യൂറോപ്യന്‍ നീര്‍നായയുടെ സാന്നിധ്യം കേരളത്തില്‍. യൂറേഷ്യൻ നീർനായ എന്നറിയപ്പെടുന്ന ഇവയെ ഇടുക്കിയിലെ ചിന്നാർ വന്യജീവി സാങ്കേതത്തിൽ നിന്നും കേരള കാർഷിക സർവകലാശാല, വനശാസ്ത്ര കോളേജിലെ വന്യജീവി ശാസ്ത്ര വിഭാഗം മേധാവി ഡോ. പി ഒ നമീറിന്റ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥിയായ ശ്രീഹരി കെ മോഹൻ, പക്ഷി നിരീക്ഷകരായ ലതീഷ് ആർ നാഥ്, സുബിൻ കെ എസ്, ശ്രീകുമാർ കെ ഗോവിന്ദൻകുട്ടി എന്നിവരാണ് കണ്ടെത്തിയത്. ലൂട്ര ലൂട്ര എന്നാണ് ശാസ്ത്ര നാമം. പശ്ചിമഘട്ടത്തിൽ അത്യപൂർവമായ യൂറാഷ്യൻ നീർനായയുടെ ഈ കണ്ടെത്തൽ കേരളത്തിലെ സസ്തനികളുടെ പട്ടികയിലേക്ക് ഒരതിഥിയെ കൂടി സമ്മാനിച്ചിരിക്കുകയാണ്. നാട്ടു നീർനായ, മല നീർനായ എന്നിവയുൾപ്പെടെ കേരളത്തിൽ കാണപ്പെടുന്ന നീർനായ ഇനങ്ങൾ ഇതോടെ മൂന്നായി. ഉൾക്കാടുകളിലെ ചെറിയ അരുവികളെ ആശ്രയിച്ചു കഴിയുന്ന ഇവ വളരെ നാണം കുണുങ്ങികളും രാത്രികാലങ്ങളിൽ ഇര തേടുന്നവരുമാണ്.
20ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സസ്തനികളുടെ കണക്കെടുപ്പിലാണ് പശ്ചിമഘട്ടത്തിൽ യൂറേഷ്യൻ നീർനായയുടെ സാനിധ്യം പഠനവിധേയമാക്കിയിട്ടുള്ളത്. ഈ പഠനങ്ങൾ പ്രകാരം അന്ന് കർണാടകയിലെ കൂർഗ്, തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 70 ഓളം വർഷങ്ങൾക്കു ശേഷം 2017 ൽ തമിഴ്നാട്ടിലെ വാൽപാറയിലെ വച്ച് വാഹനമിടിച്ചു ചത്ത ഒരു നീർനായ ഡിഎൻഎ പഠനത്തിലൂടെ അത് യൂറേഷ്യൻ നീർനായ ആണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ, നാളിതുവരെയും കേരളത്തിൽനിന്ന് ഇവയുടെ ചിത്രങ്ങളോ ഔദ്യോഗിക രേഖകളോ ലഭിച്ചിട്ടില്ല. ചിന്നാർ വന്യജീവി സാങ്കേതത്തിൽ നിന്നുള്ള ഈ കണ്ടെത്തൽ യൂറേഷ്യൻ നീർനായയുടെ കേരളത്തിലെ തന്നെ ആദ്യ ഔദ്യോഗിക രേഖയാണ്. മാത്രമല്ല, നീണ്ട 70 വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായാണ് പശ്ചിമഘട്ടത്തിൽ ഇവയെ ജീവനോട് കണ്ടെത്തിയിരിക്കുന്നത്.
ഈ കണ്ടെത്തൽ അന്താരാഷ്ട്ര ജേർണൽ ആയ ജേർണൽ ഓഫ് ത്രെറ്റൻഡ് ടാക്സയുടെ ഡിസംബർ എഡിഷനിൽ പ്രസിദ്ധീകരിച്ചു. യൂറേഷ്യൻ നീർനായയെ കുറിച്ചുള്ള തുടർന്നുള്ള ഗവേഷണങ്ങൾക്കും അവയുടെ വർഗീകരണം, എണ്ണം, വിന്യാസം, സ്വഭാവം എന്നിവയെ കുറിച്ചുള്ള വിശദമായ പഠനങ്ങൾക്കും ഈ ലേഖനം ഊന്നൽ നൽകുന്നു. ഇതിനു പുറമെ പശ്ചിമ ഘട്ടത്തിലെ ഉയർന്ന വിതാനങ്ങളിലെ പുഴയോര കാടുകളെ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ശാസ്ത്ര ലേഖനം ചർച്ച ചെയ്യുന്നു.
English Summary: Eurasian water buffalo found in Kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.