ന്യൂഡല്‍ഹി: രാജ്യത്തെ പലിശനിരക്ക് വര്‍ധനയ്ക്ക് ആനുപാതികമായി ഇപിഎഫ് പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷ പൊലിഞ്ഞു. 2022–23 സാമ്പത്തിക വര്‍ഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്കിലെ വര്‍ധന നാമമാത്രമായി ഒതുങ്ങി. 8.15 ശതമാനമാണ് പുതിയ നിരക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ബേസിസ് പോയിന്റിന്റെ വര്‍ധന മാത്രം വരുത്തി കണ്ണില്‍ പൊടിയിടുകയായിരുന്നു കേന്ദ്രം.
കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് നിരക്ക് പ്രാബല്യത്തിലാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.10 ശതമാനമായിരുന്നു പലിശ.
ബാങ്ക് പലിശനിരക്കുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിഎഫ് പലിശനിരക്കും ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഇപിഎഫില്‍ നിന്നും ഓഹരിവിപണിയിലുള്ള നിക്ഷേപത്തിന്റെ ലാഭനഷ്ടങ്ങള്‍ പലിശനിരക്ക് നിര്‍ണയത്തില്‍ കണക്കിലെടുക്കുന്നുണ്ട്. 40 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. ഇതില്‍ നിന്നും നേരിയമാറ്റം മാത്രമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പേരിന് ഉയര്‍ത്തിയെങ്കിലും നിക്ഷേപകരുടെ വരുമാനത്തില്‍ ഇത് കാര്യമായി പ്രതിഫലിക്കില്ല. ഒരു ലക്ഷം രൂപ പിഎഫ് നിക്ഷേപമായി അക്കൗണ്ടിലുള്ള വ്യക്തിക്ക് മുമ്പ് 8100 രൂപ വാര്‍ഷിക പലിശ ലഭിക്കുമായിരുന്നത് 8150 രൂപയാകും. വ്യത്യാസം കേവലം 50 രൂപ.
റിസര്‍വ് ബാങ്ക് കഴിഞ്ഞ മേയ് മുതല്‍ റിപ്പോ നിരക്ക് തുടര്‍ച്ചയായി കൂട്ടിയിരുന്നു. ഇക്കാലയളവില്‍ രണ്ടര ശതമാനമാണ് കൂട്ടിയത്. ഇതനുസരിച്ച് ബാങ്കുകളും വായ്പാ-നിക്ഷേപ പലിശ നിരക്കുകള്‍ കൂട്ടി. അതേസമയം ഇപിഎഫ്ഒ 8.1 ശതമാനം പലിശനിരക്ക് നിലനിര്‍ത്തുകയോ എട്ട് ശതമാനത്തിലേക്ക് കുറയ്ക്കുകയോ ചെയ്തേക്കുമെന്ന് നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു. പ്രതിഷേധം ഭയന്ന് വര്‍ധിപ്പിച്ചുവെന്ന് വരുത്തിത്തീര്‍ത്തിരിക്കുകയാണ് അധികാരികള്‍.
1977–78 സാമ്പത്തിക വര്‍ഷത്തിലായിരുന്നു ഇപിഎഫ് വരിക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്ക് നല്കിയത്. എട്ട് ശതമാനം ആയിരുന്നു അന്നത്തെ നിരക്ക്. 2016–17 വര്‍ഷത്തില്‍ 8.65 ശതമാനവും 2017–18‑ല്‍ 8.55 ശതമാനവും പലിശയാണ് നല്കിയത്. 2018–19ല്‍ നല്‍കിയ 8.65 ശതമാനത്തില്‍നിന്ന് 2019–20 ലാണ് 8.5 ശതമാനമായി കുറച്ചത്.
2022 ഏപ്രില്‍ മുതല്‍ 23 മാര്‍ച്ച് വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതിയ പലിശനിരക്ക് ബാധകം. മാസ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് കണക്കാക്കുന്നതെങ്കിലും വാര്‍ഷിക അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 ന് ആണ് നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് പലിശ എത്തുക. പണപ്പെരുപ്പം ഉയര്‍ന്നതോടെ റിപ്പോനിരക്കില്‍ വന്ന വ്യത്യാസം അനുസരിച്ച് നിലവില്‍ പല ബാങ്കുകളും സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇതേ പലിശ ഇപ്പോള്‍ നല്‍കുന്നുണ്ട്.
English Summary;EPF interest rate hiked to 8.15 percent
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.