19 December 2024, Thursday
KSFE Galaxy Chits Banner 2

പോരാടണം വായുവിനും പരിസ്ഥിതിക്കും വേണ്ടി

Janayugom Webdesk
November 26, 2023 5:00 am

വികസനം, മൂലധനത്തിന്റെ അത്യാഗ്രഹങ്ങൾക്കൊപ്പം വിപണിയുടെ താല്പര്യങ്ങളിലും കേന്ദ്രീകൃതവുമാകുമ്പോൾ ജനജീവിതം അനുദിനം ദുരിതപൂർണമാകുകയാണ്. സുരക്ഷിതവും ശുദ്ധവുമായ വായു, ജലം, ഭൂമി എന്നീ അടിസ്ഥാന അവകാശങ്ങൾ പോലും ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. മുതലാളിത്ത ഭരണകർത്താക്കളാകട്ടെ എല്ലാം വാചകമടിയിൽ മാത്രം ഒതുക്കുന്നു. അവരുടെ നയങ്ങൾ ഒന്നിനുപുറകെ ഒന്നായി ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മാന്യമായ ജീവിതത്തിന്റെ എല്ലാ അടിസ്ഥാന ഘടനകളെയും തച്ചുടയ്ക്കുന്നു. കുന്നോളം പ്രസംഗിക്കുന്നു എന്നാൽ പ്രവർത്തിക്കുന്നത് കുന്നിക്കുരുവോളം മാത്രം. മോഡി സർക്കാരിന്റെ ചെയ്തികളിൽ ഇത് നന്നായി തെളിയുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ അധ്യായം മുതലാളിത്ത അത്യാഗ്രഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഭരണവഴികളിൽ ആവർത്തിക്കുന്ന അധാർമ്മികതകളെക്കുറിച്ചും ചർച്ച ചെയ്തിട്ടുണ്ട്. മാർക്സും ഏംഗൽസും ബൂർഷ്വാ ഭരണകൂടങ്ങളെ “മുതലാളിമാരുടെ പൊതുകാര്യങ്ങൾ നടപ്പിലാക്കുന്ന സമിതി” എന്ന് പോലും വിശേഷിപ്പിച്ചിരുന്നു. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സർക്കാർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഒട്ടേറെ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. 2014ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ, ‘ലോകത്തെ ജീവിക്കാനുള്ള മികച്ച ഇടമാക്കി മാറ്റണം. നമ്മുടെ ഭാവിതലമുറകൾക്കും ഉതകുന്ന മെച്ചപ്പെട്ട ഭൂമികയാകണം.

പരിസ്ഥിതിയും സ്ഥാപനങ്ങളും പരിപോഷിപ്പിക്കപ്പെടണം. കാലാവസ്ഥാ വ്യതിയാനം ഗൗരവത്തോടെ അഭിമുഖീകരിക്കണം. ആഗോള സമൂഹവുമായും സ്ഥാപനങ്ങളുമായും ഇക്കാര്യത്തിൽ യോജിച്ച് പ്രവർത്തിക്കും. ശാസ്ത്രീയാടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ സ്ഥാപിക്കും’ എന്നെല്ലാം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അധികാരത്തിൽ എത്തിയ ശേഷം ഇത്തരം ചിന്തകളിലേക്ക് തിരിഞ്ഞുനോക്കിയിട്ടേയില്ല. വനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിയമനിർമ്മാണങ്ങളെല്ലാം വനങ്ങളുടെയും പരിസ്ഥിതിയുടെയും മുടിവിനായിരുന്നു. ഗ്രേറ്റർ നിക്കോബാർ വികസന പദ്ധതി വായു, ജലം, തുടങ്ങിയ പാരിസ്ഥിതിക അവസ്ഥകളിൽ വിനാശകരമായ ആഘാതം സൃഷ്ടിച്ച് ദ്വീപുകളുടെ ജൈവവൈവിധ്യ സമൃദ്ധിയെ കശക്കിയുടച്ചു. സെൻട്രൽ വിസ്ത പദ്ധതി തലസ്ഥാന നഗരിയുടെ വ്യോമസുരക്ഷയ്ക്ക് സങ്കല്പിക്കാനാവാത്ത നാശമാണ് വരുത്തിയത്. 20,000 കോടിയുടെ ഈ പദ്ധതിക്കായി ഡൽഹിയിലെ പതിനായിരക്കണക്കിന് മരങ്ങൾ വെട്ടിവെളുപ്പിച്ചു. അതിനായി നിലവിലുള്ള നിയമങ്ങളിൽ നിന്നു മുഖംമറച്ച് 1899ലെ കാലഹരണപ്പെട്ട സർക്കാർ ബിൽഡിങ് ആക്ടിൽ അഭയം തേടുകയായിരുന്നു! തല്ലിപ്പൊളിച്ച് കുമിഞ്ഞ മാലിന്യം നോയിഡയിൽ മാത്രം 80,000 ടൺ ആയിരുന്നു.


ഇതുകൂടി വായിക്കൂ: മോഡിയുടെ അമൃത് കാലത്തെ പട്ടിണിയും തൊഴിലില്ലായ്മയും


പെരുകുന്ന വാഹനങ്ങളുടെ എണ്ണം, പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയവയൊന്നും കാണാതെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ വൈക്കോൽ കത്തിക്കുന്നതിനെയും കർഷകരെയും ചുറ്റിക്കറങ്ങുകയാണ്. ഇന്ത്യൻ നഗരങ്ങളിലെ വായു ഗുണനിലവാരത്തിന്റെ ദീനാവസ്ഥ ലാഭാധിഷ്ഠിത വികസനത്തിന്റെ അനന്തരഫലമാണ്. കാൻസർ, ശ്വാസകോശ രോഗങ്ങൾ, പക്ഷാഘാതം എന്നിവ വർധിക്കുന്നു. വൻ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം പ്രതിവർഷം ഏഴ് ദശലക്ഷം അകാല മരണങ്ങൾക്ക് കാരണമാകുന്നു. ഐക്യു എയർ ദ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിൽ ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ നാലാമത്തെ നഗരമാണ്. 2019ലാണ് ദേശീയ ശുദ്ധവായു പദ്ധതി (നാഷണൽ ക്ലീൻ എയർ പ്രോഗ്രാം) ആരംഭിച്ചത്. രാജ്യത്തെ മലിനമായ 131 നഗരങ്ങളെ ഉൾക്കൊള്ളിച്ചുള്ളതായിരുന്നു പദ്ധതി. എന്നാൽ കേന്ദ്രസർക്കാരിന്റെ തികഞ്ഞ അവഗണന കാരണം പദ്ധതി തുടങ്ങിയില്ല. ജി20ന് ഇന്ത്യ ആതിഥ്യമരുളുമ്പോൾ, നരേന്ദ്ര മോഡി ഘോരഘോരം പ്രസംഗിക്കുകയായിരുന്നു- ‘ഇന്ത്യ വിശ്വഗുരുവാണ്, എല്ലാ വികസന മാനദണ്ഡങ്ങളിലും മുന്നിൽ നിൽക്കുന്നു‘വെന്ന്.

എന്നാൽ യാഥാർത്ഥ്യം രാജ്യത്തെ തുറിച്ചു നോക്കുന്നു. ജനങ്ങളുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചുള്ള സുരക്ഷിതമായ (ശുദ്ധവായു) സാന്ദ്രതയുടെ അടുത്തെത്താൻ പോലും രാജ്യത്തെ അന്തരീക്ഷാവസ്ഥയ്ക്ക് കഴിഞ്ഞിട്ടില്ല. നിലവിലുള്ള അന്തരീക്ഷ മലിനീകരണത്തിന്റെ സാഹചര്യം ഭയാനകമാണ്. തങ്ങളുടെ കൂട്ടാളികളുടെ ലാഭമല്ല, ജനങ്ങളും അവരുടെ ജീവനുമാണ് പരമപ്രധാനമെന്ന് സർക്കാർ മനസിലാക്കണം. ഇക്കാര്യത്തിൽ ഗൗരവം കാണിക്കുന്നുണ്ടെങ്കിൽ, പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ സമയം കണ്ടെത്തണം. വായു ഗുണനിലവാരം വീണ്ടെടുക്കുന്നതിന് വിവിധ രാജ്യങ്ങൾ അനുവർത്തിക്കുന്ന യോഗ്യതയുള്ള സമ്പ്രദായങ്ങളുണ്ട്. അത്തരം കാര്യങ്ങൾ ഗൗരവമായി കാണണം. ഇത് പ്രവർത്തിക്കാനുള്ള സമയമാണ്, ആളുകൾക്ക് പ്രതീക്ഷ നൽകണം. നിലവാരമുള്ള വായുവിനും പരിസ്ഥിതിക്കും വേണ്ടിയുള്ള രാജ്യത്തിന്റെ പോരാട്ടത്തിന് കളമൊരുക്കാൻ പ്രധാനമന്ത്രി അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.