
നഗരത്തെ ആവേശത്തിലാക്കി എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ സാംസ്കാരിക ഘോഷയാത്ര. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയുടെ പ്രചരണാർത്ഥം നടന്ന ഘോഷയാത്രയിൽ 15,000 ത്തോളം പേർ പങ്കെടുത്തു.
പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ബ്ലോക്കുകളും ഘോഷയാത്രയുടെ ഭാഗമായി. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുമുള്ള ജീവനക്കാർ വിവിധ നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയിൽ പങ്കെടുത്തു.
വൈകീട്ട് നാലരയോടെ നായ്ക്കനാലിൽ നിന്നാരംഭിച്ച ഘോഷയാത്ര തേക്കിൻകാട് വിദ്യാർത്ഥി കോർണറിലാണ് അവസാനിച്ചത്.
വാദ്യമേളങ്ങളോടെ ആരംഭിച്ച ഘോഷയാത്രയിൽ മുത്തുക്കുട, വട്ടമുടിയാട്ടം, തിറയും പൂതനും, നാടൻ കലാരൂപങ്ങളും നൃത്ത രൂപങ്ങൾ, കളരിപയറ്റ്, വർണ്ണബലൂണുകൾ, നാസിക് ദോൽ, ശിങ്കാരി മേളം, കലപ്പ ഏന്തിയ കർഷകർ, എന്നിവ ഘോഷയാത്രയുടെ പ്രൗഢിക്ക് മാറ്റുകൂട്ടി.
ജില്ലാ കുടുംബശ്രീ മിഷന്റെ ധീരം കരാട്ടേ സംഘം, രംഗശ്രീ നാടക സംഘം, മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ ഗ്രാമ വണ്ടി, ഫ്ലാഷ് മോബ് എന്നിവ ശ്രദ്ധേയമായി.
മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, എംഎൽഎമാരായ എ സി മൊയ്തീൻ, ഇ ടി ടൈസൺ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, യു ആർ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി മേനോൻ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു.
കേരളം തലകുനിക്കില്ലെന്നതിന്റെ ദൃശ്യ സാക്ഷാത്കാരമാണ് എന്റെ കേരളം പ്രദർശന മേള : മന്ത്രി കെ രാജൻ
കേരളം ഒന്നിന് മുന്നിലും തലകുനിക്കില്ലെന്നതിന്റെ ദൃശ്യ സാക്ഷാത്കാരമാണ് എന്റെ കേരളം പ്രദർശന മേളയെന്ന് റവന്യൂ മന്ത്രി കെ രാജൻ. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 18 മുതല്‍ 24 വരെ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന- വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആധുനിക കാലത്ത് അത്ഭുതപ്പെടുത്തുന്ന നിരവധി കേരള മോഡലുകൾ കഴിഞ്ഞ ഒമ്പത് വർഷത്തിൽ സാധ്യമാക്കിയ കരുത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പത്താം വർഷത്തിലേക്ക് കടക്കുന്നതെന്നും മന്ത്രി പറഞ്ഞു. 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ 1600 രൂപയായി വർധിപ്പിച്ചു. എല്ലാ മാസവും 60 കഴിഞ്ഞ 62 ലക്ഷം മനുഷ്യരുടെ കൈകളിലേക്ക് അഭിമാനത്തോടെ ക്ഷേമ പെൻഷൻ എത്തിക്കാൻ സാധിച്ചു. 2021ലെ പ്രകടനപത്രികയിൽ സാമൂഹിക പെൻഷൻ ഉയർത്താൻ നിശ്ചയിച്ചിരുന്ന യത്രതന്നെ ഉയർത്തി. കൊറോണക്കാലത്ത് ഒരു ജന്തു ജീവജാലങ്ങൾ പോലും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കിയ സർക്കാരാണ് നമ്മുടേത്. നവംബർ ഒന്ന് കഴിഞ്ഞാൽ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറുന്ന നാടിൻറെ പേരാണ് കേരളമെന്നും മന്ത്രി പഞ്ഞു.
ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ മൃഗശാലയായ പൂത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിന് നാടിന് സമർപ്പിക്കും. മൂന്നാമത്തെ സ്പോർട്സ് ഡിവിഷനായി അന്താരാഷ്ട്ര നിലവിലുള്ള പ്രത്യേകതകളോടുകൂടി കുന്നംകുളത്തെ സ്പോർട്സ് സ്റ്റേഡിയം മാറാൻ പോകുന്നു. തൃശൂരിലെ മെഡിക്കൽ കോളജ് കേന്ദ്രമാക്കി നൂറ് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ, കിഫ്ബിയിൽ നിന്ന് ഉൾപ്പെടുത്തി ജില്ലയിലെ റോഡുകളിലും മറ്റു മേഖലയിലും നടക്കുന്ന വികസന പ്രവർത്തനങ്ങൾ അടക്കം വലിയയ മാറ്റത്തിലേക്കാണ് നാട് പോവുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു രൂപ പോലും തരാതെ കേന്ദ്രം ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാലും അവസാനത്തെ ചൂരൽ മലയിലെ നിവാസിക്കും വീടുവെച്ച് നൽകാതെ സംസ്ഥാന സർക്കാർ ചുരം വിട്ട് ഇറങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു.
സര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു നല്‍കുന്ന രീതിയിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്‍ഇഡി വാളുകളില്‍ പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ 151 തീം — സ്റ്റാളുകളും 38 കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 189 സ്റ്റാളുകളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാണ്. ഭക്ഷ്യ കാര്‍ഷിക മേള, കലാ സാംസ്‌കാരിക പരിപാടികള്‍, സെമിനാര്‍, സിനിമാപ്രദര്‍ശനം എന്നിവ മേളയുടെ ഭാഗമായുണ്ട്. രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്.
എംഎൽഎമാരായ എ സി മൊയ്‌തീൻ, മുരളി പെരുനെല്ലി, ഇ ടി ടൈസൺ , യു ആർ പ്രദീപ്, എൻ കെ അക്ബർ, കെ കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, മുനിസിപ്പൽ ചെയർമാൻ ചേമ്പർ പ്രസിഡന്റ് എം കൃഷ്ണദാസ്, , ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ വി നഫീസ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എസ് ബസന്ത് ലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി വി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ ആർ രവി, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി മേനോൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.
ആസ്വാദകർക്കായി സിനിമ പ്രദർശനവും
എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ മിനി തിയേറ്റർ ആസ്വാദകർക്കായി പല കാലങ്ങളിലെ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫോർ കെ ദൃശ്യ മികവോടെ ഡിടിഎസ് സറൗണ്ട് സൗണ്ട് സിസ്റ്റവും തിയറ്ററിന്റെ പ്രത്യേകത. നൂറോളം പേർക്ക് സൗജന്യമായി സിനിമ ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്ന വിധത്തിലാണ് തീയേറ്ററിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.
രാമു കാര്യാട്ട്, കെ.എസ് സേതുമാധവൻ, അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ഭരതൻ, പി പത്മരാജൻ, എ കെ ലോഹിതദാസ്, ഹരിഹരൻ, സിദ്ധീക്ക് ലാൽ തുടങ്ങിയ സംവിധായകരുടെ സിനിമകൾ വിവിധ ദിനങ്ങളിലായി മേളയിൽ പ്രദർശിപ്പിക്കും. മേളയുടെ ഭാഗമായി നാളെ നടക്കുന്ന പ്രദർശനങ്ങൾ രാവിലെ 11 ന് അനുഭവങ്ങൾ പാളിച്ചകൾ, ഉച്ചയ്ക്ക് 1.30 ന് 1921, വൈകീട്ട് 4.30 ന് കിരീടം, രാത്രി 7 ന് വൈശാലി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.