രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് സൈനിക കേന്ദ്രങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്ന സുപ്രധാന ചരിത്രനിമിഷങ്ങളെയും തുടച്ച് മാറ്റാന്‍ കേന്ദ്ര ശ്രമം.
പതിറ്റാണ്ടുകളായി സൈനികമേധാവിയുടെ മുറി അലങ്കരിച്ചിരുന്ന പാക് സൈന്യത്തിന്റെ കീഴടങ്ങല്‍ ചിത്രമാണ് ഒരു സുപ്രഭാതത്തില്‍ നീക്കം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ സുപ്രധാന സൈനിക വിജയത്തിന് പിന്നാലെ 1971 ഡിസംബര്‍ 16ന് പാകിസ്ഥാന്‍ സൈന്യം ധാക്കയില്‍ കീഴടങ്ങുന്നതിന്റെ ചിത്രത്തിന് പകരം മഹാഭാരതത്തിലെ ധര്‍മ്മോപദേശമാണ് ഇവിടെ പുതിയതായി ചേര്‍ത്തിരിക്കുന്നത്. നേപ്പാള്‍ സൈനിക മേധാവിയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ഉപേന്ദ്രദ്വിവേദിയുമായി എടുത്ത ഫോട്ടോയിലാണ് പശ്ചാത്തല ചിത്രത്തിന് മാറ്റം വന്നതായി ശ്രദ്ധയില്‍പ്പെട്ടത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും വിദേശ പ്രതിനിധികളുമൊക്കെ വര്‍ഷങ്ങളായി ഈ ഫോട്ടോയ്ക്ക് മുന്നില്‍ നിന്ന് ചിത്രങ്ങളെടുത്തിരുന്നു.
ദ ടെലഗ്രാഫ് ആണ് ഇതുസംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ ചിത്രത്തില്‍ ലഡാക്കിലെ പാങ്ഗോങ് തടാകക്കരയിലെ ഹെലികോപ്റ്ററുകള്‍, ടാങ്കുകള്‍, കാവിയുടുത്ത സന്ന്യാസി, പക്ഷി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ കീഴില്‍ ഇന്ത്യ കൈവരിച്ച സൈനിക നേട്ടത്തെ മറയ്ക്കാനുള്ള രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ് ചിത്രം മാറ്റിയതെന്ന് ഒരു മുന്‍ ബ്രിഗേഡിയറെ ഉദ്ധരിച്ച് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ സൈനിക വിജയത്തിന്റെയും കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായും ഇന്ന് വിജയ് ദിവസ് ആഘോഷിക്കാനിരിക്കെയാണ് പുതിയമാറ്റമെന്നതും ശ്രദ്ധേയമാണ്. ഈ ചിത്രം സൈനിക മേധാവിയുടെ മുറിയില്‍ സ്ഥാപിച്ചതിനെതിരെയോ നീക്കം ചെയ്യാനോ സൈനികനേതൃത്വം മുതിര്‍ന്നില്ലയെന്നതും ഞെട്ടിപ്പിക്കുന്നതാണെന്ന് മുന്‍ ബ്രിഗേഡിയര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.