23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 1, 2023
September 19, 2023
May 27, 2023
May 26, 2023
May 26, 2023
May 26, 2023
May 26, 2023
May 25, 2023
May 24, 2023
May 23, 2023

എന്റെ കേരളം മെഗാമേള; കാട്ടുമൃഗങ്ങളെ മയക്കുവെടിവയ്ക്കുന്നതെങ്ങനെ? കനകക്കുന്നിലെത്തിയാൽ ‘നേരിട്ട് മനസിലാക്കാം’

Janayugom Webdesk
May 24, 2023 8:31 pm

കാട്ടുകൊമ്പൻമാരെയും കാട്ടുപോത്തുകളെയുമൊക്കെ മയക്കു വെടിവെച്ചിടുന്നത് എങ്ങനെയെന്നറിയാൻ നിങ്ങൾക്കും അവസരം. കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാമേളയിൽ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലെത്തിയാൽ മനുഷ്യർക്ക് ഉപദ്രവമാകുന്ന മൃഗങ്ങളെ ക്യാപ്‌ച്ചർ ഗൺ ഉപയോഗിച്ച് മയക്കു വെടിവയ്ക്കുന്നത് എങ്ങനെയെന്ന് നേരിട്ട് കാണിച്ചു തരും. മയക്കു വെടി വയ്ക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്കിടയിലെ മിഥ്യാധാരണകളെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനിങ്ങ് നേടിയ ഉദ്യോഗസ്ഥർ സന്ദർശകർക്കായി കൃത്യമായ വിവരണത്തോടെയുള്ള പ്രകടനം കാഴ്ചവയ്ക്കുന്നത്.
27 വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണി മുതൽ പ്രകടനം ഉണ്ടാകും. ഇത് കൂടാതെ വൈവിധ്യമാർന്ന കാഴ്ചകളാണ് മൃഗസംരക്ഷണ വകുപ്പ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. കുഞ്ഞൻ ഫാൻസി മൈസ് മുതൽ ഭീമൻ ഇഗ്വാനയെ വരെ നേരിട്ട് കാണാനും പരിലാളിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. അപൂർവയിനം സ്കോട്ടിഷ് ഫോൾഡ് ഉൾപ്പെടെ അഞ്ചിനം പൂച്ചകളും, ഹാംസ്റ്ററുകളും, കോഴികളും, ഗ്രേ പാരറ്റ് ഉൾപ്പെടെയുള്ള പക്ഷികളും സന്ദർശകരെ കാത്തിരിപ്പുണ്ട്. ചാണകത്തിൽ നിന്ന് നിർമ്മിക്കാൻ കഴിയുന്ന മൂല്യ വർധിത ഉല്പന്നങ്ങളെ കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേകം സ്റ്റാളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ ഇന്ത്യൻ മൂർഖന്റേത് ഉൾപ്പെടെ ഫോർമാലിൻ ലായനിയിൽ സൂക്ഷിച്ച സ്പെസിമെനുകൾ, പാലിൽ അണുബാധയുണ്ടോ എന്നറിയാനുള്ള പരിശോധന കിറ്റ്, പശു, ആട് കോഴി എന്നിവയ്ക്ക് വരുന്ന വിവിധയിനം രോഗങ്ങൾക്കുള്ള വാക്സിനുകൾ, ആനയുടെ പല്ല്, വളർത്തു പക്ഷികളുടെ മുട്ടകൾ തുടങ്ങിയവയും പ്രദർശിപ്പിച്ചിട്ടുണ്ട്. കുട്ടികളെ രസിപ്പിക്കാൻ ക്വിസ് മത്സരവും കർഷകന്റെയും പശുവിന്റെയും മാതൃകക്ക് ഒപ്പമുള്ള ആകർഷകമായ സെൽഫി കോർണറും ഒരുക്കിയിട്ടുണ്ട്. ക്വിസ് മത്സരത്തിൽ ജയിക്കുന്നവർക്ക് സമ്മാനവും ഒരു സുന്ദരൻ കുതിരക്കൊപ്പം സെൽഫി എടുക്കാനുള്ള അവസരവുമുണ്ട്.
വയല്‍ക്കരയും പശുത്തൊഴുത്തും
കിളികളുടെ കലപിലയും; എന്റെ കേരളം മെഗാമേളയിലുണ്ടൊരു ‘കൃഷിവീട്’

തിരുവനന്തപുരം: യുവാക്കളെ കൃഷിയിലേക്ക് മാടിവിളിച്ച് കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ പ്രദര്‍ശന, വിപണന സ്റ്റാളുകള്‍ കനകക്കുന്നിലെ എന്റെ കേരളം മെഗാമേളയില്‍ സജീവമാകുന്നു. കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന സംയോജിത കൃഷിയിടം കുട്ടികള്‍ക്ക് പോലും കൗതുകക്കാഴ്ചയാവുകയാണ്. ഫലപ്രദമായി കൃഷിയിടത്തിന്റെ വിനിയോഗം എങ്ങനെ സാധ്യമാക്കാമെന്നതാണ് സംയോജിത കൃഷിയിടത്തിന്റെ പുനരാവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുന്നത്.
നെല്‍പ്പാടവും, ചെറിയ നീര്‍ച്ചാലുകളും, താറാവും, കോഴിയും, മുയലും, വെച്ചൂര്‍ പശുവും, കനേഡിയൻ കുള്ളൻ ആടുമൊക്കെയുള്ള ഒരു ഗ്രാമീണ ഭവനത്തിന്റെ മാതൃക. വീട്ടുടമയായ കര്‍ഷകന്‍ തന്റെ പരിമിതമായ സ്ഥലത്ത് എങ്ങനെയെല്ലാം വിവിധ തരം കൃഷികള്‍ ചെയ്യുന്നുവെന്നത് കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണ്. പുരയിടത്തിന്റെ വളരെ ചെറിയ ഭാഗത്ത് വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ നട്ടുവളര്‍ത്തുന്നു. കൂടാതെ തേനീച്ചക്കൂട്, ലവ് ബേര്‍ഡ്‌സ്, നെല്‍ക്കൃഷി, അസോള കൃഷി, പോളി ഹൗസ് മാതൃക, ബയോഗ്യാസ് പ്ലാന്റ്, പുഷ്പ കൃഷി, വെഞ്ച്വറി യൂണിറ്റ്, കിണര്‍ റീചാര്‍ജിങ്, ഫെന്‍സിങ് സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. നെല്‍വയലിലെ കാഴ്ചകള്‍ ഫാം ടൂറിസത്തിന്റെ അനന്തസാധ്യതകളെ തുറന്ന് കാട്ടുന്നു. വിരൂപാക്ഷി, നമ്രാലി, സന്ന ചെങ്കദളി, കൂമ്പില്ലാ കണ്ണന്‍ തുടങ്ങി വിവിധയിനം വാഴതൈകള്‍ 15 രൂപ മുതല്‍ ലഭ്യമാക്കുന്ന പാലോട് ബനാന ഫാമിന്റെ സ്റ്റാളുമുണ്ട്. ഇതിന് പുറമെ മാവ്, തെങ്ങ്, തായ്‌ലന്‍ഡ് ജാമ്പ, തായ്‌ലന്‍ഡ് റമ്പൂട്ടാന്‍, പാലോടന്‍ വരിക്ക, നാരകം, കറിവേപ്പില, പിച്ചി, മുല്ല എന്നിവയുടെ തൈകളും വാങ്ങാം. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ പെരിങ്ങമ്മലയിലുള്ള ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നും വിവിധ കാര്‍ഷിക വിളകളുടെ തൈകളും വിതരണത്തിന് എത്തിച്ചിട്ടുണ്ട്.

അൽഫോൺസയുണ്ട് മൽഗോവയുണ്ട് കല്ലാമയുണ്ട്…എടുക്കട്ടെ ഒരുകിലോ മാമ്പഴം?

തിരുവനന്തപുരം: മാമ്പഴപ്രേമികളെ ആകർഷിക്കാൻ കൊതിയൂറും മാമ്പഴ വൈവിധ്യവുമായി ഫോർട്ടികോർപ്പ്. മാമ്പഴ രാജാവ് അല്‍ഫോന്‍സാ മുതൽ സിന്ദൂര്‍, മല്ലിക, കല്ലാമ, മൽഗോവ തുടങ്ങി 12 ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയുമാണ് ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന‑വിപണന മേളയിൽ ഒരുക്കിയിരിക്കുന്നത്. നീലം, മൂവാണ്ടൻ, ബംഗാനപ്പള്ളി, കോട്ടൂകോണം മാമ്പഴങ്ങൾക്കാണ് ആവശ്യക്കാരേറെയുള്ളത്. പാലക്കാട്, മൂന്നാർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്ന് ഹോര്‍ട്ടികോര്‍പ് നേരിട്ട് ശേഖരിക്കുന്ന വിഷാംശമില്ലാതെ ജൈവ രീതിയില്‍ കൃഷി ചെയ്ത മാമ്പഴങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ഇനങ്ങൾക്കും വിപണി വിലയേക്കാൾ മികച്ച വിലക്കുറവിലാണ് വില്പന. 45 മുതൽ 160 രൂപ വരെ നൽകി മാമ്പഴം വാങ്ങാം.
കൂടാതെ, മേളയില്‍ ഇരട്ടി മധുരം പകര്‍ന്നു ഹോര്‍ട്ടികോര്‍പ്പിന്റെ ‘അമൃത്’ തേനും തേനിന്റെ മറ്റ് മൂല്യവര്‍ധിത ഉല്പന്നങ്ങളും വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ച് ശാസ്ത്രീയമായി നിര്‍മ്മിച്ച അഗ്‌മാര്‍ക്ക് ഗുണനിലവാര മുദ്രയോടുകൂടിയതാണ് ഹോര്‍ട്ടികോര്‍പ്പ് ‘അമൃത്’ തേന്‍. ചെറുതേനിനും കാട്ടുതേനിനും പുറമെ ചക്ക, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ തുടങ്ങിയവ കൊണ്ട് സംസ്കരിച്ച ഔഷധഗുണമേറിയ തേനും ഇവിടെ ലഭിക്കും.

വേരുകളിൽ നിന്ന് പ്രകൃതിദേവി,
കുട്ടിക്കൊമ്പനൊപ്പം സെൽഫി

തിരുവനന്തപുരം: എന്റെ കേരളം പ്രദർശന വിപണന മേളയിലെ വനം വകുപ്പിന്റെ സ്റ്റാളിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്ത് ഒരു കുട്ടി കൊമ്പനെ കാണാം. വേണമെങ്കിൽ ഒപ്പം നിന്നൊരു സെൽഫിയുമെടുക്കാം. ഉള്ളിലേക്ക് കടക്കുമ്പോൾ വീണ്ടും കൗതുകമുണർത്തി വേരിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ശില്പം. പ്രകൃതിദേവി എന്ന് പേരു നൽകിയിരിക്കുന്ന ഈ ശില്പത്തിന് മുന്നിലും ഫോട്ടോയെടുക്കാൻ നല്ല തിരക്കാണ്. പ്രത്യേകിച്ച് മേളയ്ക്കെത്തുന്ന കുട്ടികൾക്കാണ് പ്രകൃതി ദേവിയോട് കൂടുതൽ പ്രിയം. ഭൂമിയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഇലകളും വള്ളികളും പടർപ്പുകളും ചുറ്റിപിണഞ്ഞാണ് ശില്പത്തിന്റെ മാതൃക.
വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെയും വന്യ ജീവി ആക്രമണത്തിൽ ജീവഹാനിയോ പരിക്കോ സംഭവിച്ചാൽ നഷ്ട പരിഹാരം ലഭിക്കുന്നത് സംബന്ധിച്ചു അപേക്ഷ നൽകാനുള്ള വിവരങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ ’ സർപ്പ ’ ആപ്പിനെ കുറിച്ചുള്ള വിശദാംശങ്ങളും മേളയിലുണ്ട്. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി മാർഗനിർദേശങ്ങളും ഒരുക്കിയിട്ടുണ്ട്.
കേരള വനം ‑വന്യ ജീവി വകുപ്പിന്റെ വിപണന സ്റ്റാളായ വനശ്രീയും മേളയിലുണ്ട്. വൻതേൻ, ചെറുതേൻ, കുടമ്പുളി, കസ്തൂരി മഞ്ഞൾ, കുരുമുളക്, പുൽതൈലം, മറയൂർ ശർക്കര, രക്തചന്ദന പൊടി തുടങ്ങിയവയും വനശ്രീ സ്റ്റാളിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.