
ഇന്ത്യയില്‍ നിന്നുള്ള പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയേക്കും. ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ക്രൂഡ് ഓയില്‍ സംസ്കരിച്ച് റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ്. ഈ സ്വകാര്യ കമ്പനികളുടെ കൊള്ളലാഭത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
പെട്രോളിയം, ഗാസോലിന്‍ ഇവയിലേതായാലും റഷ്യന്‍ ക്രൂഡ് ഓയില്‍ ഉപയോഗിച്ച് തയ്യാറാക്കി ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ഉപരോധത്തിന്റെ ലംഘനമാണ്. അംഗരാജ്യങ്ങള്‍ ഇതില്‍ നിന്ന് പിന്മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രി ജോസഫ് ബോറെല്‍ പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പാണ് ബോറെല്‍ പ്രസ്താവന നടത്തിയത്.
എന്നാല്‍ റഷ്യയില്‍ നിന്നുവാങ്ങുന്ന ക്രൂഡ് ഓയില്‍ ഇന്ത്യന്‍ റിഫൈനറികളില്‍ വച്ച് ഉല്പന്നമാക്കിയാല്‍ അവയെ ഇന്ത്യന്‍ വസ്തുക്കളായാണ് കണക്കാക്കുന്നതെന്ന് ബോറെലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ പ്രതികരിച്ചു. വിലക്കുറവില്‍ കിട്ടുന്ന ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്ന് വാങ്ങുന്നതിന് എതിര്‍പ്പില്ലെന്നും അവ ഉയര്‍ന്ന വിലയില്‍ ഉല്പന്നങ്ങളാക്കി ഞങ്ങള്‍ക്ക് വില്‍ക്കുന്നതിലാണ് എതിര്‍പ്പെന്നും ബോറെല്‍ പറഞ്ഞു. ആഗോള വിപണിയെക്കാള്‍ കുറഞ്ഞ വിലയിലാണ് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ലഭിക്കുന്നതെന്നാണ് ഇന്ത്യയുടെ വാദം. എന്നാല്‍ ഈ കാലയളവില്‍ ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവൊന്നും വരുത്തിയിട്ടില്ല.
ഇറക്കുമതിയില്‍ റെക്കോഡ് വര്‍ധന
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിയില്‍ കഴിഞ്ഞ മാസം റെക്കോഡ് വര്‍ധന. ഏപ്രിലില്‍ മാത്രം പ്രതിദിനം 1.9 ദശലക്ഷം ബാരല്‍ റഷ്യന്‍ ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
മാര്‍ച്ച് മാസത്തേക്കാള്‍ 4.4 ശതമാനം വര്‍ധനയാണിത്. രാജ്യത്തിന് ആകെ ആവശ്യമായതിന്റെ അഞ്ചില്‍ രണ്ട് ഭാഗവും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. തുടര്‍ച്ചയായ എട്ടാം മാസമാണ് ഇന്ധന ഇറക്കുമതിയില്‍ റഷ്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇറാഖും സൗദിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
English Summary: Europe will ban Indian petroleum
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.