കാസർകോട് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആർആർടി അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇനി അനുവദിക്കുന്ന ആദ്യത്തെ ആർആർടി ജില്ലയ്ക്ക് ആയിരിക്കും. അതിനായി ജനപ്രതിനിധികളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. വനമേഖലയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് 640 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വെള്ളരിക്കുണ്ട് മിനി സിവിൽസ്റ്റേഷനിൽ വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു വനം മന്ത്രി. വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
വന്യമൃഗ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് ദീർഘകാല അടിസ്ഥാനത്തിൽ ഉള്ളതും ഹൃസ്വകാല അടിസ്ഥാനത്തിലു ഉള്ളതുമായ പദ്ധതികൾ നടപ്പിലാക്കും. വയനാട്ടിലും കണ്ണൂരിലും സമയബന്ധിതമായി നടപ്പിലാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട് ഇതേപോലുള്ള പദ്ധതികൾ കാസർകോട് ജില്ലയിലും ആവിഷ്കരിച്ച് നടപ്പാക്കും.
ജില്ലയിൽ നിലവിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രത്യേക ദ്രുത കർമ്മ സേനയുടെ പ്രൊപ്പോസൽ നൽകിയാൽ അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ പ്രതീക് ജയിൻ വിശിഷ്ടാതിഥിയായി. ജില്ലാപഞ്ചായത്ത് അംഗം ജോമോൻ ജോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ബളാൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം രാധാമണി, പഞ്ചായത്ത് വാർഡ്മെമ്പർ മോന്ഡസി ജോയ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ നേർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ സ്വാഗതവും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.