21 January 2026, Wednesday

Related news

January 15, 2026
January 15, 2026
December 15, 2025
December 12, 2025
December 9, 2025
December 6, 2025
December 2, 2025
December 1, 2025
November 28, 2025
November 26, 2025

വെള്ളിത്തിരയിൽ കണിയൊരുക്കി വിഷുക്കാല സിനിമ

Janayugom Webdesk
മഹേഷ് കോട്ടയ്ക്കൽ
April 10, 2025 10:36 pm

വിഷുക്കാലത്ത് സിനിമാ ആസ്വാദകർക്ക് വെള്ളിത്തിരയിൽ കണിയൊരുക്കി ചലച്ചിത്ര മേഖല. ഇത്തവണ മലയാളി പ്രേക്ഷകർക്ക് വിഷുക്കെെനീട്ടമായി എത്തിയിരിക്കുന്നത് മൂന്ന് മലയാള സിനിമകളാണ്. ഇതിനൊപ്പം ഒരു തമിഴ് ചിത്രവും. വിഷുക്കാലത്തിന് മുമ്പേ തീയേറ്ററിലെത്തിയ, ചലച്ചിത്ര മേഖലയിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച എമ്പുരാനും ഒപ്പമുണ്ട്. താരസമ്പന്നമാണ് വിഷുദിനങ്ങൾ. കേരളത്തിലെ സിനിമ കൊട്ടകകളിൽ ആക്ഷനുണ്ട്, മാസുണ്ട്, കോമഡിയുണ്ട്. ഏത് ചിത്രം ആദ്യം കാണമെന്ന സംശയത്തിലാണ് ഓരോ പ്രേക്ഷകരും. മമ്മൂട്ടിച്ചിത്രം ‘ബസൂക്ക’, ബേസിൽ ജോസഫിന്റെ ‘മരണമാസ്’, നസ്ലിന്റെയും ടീമിന്റെയും ‘ആലപ്പുഴ ജിംഖാന’, എന്നിവയാണ് മലയാളത്തിലെ വിഷു റിലീസുകൾ. തമിഴിൽ അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയും കേരളക്കരയിലെ തിയേറ്ററുകളിൽ ഇന്നലെ റിലീസായിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് എല്ലാ സിനിമക്കും ലഭിച്ച് കൊണ്ടിരിക്കുന്നത്. പരീക്ഷാ ചൂടിന്റെ അവസാനവും നാട്ടിൻപുറങ്ങളിലെ ഉത്സവങ്ങളുമെല്ലാം വിഷുക്കാല ജീവിതത്തിന്റെ ഭാഗമാണെങ്കിൽ തിയേറ്ററുകളിലെത്തി വിഷു ചിത്രങ്ങൾ കാണുന്നതും മലയാളി ആഘോഷത്തിന്റെ ഭാഗമാണ്.

എമ്പുരാൻ തിയേറ്ററുകളിൽ എത്തിയതിന് ശേഷം പുത്തനുണർവിലാണ് ചലച്ചിത്രലോകം. നിലവിൽ കേരളത്തിൽ നിന്ന് മാത്രം 80 കോടിയിലധികം കളക്ഷൻ പിന്നിട്ടുവെന്നാണ് എമ്പുരാന്റെ അണിയറ പ്രവർത്തകർ പറയുന്നത്. വിഷുവിനൊപ്പം ഈസ്റ്റർ വേളയിലും പുതിയ ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നതോടെ ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾക്ക് ഏറെ ആശ്വാസമാകും. ഒപ്പം സ്വതന്ത്ര ചിന്തയിൽ ചിത്രം ഒരുക്കാൻ സാധ്യമാകുമോ എന്ന ആശങ്കയും ചലച്ചിത്ര പ്രവർത്തകർക്കിടയിലുണ്ട്. ഇത്തരം ഒരു ചിന്തയിലേക്ക് നയിച്ചത് എമ്പുരാനുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങൾ തന്നെയാണ്. ഈ വിവാദങ്ങളൊന്നും ആരാധകരെ തെല്ലും ഏശിയില്ല എന്ന വിധത്തിലുള്ള റിപ്പോർട്ടുകളാണ് ഓരോ ചലച്ചിത്ര പ്രവർത്തകരേയും ആവേശത്തിലാക്കുന്നത്.
ബസൂക്ക

ഒരുകാലത്ത് പ്രേക്ഷകർ കാത്തിരുന്ന കോംബോ ആയിരുന്നു മമ്മൂട്ടിയും തിരക്കഥാകൃത്ത് കലൂർ ഡെന്നീസും. തലമുറ മാറ്റത്തിൽ കലൂർ ഡെന്നിസിന്റെ മകൻ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. തീർത്തും ഫാൻമെയ്ഡായുള്ള ചിത്രത്തിൽ സ്റ്റൈലിഷ് മാസ് ലുക്കിൽ മമ്മൂട്ടിയെ കാണാം. ഗെയ്‌മിങ്ങുമായി ബന്ധപ്പെ‌ട്ട് നീങ്ങുന്ന ഒരു സ്റ്റോറി. അവിടെ ആക്ഷനും മാസും കാണാം. ഗൗതം വാസുദേവ മേനോൻ, ബാബു ആന്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആലപ്പുഴ ജിംഖാന

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്ലിൻ നായകനാകുന്ന ആലപ്പുഴ ജിംഖാന പുതുതലമുറ ഏറെ കാത്തിരുന്ന ചിത്രമാണ്. കുറച്ച് ചെറുപ്പക്കാർ, അവിടെ പ്രണയമുണ്ട്, കോമഡിയുണ്ട് മലയാളി പ്രേക്ഷകർ ആഗ്രഹിക്കുന്ന ചേരുവകളുണ്ട് എ‌ന്നുതന്നെ പറയാം. ഒപ്പം ബോക്സിങ്ങിലുള്ള ആകാംക്ഷകളും എടുത്ത് പറയേണ്ടതാണ്. ചിത്രത്തിന്റെ ഒഴുക്കും ബോക്സിങ്ങ് പ്രമേയത്തിലൂടെയാണ്. ചിത്രത്തിൽ ലുക്മാൻ അവറാൻ, ഗണപതി എസ് പൊതുവാൾ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മരണമാസ്

ബേസിൽ ജോസഫിന്റെ മരണമാസ് പ്രേക്ഷകർ കോമഡി ചിത്രമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ചിത്രമാണ്. പ്രധാനമായും കുടുംബ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രം ഇന്നലെ തിയേറ്ററുകളിലെത്തി. സീരിയൽ കില്ലറിലൂടെയുള്ള കഥയുടെ ഒഴുക്കാണ് ചിത്രം. നിലവിൽ കണ്ട് ശീലിച്ച കോമഡി ചേരുവകളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നവാഗതനായ ശിവപ്രസാദ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം നടൻ ടൊവിനോ തോമസ് ആണ്. നടൻ സിജു സണ്ണി കഥയെഴുതി സിജുവും ശിവപ്രസാദും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരും വേഷമിടുന്നു.

ഗുഡ് ബാഡ് അഗ്ലി

തമിഴ് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയും തിയേറ്ററുകളിലെത്തി. മാർക്ക് ആന്റണിക്കു ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണ് ഗുഡ് ബാഡ് അഗ്ലി. അജിത്ത് നായകനാകുന്ന സിനിമയിൽ തൃഷയാണ് നായിക. വിഷുവിന് ശേഷം ഈസ്റ്റർ റിലീസായി നവാഗതനായ സേതുനാഥ് പത്മകുമാർ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച് ആസിഫ് അലി നായകനാകുന്ന ചിത്രമായ ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലെത്തും. അന്തരിച്ച ജോസഫ് മനു സംവിധാനം ചെയ്ത് അഹാന കൃഷ്ണ നായികയായ നാൻസി റാണി എന്ന ചിത്രവും ഈസ്റ്റർ റിലീസ് ആയി തിയേറ്ററിൽ എത്തുമെന്ന് സൂചനയുണ്ട്.

ആഭ്യന്തര കുറ്റവാളി 17നും, ഹത്തനെ ഉദയ 18 നും തിയേറ്ററിലെത്തും. വരും ദിവസങ്ങളിൽ പടക്കുതിര, തെളിവ് സഹിതം, ദി പെറ്റ് ഡിറ്റക്ടീവ്, ഹിമുക്രി, എന്നീ ചിത്രങ്ങളും തിയേറ്ററിൽ എത്തുന്നുമെന്നാണ് റിപ്പോർട്ടുകൾ.
നാട്യധർമ്മി ക്രിയേഷൻസിന്റെ ബാനറിൽ കുഞ്ഞിരാമ പണിക്കർ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഹത്തനെ ഉദയ’. കാസർകോട് തൃക്കരിപ്പൂർ നാടക കലാകാരന്മാരുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വടക്കേ മലബാറിലെ പൗരാണികമായ നേർക്കാഴ്ചകളാണ് ദൃശ്യവൽക്കരിക്കുന്നത്.
ഏപ്രിൽ ഒടുവിലത്തെ ആഴ്ച പടക്കുതിര, ദി പെറ്റ് ഡിറ്റക്ടീവ്, ഹിമുക്രി, തെളിവ് സഹിതം എന്നീ ചിത്രങ്ങളും തിയേറ്ററിൽ ആളെ എത്തിക്കും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.