22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ആവേശമായി ആനി രാജയുടെ മണ്ഡലം പര്യടനം

Janayugom Webdesk
മുക്കം
March 2, 2024 8:32 pm

അണികളിലും അനുഭാവികളിലും ആവേശം വിതറി ആയിരങ്ങളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജയുടെ പര്യടനം. വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ പര്യടനത്തിന്റെ രണ്ടാം ദിവസമാണ് ജില്ലയിലെ തിരുവമ്പാടി അസംബ്ലി നിയോജക മണ്ഡലത്തിലെത്തിയത്. സമരമുഖങ്ങളിൽ, വിശിഷ്യാസ്ത്രീകളുടെയും മർദിതരുടെയും മത ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണ പോരാട്ടങ്ങളിൽ തീപന്തമായി ജ്വലിക്കുന്ന ആനി രാജയെ കാണാനും അവരുടെ വാക്കുകൾ ശ്രവിക്കാനും ചുട്ടുപൊള്ളുന്ന വെയിലും കൊടും ചൂടും അവഗണിച്ച് അനവധിയാളുകൾ ഓരോ കേന്ദ്രങ്ങളിലും കാത്തു നിന്നു.

 

 

ആദ്യ ദിവസമായ വെള്ളിയാഴ്ച വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കി രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ കോഴിക്കോടു ജില്ലയിലെത്തിയ ആനി രാജയെ അടിവാരത്തുവച്ച് എൽഡിഎഫ് നേതാക്കൾ സ്വീകരിച്ചാനയിച്ചു. പുതുപ്പാടി പഞ്ചായത്തിലെ അടിവാരം, വെസ്റ്റ് കൈതപൊയിൽ, ഈങ്ങാപുഴ, മലപുറം, കാവുംപുറം, കൊട്ടാരക്കോത്ത്, തെയ്യപ്പാറ, കോടഞ്ചേരി, നെല്ലി പൊയിൽ, പുല്ലൂരാമ്പാറ, പുന്നക്കൽ, കൂടരഞ്ഞി, കാരമൂല, കൂടങ്ങരമുക്ക്, തിരുവമ്പാടി, മരക്കാട്ടുപുറം, ചെറുപ്ര, അഗസ്ത്യൻ മുഴി, മുക്കം, നോർത്ത് കാരശ്ശേരി, കറുത്ത പറമ്പ്, ഗോതമ്പു റോഡ്, എരഞ്ഞിമാവ് എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രണ്ടു മണിയോടെ മലപ്പുറം ജില്ലയിൽ പ്രവേശിക്കുകയായായിരുന്നു.

തിരുവമ്പാടി മണ്ഡലം എംഎൽഎ ലിന്റോ ജോസഫ്, മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല, സി പി ഐ നേതാക്കളായ സത്യൻ മൊകേരി, ടി വി ബാലൻ, കെ കെ ബാലൻ, അഡ്വ. പി വസന്തം, അഡ്വ. പി ഗവാസ്, കെ മോഹനൻ, കെ ഷാജികുമാർ, സി പിഐ എം നേതാക്കളായ ടി വിശ്വനാഥൻ, വി കെ വിനോദ്, ജോണി ഇടശ്ശേരി, ആർ ജെ ഡി നേതാക്കളായ വി കുഞ്ഞാലി, പി എം തോമസ്, ഇളമന ഹരിദാസ്, ടാർസൻ ജോസ്, കേരള കോൺഗ്രസ് എം നേതാക്കളായ ടി എം ജോസഫ്, മാത്യു ചെമ്പോട്ടിക്കൽ, വിനോദ് കിഴക്കയിൽ, എൻ സി പി നേതാക്കളായ പി പി ജോയ് ഗുലാം ഹുസ്സയിൻ കൊളക്കാടൻ എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും സ്ഥാനാർത്ഥിയെ അനുഗമിക്കുകയും ചെയ്തു. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഊഷ്മളമായ സ്നേഹത്തിനും പിന്തുണയ്ക്കും ആനി രാജ നന്ദി പറഞ്ഞു.

കീഴ്പ്പള്ളിയിലെ വസതിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ മണത്തണയിലെത്തിയ ആനി രാജ മുതിർന്ന നേതാവ് വി. കെ രാഘവൻ വൈദ്യരെ സന്ദർശിച്ചു. തുടർന്ന് മണത്തണ ടൗണിൽ വെച്ച് പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു. കേന്ദ്രത്തിലെ ജനവിരുദ്ധവും വർഗീയ നിലപാട് തുടരുന്നതുമായ ഭരണത്തിനെതിരെയും കേരളത്തിലെ വികസന വിരുദ്ധരായ പ്രതിപക്ഷത്തിനെതിരെയും ജനവിധി ഉണ്ടാകുമെന്ന് ആനി രാജ പറഞ്ഞു.സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം അഡ്വ. പി. സന്തോഷ്‌ കുമാർ എം പി, സംസ്ഥാന എക്സി. അംഗം സി. പി മുരളി, ജില്ലാ സെക്രട്ടറി സി. പി സന്തോഷ്‌ കുമാർ, ജില്ലാ അസി. സെക്രട്ടറി കെ. ടി ജോസ്,ജില്ലാ എക്സി. അംഗങ്ങളായ അഡ്വ. വി. ഷാജി, എൻ. ഉഷ, മണ്ഡലം സെക്രട്ടറിമാരായ സി. കെ ചന്ദ്രൻ, പായം ബാബുരാജ്, കേരള മഹിളാസംഘം നേതാക്കളായ കെ. എം സപ്ന, കെ. മഹിജ,യുവാകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, ഡോ. ജി. ശിവരാമകൃഷ്ണൻ, ശങ്കർസ്റ്റാലിൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് മണത്തണയിൽ നിന്ന് സ്ഥാനാർഥിയെ ആനയിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ വയനാട് അതിർത്തിയായ ബോയിസ്ടൗണിലേക്ക് യാത്ര തിരിച്ചു. മഹിളാസംഘം സംസ്ഥാന ജോ. സെക്രട്ടറി എൻ. ഉഷ, ജില്ലാ സെക്രട്ടറി കെ. എം സപ്ന, ജില്ലാ കമ്മിറ്റി അംഗം ദേവിക കൃഷ്ണൻ,ആദിവാസി മഹാസഭ നേതാവ് എ. സി അനീഷ് വിവിധ വർഗ ബഹുജന സംഘടനകൾക്ക് വേണ്ടി ഷാൾ അണിയിച്ചു

Eng­lish Summary:Enthusiastic tour of Ani Raja constituency
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.