ്രവര്‍ത്തനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.