
ആറളം പട്ടികവർഗ പുനരധിവാസ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യം പൂർത്തിയായില്ല. 3375 കുടുംബങ്ങൾക്കാണ് ഇവിടെ ഭൂമി നൽകിയിട്ടുള്ളത്. നിലവിൽ 1800 ഓളം കുടുംബങ്ങൾ സ്ഥിരമായി താമസിക്കുന്നു. ചിലർ അവർക്ക് ലഭിച്ച ഭൂമിയിൽ വന്ന് ആദായമെടുത്ത് തിരിച്ചു പോകുന്നു. വീട് ലഭിച്ചെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇവിടെ ലഭ്യമായിട്ടില്ല.
2002 മുതൽ കൊടുമ്പിരി കൊണ്ട ആദിവാസി ഭൂസമരങ്ങൾക്ക് ഒടുവിലാണ് 2004ൽ എ കെ ആന്റണി സർക്കാർ ആറളം കാർഷിക ഫാം കേന്ദ്രസർക്കാരിൽ നിന്നും വിലയ്ക്ക് വാങ്ങാൻ തീരുമാനിച്ചത്. 42.9 കോടി രൂപ നൽകി പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാർഷിക ഫാം എന്ന് ഖ്യാതി നേടിയ ആറളം വിലയ്ക്ക് വാങ്ങി.
2006ൽ ആദ്യഘട്ടം എന്നുള്ള നിലയിൽ ഉമ്മൻചാണ്ടി സർക്കാർ 840 പട്ടികവർഗ കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകി. പിന്നീട് 2007ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണകാലത്ത് കണ്ണൂർ ജില്ലയിലെ 1717 കുടുംബങ്ങൾക്കും വയനാട് ജില്ലയിലെ 300 കുടുംബങ്ങൾക്കും പിന്നീട് ഘട്ടം ഘട്ടമായി 500ൽ പരം കുടുംബങ്ങൾക്കും ഭൂമി നൽകി. ഈ ഘട്ടത്തിൽ തന്നെ ഭൂമി നൽകിയവർക്ക് വീട് വയ്ക്കുന്നതിനുള്ള അനുമതിയും ലഭ്യമാക്കി. തുടക്കത്തിൽ നിർമ്മിതി കേന്ദ്രത്തെ ഭവന നിർമ്മാണം ഏൽപ്പിച്ചെങ്കിലും അഴിമതി ആരോപണമുയർന്നതിനാൽ ഒഴിവാക്കുകയും ഓരോ കുടുംബത്തിനും വീട് വയ്ക്കുന്നതിനുള്ള ധനസഹായം അനുവദിക്കുകയുണ്ടായെങ്കിലും അതൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല.
നിലവിൽ ഭവന നിർമ്മാണം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകൾക്കാണ് ഊന്നൽ നൽകേണ്ടത്. കുടിവെള്ളം പ്രശ്നം ഇപ്പോഴും രൂക്ഷമാണ്. ഭൂമി ലഭിച്ചവർക്ക് അവരുടെ പറമ്പുകളിൽ കിണർ കുഴിക്കുന്നതിന് വേണ്ടിയുള്ള മതിയായ ധനസഹായം നൽകിയാൽ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിയും. ആറളം കാർഷിക ഫാം നിലനിർത്തിയിരിക്കുന്നത് പുനരധിവസിക്കപ്പെടുന്ന കുടുംബങ്ങളിലെ ആളുകൾക്ക് തൊഴിൽ നൽകാനാണ്. എന്നാൽ നാമമാത്രമായ ആളുകൾക്ക് മാത്രമേ തൊഴിൽ ലഭ്യമാക്കിയിട്ടുള്ളൂ. ഒട്ടുമിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് അധ്യാപകരോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. ഇത് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിനും പഠനനിലവാരം കുറയുന്നതിനും കാരണമാകുന്നുണ്ട്. വൈദ്യുതി തകരാറുണ്ടായാൽ ഉടനടി പരിഹരിക്കുന്നതിനും സൗകര്യങ്ങളില്ല. കെഎസ്ഇബിയുടെ ഒരു സബ് സെന്റർ ഈ മേഖലയിൽ ഉണ്ടായാൽ ഈ പ്രശ്നത്തിന് പരിഹാരമാകും.
ആറളം മേഖലയിൽ 12 വർഷത്തിനിടെ 17 ജീവനുകളാണ് വന്യമൃഗ ആക്രമണത്തില്‍ പൊലിഞ്ഞത്. പുനരധിവാസ പ്രവർത്തനം നടത്തുമ്പോൾ ഇപ്പോൾ ആദിവാസികൾക്ക് നൽകിയ ഭൂമിയിൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവുമെന്ന് സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും വനംവകുപ്പും വ്യക്തമാക്കിയതാണ്. കാർഷിക ഫാം മാനേജ്മെന്റ് ഇടപെടലാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് ആരോപണം.
വനത്തോട് ചേർന്നുകിടക്കുന്ന ഭൂമിയാണ് ആളുകളെ പുനരധിവസിപ്പിക്കാൻ കണ്ടെത്തിയത്. അക്കാരണത്താൽ നൂറുകണക്കിന് ആളുകൾ മരണ ഭയത്താൽ ഉള്ളുരുകി ജീവിക്കേണ്ട അവസ്ഥയാണുള്ളത്. പുനരധിവസിക്കപ്പെട്ട ആദിവാസി വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങളും മറ്റും ലഭിക്കാൻ 60 കിലോമീറ്റർ അകലെ കണ്ണൂർ ജില്ലാ ആസ്ഥാനത്ത് എത്തേണ്ട അവസ്ഥയുമുണ്ട്.
എസ്‌ടി പ്രമോട്ടർമാരും സൈറ്റ് മാനേജരുടെ ഓഫിസും ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. പുനരധിവാസ മേഖലയിൽ മാത്രം ഒരു ട്രൈബൽ ഓഫിസും അനുബന്ധ സൗകര്യങ്ങളും ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ആരോഗ്യരംഗത്ത് ഒരു കുടുംബാരോഗ്യ കേന്ദ്രവും ഒരു ഹോമിയോ ആശുപത്രിയും ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അലോപ്പതി വിഭാഗത്തിൽ കിടത്തി ചികിത്സ സൗകര്യം ഇവിടെ ഒരുക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.