27 December 2025, Saturday

ഇസഞ്ജീവനി: ലക്ഷ്യങ്ങള്‍ കെെവരിക്കാന്‍ ഡോക്ടര്‍മാരില്‍ സമ്മര്‍ദ്ദം

Janayugom Webdesk
ന്യൂഡല്‍ഹി
January 13, 2023 9:40 pm

കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ടെലി മെഡിസിന്‍ സംരംഭം സമ്പൂര്‍ണ പരാജയം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇ സഞ്ജീവനി പദ്ധതിയില്‍, 2020 ഏപ്രിലിലാണ് ഇ സഞ്ജീവനി ഒപിഡി എന്ന പേരില്‍ ടെലിമെഡിസിൻ സൗകര്യം ഉള്‍പ്പെടുത്തുന്നത്.
ജനുവരി 10 ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇ സഞ്ജീവനി ആരംഭിച്ചതിന് ശേഷം ഒമ്പത് കോടി ഓണ്‍ലെെന്‍ കൺസൾട്ടേഷനുകൾ നടത്തിയതായി പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഒരു കോടി കൺസൾട്ടേഷനുകൾ കഴിഞ്ഞ അഞ്ചാഴ്ചയ്ക്കുള്ളിലാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വാര്‍ത്താ പോര്‍ട്ടലായ സ്ക്രോള്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പദ്ധതി വിജയമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ സാധരണ ഒപി രോഗികളെ ഓണ്‍ലെെന്‍ കണ്‍സള്‍ട്ടേഷനായി രജിസ്റ്റര്‍ ചെയ്യുകയാണ് രീതി. ഡോക്ടര്‍-ടു-ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകളും ഇ സഞ്ജീവനി ഒപി സൗകര്യവും വലിയ തോതിൽ പരാജയപ്പെട്ടുവെന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളിലേയും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം കേരളമടക്കം ഏതാനും സംസ്ഥാനങ്ങളില്‍ പദ്ധതി വിജയകരമായി തന്നെ മുന്നോട്ടുനീങ്ങുന്നുമുണ്ട്.
ഇ‑സഞ്ജീവനി ഒപിഡി പോർട്ടലിൽ 2021 ജൂലൈയിലാണ് ഏറ്റവും കൂടുതൽ രോഗികള്‍ (2.37 ലക്ഷം) ലോഗിന്‍ ചെയ്തത്. രണ്ടാം കോവിഡ് തരംഗം ഏറ്റവും രൂക്ഷമായ കാലയളവായിരുന്നു ഇത്. 2022 ജൂലൈയില്‍ പ്രതിമാസ രോഗികളുടെ എണ്ണം 61.7 ശതമാനം കുറഞ്ഞതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2020 മുതൽ 2022 ഓഗസ്റ്റ് വരെ 10,000 ൽ താഴെ രോഗികളാണ് ടെലിമെഡിസിന്‍ സേവനം ഉപയോഗപ്പെടുത്തിയത്. 

മഹാരാഷ്ട്രയിലെയും ഗുജറാത്തിലേയും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ടെലിമെഡിസിന്‍ സേവന ലക്ഷ്യങ്ങള്‍ കെെവരിക്കാന്‍ കടുത്ത സമ്മര്‍ദ്ദം അഭിമുഖീകരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിദിനം അഞ്ച് ഇ സഞ്ജീവനി കൺസൾട്ടേഷനുകളാണ് ലക്ഷ്യമിടുന്നതെന്ന് ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർ പറയുന്നു. ലക്ഷ്യം കൈവരിക്കുന്നതിനായി വിദഗ്ദ്ധാഭിപ്രായം ആവശ്യമില്ലാത്ത രോഗികളെയോ അല്ലെങ്കിൽ ഇതിനകം പരിശോധിച്ച രോഗികളെയോ ഓൺലൈൻ കൺസൾട്ടേഷനുകളായി രജിസ്റ്റർ ചെയ്യും. ഓൺലൈൻ കൺസൾട്ടേഷൻ റൂമിൽ ഭൂരിഭാഗം സമയത്തും ഡോക്ടർമാര്‍ ഉണ്ടാവില്ലെന്നും ആരോഗ്യ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മഹാരാഷ്ട്രയിലെ ഒരു മെഡിക്കൽ ഓഫീസർക്ക് പ്രതിദിനം 10 കോളുകൾ എന്ന ലക്ഷ്യം നല്‍കിയിട്ടുണ്ടെന്ന് വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമ്മർദ്ദം കാരണം ഒരേസമയം നേരിട്ടും ഓണ്‍ലെെനിലും കൺസൾട്ടേഷനുകള്‍ നടത്തേണ്ട അവസ്ഥയാണ് ഡോക്ടര്‍മാരുടേത്.
ഗ്രാമ‑നഗര ആരോഗ്യ വിഭജനം നികത്തുക എന്ന ആശയവുമായി ആരംഭിച്ച ഇസഞ്ജീവനി പോർട്ടലിൽ 14,188 റഫറൽ സെന്ററുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 1.09 ലക്ഷം ആരോഗ്യ‑ക്ഷേമ കേന്ദ്രങ്ങളുണ്ട്. എന്നാൽ പലപ്പോഴും ഉപകേന്ദ്രങ്ങളിലെ ഡോക്ടർമാർക്ക് വിദഗ്‍ധ നിര്‍ദേശത്തിനായി ഓണ്‍ലെെനായി ഡോക്ടര്‍മാരെ ലഭ്യമാകുന്നില്ലെന്നതാണ് യഥാര്‍ത്ഥ വസ്തുത. 

Eng­lish Sum­ma­ry: Esan­jeevi­ni: Pres­sure on doc­tors to meet targets

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.